Your Image Description Your Image Description

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ അവലോകനം ചെയ്ത് കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അവലോകന യോഗം നടന്നത്. ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, സബ് കളക്ടര്‍, മറ്റ് മുതിര്‍ന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ ജില്ലയിലെ പ്രധാന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. തിരഞ്ഞെടുപ്പ് നിയമങ്ങള്‍, ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍ എന്നിവയൊക്കെ കര്‍ശനമായി പാലിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പ് നടപടികള്‍ സ്വീകരിക്കുന്നത് എന്നും, ഭരണപരവും സുരക്ഷാപരവുമായ ക്രമീകരണങ്ങളുടെ മുന്നൊരുക്കവും യോഗത്തില്‍ സിഇഒ വിലയിരുത്തി.

വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം, പോളിംഗ് സ്റ്റേഷനുകളുടെ ഒരുക്കം, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിന്യാസം, സുരക്ഷാ ക്രമീകരണങ്ങള്‍, വോട്ടര്‍ ബോധവല്‍ക്കരണ സംരംഭങ്ങള്‍ തുടങ്ങിയ നിര്‍ണായക വശങ്ങളെക്കുറിച്ചും യോഗം വിശദമായി ചര്‍ച്ച ചെയ്തു. സമാധാനപരമായ പോളിംഗ് ഉറപ്പാക്കുന്നതിനും മതിയായ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നടപടികളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചു. ബന്ധപ്പെട്ട എല്ലാ വകുപ്പുകളുമായി ഏകോപിപ്പിച്ച് നടപ്പിലാക്കുന്ന സമഗ്രമായ കര്‍മ്മ പദ്ധതിയെക്കുറിച്ച് ജില്ലാ കളക്ടര്‍ സിഇഒയെ അറിയിച്ചു.പ്രശ്‌നസാധ്യതയുള്ള സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥരെ വിന്യസിക്കുക, നിരീക്ഷണ സംവിധാനങ്ങള്‍ കാര്യക്ഷമമായി ഉപയോഗിക്കുക എന്നിവയുള്‍പ്പെടെ മതിയായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പ് നല്‍കി.

ജൂണ്‍ 19 നാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ 23 നാണ് വോട്ടെണ്ണല്‍. പി വി അന്‍വര്‍ രാജി വെച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂണ്‍ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂണ്‍ രണ്ടിനാണ് നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി. നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ അഞ്ചാണ്.

Leave a Reply

Your email address will not be published. Required fields are marked *