Your Image Description Your Image Description

കോഴിക്കോട്: വീട്ടിലിരുന്ന വാഹനത്തിന്റെ പേരില്‍ പെറ്റി കേസ് വന്നതിന് പിന്നാലെ കൊടുത്ത പരാതിയില്‍ പിടിയിലായത് തട്ടിപ്പ് കേസ് പ്രതികള്‍. കോഴിക്കോട് തലക്കുളത്തൂര്‍ നായനപറമ്പില്‍ ബൈത്തുല്‍ സുബൈദ വീട്ടില്‍ മുസ്സമ്മില്‍(53), അരക്കിണര്‍ സ്വദേശി കണ്ണഞ്ചേരി പറമ്പില്‍ ഹബീബ്(44) എന്നിവരാണ് കസബ പൊലീസിന്റെ പിടിയിലായത്. ഒളവണ്ണ സ്വദേശിയായ സുജിത്ത് കുമാറിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടറിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്.

സുജിത്ത് കുമാറിന്റെ വണ്ടിയുടെ പേരില്‍ പെറ്റി കേസ് വന്നതാണ് സത്യാവസ്ഥ പുറത്തറിയാന്‍ ഇടയാക്കിയത്. തുടര്‍ന്ന് ഇദ്ദേഹം കസബ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്. കസബ എസ്ഐ സനീഷ്, എഎസ്ഐമാരായ സജേഷ് കുമാര്‍, രാജേഷ്, സിപിഓ സുജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

മറ്റൊരു കേസില്‍ എഐ ക്യാമറയില്‍ പിടിവീഴാതിരിക്കാന്‍ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് ഗ്രീസ് തേച്ച് മറച്ചു. പരുമല സ്വദേശിയായ ജെസിബി ഓപ്പറേറ്ററെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. പത്തനംതിട്ട കുന്നന്താനത്ത് വച്ചാണ് മല്ലപ്പള്ളി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടിയത്. സ്ഥിരം ഹെല്‍മെറ്റ് വയ്ക്കാതെ യാത്ര ചെയ്യുന്ന ആളാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. നമ്പര്‍ പ്ലേറ്റ് മറച്ചു വച്ചതിന് 3000 രൂപ പിഴ, ഹെല്‍മറ്റ് വയ്ക്കാത്തതിന് 500 രൂപ പിഴ, നേരത്തെ നടത്തിയ നിയമലംഘനങ്ങള്‍ക്ക് 5000 രൂപ എന്നിവയ്ക്ക് പിഴ അടയ്ക്കാനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *