Your Image Description Your Image Description

തൊഴിലിടങ്ങളിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇന്റേണൽ പരാതിപരിഹാര കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാകണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതി ദേവി. എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന  വനിതാ കമ്മീഷൻ  സിറ്റിങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.

പരാതികൾ ഒത്തുതീർപ്പാക്കാനുള്ള ശ്രമമാണ് പലപ്പോളും നടന്ന് വരുന്നത്.  ഇതിലൂടെ കുറ്റവാളികൾ രക്ഷപ്പെടാനുള്ള സാധ്യത ഉണ്ടാവുകയാണ്.
ഗാർഹിക പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്നതിന്റെ മുഖ്യ കാരണം മദ്യപാനമായി കണ്ട് വരുന്നുണ്ട്.   അമ്മ മകനെ ഡി- അഡിക്ഷൻ സെന്ററിൽ ആക്കണമെന്ന് അവശ്യപ്പെട്ട് എത്തിയ പരാതികൾ  വരെ കമ്മിഷന് മുന്നിൽ ഇന്ന് എത്തിയിരുന്നു എന്നും കമ്മീഷൻ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ കുട്ടികളാണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നതെന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു.

ഗാർഹികപീഡനങ്ങൾ,
മാതാപിതാക്കളുടെ സംരക്ഷണം,  കുടുംബ പ്രശ്‌നങ്ങള്‍, മദ്യപാനം, അയല്‍ക്കാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍, സാമ്പത്തിക ക്രമക്കേട്, സ്വകാര്യ സ്ഥാപനങ്ങളില്‍ സ്ത്രീ തൊഴിലാളികള്‍ വരുമാന സംബന്ധമായി നേരിടുന്ന വിവേചനം തുടങ്ങിയ പരാതികളാണ് അദാലത്തില്‍ പരിഗണനയ്ക്ക് എത്തിയത്. സാമ്പത്തിക ഇടപാടുകളിൽ സ്ത്രീകൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും സ്ത്രീകൾ ഇത്തരത്തിൽ വഞ്ചിക്കപ്പെടുന്ന നിരവധി കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നുണ്ടെന്നും  കമ്മീഷൻ പറഞ്ഞു.

അദാലത്തിൽ 100 കേസുകളാണ് പരിഗണിച്ചത്. ഇതില്‍ 23 പരാതികള്‍ തീര്‍പ്പാക്കി. ഏഴ് പരാതികള്‍ പോലീസ് റിപ്പോര്‍ട്ടിനായി അയച്ചു ഒരു പരാതി നിയമ സഹായം ലഭ്യമാകുന്നതിന് വേണ്ടി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കൈ മാറിയിട്ടുണ്ട് . രണ്ട് പരാതികൾ കൗൺസലിങ്ങിനായി നിർദ്ദേശിച്ചു.

വനിതാ കമ്മിഷൻ  അംഗങ്ങളായ അഡ്വ. എലിസബത്ത് മാമൻ മത്തായി, അഡ്വ. ഇന്ദിര രവീന്ദ്രൻ, വി.ആർ മഹിളാമണി, വനിതാ കമ്മിഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, കൗണ്‍സലര്‍ ടി.എം. പ്രമോദ്, പാനല്‍ അഭിഭാഷകരായ അഡ്വ. വി.എ. അമ്പിളി, അഡ്വ. സ്മിത ഗോപി, അഡ്വ. പി. യമുന,  എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി

Leave a Reply

Your email address will not be published. Required fields are marked *