Your Image Description Your Image Description

മധ്യപ്രദേശിൽ  ദുരൂഹ സാഹചര്യത്തിൽ  കടുവയെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിനു പിന്നിൽ ദുർമന്ത്രവാദം എന്ന് സംശയം.കടുവയുടെ നഖങ്ങളും പല്ലുകളും മുറിച്ചുമാറ്റിയ നിലയിലാണുണ്ടായിരുന്നത്. ഒരു ഭാഗത്തെ തോലും മുറിച്ചുമാറ്റിയിരുന്നു. വികൃതമാക്കിയ നിലയിലാണ് കടുവയുടെ ജഡം ഉദ്യോഗസ്ഥർ കണ്ടെടുത്തത്. കടുവയുടെ മരണം സ്വാഭാവികമാണെന്ന് വ്യക്തമായിരുന്നു. പക്ഷെ ജഡത്തിന്റെ അവശിഷ്ടങ്ങളുടെ അവസ്ഥ ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും പോലീസുകാരെയും ആശയക്കുഴപ്പത്തിലാക്കിയതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തിനൊടുവിൽ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തത് ഈ കേസിനെ വൻ വഴിത്തിരിവിലേക്ക് നയിക്കുകയായിരുന്നു.അന്ധവിശ്വാസത്തെ തുടർന്നാണ് കടുവയുടെ പല്ലും നഖങ്ങളും ഇവർ മുറിച്ചത് എന്നാണ് മൊഴി.

ഭാര്യമാരെ നിയന്ത്രിക്കാൻ ഈ പല്ലും നഖങ്ങളും ഉപയോഗിക്കാനാവുമെന്ന് കരുതിയതായി പ്രതികളിൽ രണ്ടുപേർ സമ്മതിച്ചിട്ടുണ്ട്. പ്രതികളായ രാജ് കുമാറും ഝാം സിങ്ങുമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദാമ്പത്യ ജീവിതത്തിൽ പുരുഷന് കൂടുതൽ അധികാരം കടുവ നഖങ്ങൾ വഴി ലഭിക്കുമെന്ന് ഒരു മന്ത്രവാദി ഉപദേശിച്ചതായും ഇതിനെ തുടർന്നാണ് ഇത്തരമൊരു കൃത്യം ചെയ്തതെന്നും ഇരുവരും മൊഴി നൽകിയിട്ടുണ്ട്. സിയോണി ജില്ലയിലെ പെഞ്ച് ടൈഗർ റിസർവിലെ ബഫർ സോണിൽ നിന്ന് ഏപ്രിൽ 26 നാണ് കടുവയുടെ ജഡം കണ്ടെത്തിയത്. തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തിന് പ്രദേശവാസികളിൽ നിന്നാണ് കേസിലെ പ്രധാനപ്പെട്ട ചില സൂചനകൾ ലഭിച്ചത്. നാട്ടുകാരനിൽ നിന്ന് ലഭിച്ച സൂചയിൽ നിന്നാണ് പ്രതികളിലേക്കെത്തിയത്.

കടുവയുടെ നഖങ്ങൾ, മൂന്ന് പല്ലുകൾ, തോൽ എന്നിവ വിവിധ സ്ഥലങ്ങളിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു. കടുവയുടെ നഖങ്ങൾ ഉപയോഗിച്ചുകൊണ്ട് ചില കർമ്മങ്ങൾ ചെയ്താൽ ഭാര്യയെ അനുസരിപ്പിക്കാൻ കഴിയുമെന്നും ഭാര്യയ്ക്ക് മുകളിൽ കൂടുതൽ അധികാരം ലഭിക്കുമെന്നും മന്ത്രവാദി പറഞ്ഞുവെന്ന് കുമാർ മൊഴി നൽകി. ഭാര്യയ്ക്ക് അനുസരണയില്ലെന്ന് ഇയാൾ പരാതിപ്പെടുകയും ചെയ്തു.
കടുവ ചത്ത ദിവസം പ്രദേശവാസികളിൽ ചിലർക്കൊപ്പം കുമാറും സിങ്ങും ബഫർ സോണിൽ തന്നെ മീൻ പിടിക്കുന്നുണ്ടായിരുന്നു എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കടുവയുടെ ജഡം കണ്ട് അവർ അതിനടുത്തെത്താൻ നോക്കിയെങ്കിലും ആ സമയത്ത് ജഡത്തിനടുത്ത് മറ്റൊരു കടുവ ഉണ്ടായിരുന്നതിനാൽ പിൻവാങ്ങുകയായിരുന്നു. പിറ്റേന്ന് ഇരുവരും ഈ സ്ഥലത്തേക്ക് തിരിച്ചെത്തി നഖങ്ങളും പല്ലും മുറിച്ചുമാറ്റുകയായിരുന്നു. കർമ്മങ്ങൾ പൂർത്തിയാക്കാൻ മന്ത്രവാദി കടുവയുടെ തോൽ കൂടി ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ഇരുവരും വീണ്ടും കടുവയുടെ ജഡത്തിനരികിൽ ചെന്ന് തോലും കൊണ്ടുപോവുകയായിരുന്നു.
ദുർമന്ത്രവാദവും കർമ്മങ്ങളുമൊക്കെ ഈ പ്രദേശത്ത് സ്ഥിരമാണെന്ന് വനപാലകർ പറയുന്നുണ്ട്. ‘ബ്ലാക്ക് മാജിക്’ നടത്താൻ കടുവകളെയും പുള്ളിപ്പുലികളെയും പ്രദേശവാസികൾ മുൻപും പല തവണ വേട്ടയാടിയിട്ടുണ്ട്. പക്ഷെ, ഭാര്യയെ നിയന്ത്രിക്കാൻ വേണ്ടി കർമ്മങ്ങൾ നടത്തുന്നത് ഇതാദ്യമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *