Your Image Description Your Image Description

അങ്ങനെ ആ മഹാ സംഭവം ഇന്ന് കോട്ടയത്ത് അരങ്ങേറി. പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നൊക്കെ പറഞ്ഞു കേട്ടിട്ടേയുള്ളൂ. യഥാർത്ഥത്തിൽ കണ്ടത് കോട്ടയത്താണ് . ഏതാനും നാൾ മുമ്പ് വി വി അഗസ്റ്റിന്റെ നേതൃത്വത്തിൽ ബിജെപി ആരംഭിച്ച പുതിയ പാർട്ടി അന്നുതന്നെ സ്വാഭാവിക മരണം പൂകിയിരുന്നു.

ഇന്ന് അത് പുതിയ പേരും രൂപവും ഭാവവും നൽകി വി വി അഗസ്റ്റിന്റെ പിതാവിന്റെ പ്രായമുള്ള പൊട്ടക്കുളം അപ്പച്ചന്റെ നേതൃത്വത്തിൽ പൊട്ടിമുളച്ചു . കർഷകർക്ക് വേണ്ടി കർഷകരാൽ സ്ഥാപിതമായ പാർട്ടി എന്ന് വേണമെങ്കിൽ പറയാം. ആശീർവദിച്ചു അനുഗ്രഹിക്കാൻ ആലഞ്ചേരി പിതാവ് നേരിട്ടെത്തുമെന്ന് സംഘാടകര്‍ അവകാശപ്പെട്ടിരുന്നുവെങ്കിലും ശക്തമായ ബഹുജനങ്ങളുടെ എതിർപ്പ് മാനിച്ച് അദ്ദേഹം എത്തിയില്ല .

ഒരു കണക്കിന് നന്നായി. അദ്ദേഹം ഐശ്വര്യമായി കൈവച്ചുത് ഒന്നും മോശം വന്നിട്ടില്ല. എറണാകുളം അങ്കമാലി അതിരൂപതയുടെ കാര്യം തന്നെ നമുക്കെല്ലാവർക്കുമറിയാമല്ലോ . 2016 ൽ അദ്ദേഹത്തിന്റെ അനുഗ്രഹത്താൽ കേരളത്തിന് മറ്റൊരു കേരള കോൺഗ്രസ് പാർട്ടിയെ കൂടി കിട്ടിയിരുന്നു.

ജനാധിപത്യ കേരള കോൺഗ്രസ്. സത്യത്തിൽ അന്ന് ജനാധിപത്യ കേരള കോൺഗ്രസിന്റെ ആദ്യ ചെയർമാൻ ആകേണ്ടിയിരുന്നത് ആലഞ്ചേരി പിതാവ് തന്നെയായിരുന്നു. കെഎം മാണി എന്ന വട വൃക്ഷത്തോടുള്ള അസൂയ മൂലം അദ്ദേഹത്തിന്റെ കൂടെ നിന്ന കുറെ പേരെ പിടിച്ചെടുത്ത് പുതിയൊരു പാർട്ടിക്ക് രൂപം നൽകുകയായിരുന്നു ചെയ്തത് .

അന്നും ഈ ആശിർവാദമൊക്കെ നൽകിയിരുന്നു. അന്ന് ആലഞ്ചേരി പിതാവ് സ്വകാര്യമായി ഒരാളോട് പറഞ്ഞ ഒരു കാര്യമുണ്ട്. ഇത്രയും പ്രായമായില്ലേ ഇയാൾക്ക് ഇതെല്ലാം ഫ്രാൻസിസ് ജോർജിനെ ഏൽപ്പിച്ചിട്ട് വിശ്രമിക്കാൻ മേലെയെന്ന് , മാണിയുടെ കാര്യമാ പറഞ്ഞത് .. അത് കേട്ടയാൾ അന്ന് മനസ്സിൽ പറഞ്ഞ ഒരു കാര്യമായിരുന്നു എറണാകുരൂപതയിലെ വൈദികർ പിന്നീട് ചെയ്തത്.

ആലഞ്ചേരി പിതാവ് ആത്മീയ വഴിവിട്ട് രാഷ്ട്രീയ വഴിയിലേക്ക് പ്രവേശിച്ചത് കൊണ്ടാണ് എറണാകുളം അങ്കമാലി അതിരൂപതാ കച്ചേരി ആൺ പിള്ളേര് കൈവശപ്പെടുത്തിയത്. പിതാക്കന്മാർ ഇനിയെങ്കിലും രാഷ്ട്രീയ മോഹം വിട്ട് ആത്മീയ പാതയിൽ തന്നെ സഞ്ചരിക്കണം.

ഭാരതീയ ജനതാ പാർട്ടിയോട് ആകെ ചോദിക്കാനുള്ള ഒരു ചോദ്യം , എന്തിനാണ് ഇങ്ങനെ ഒരു പ്രകസനം നടത്തുന്നതന്നാണ്. ആവുന്ന കാലത്ത് നാട്ടിലുള്ള മുഴുവൻ രാഷ്ട്രീയ പാർട്ടികളിലും കയറി ഇറങ്ങി കിട്ടാവുന്ന മുഴുവൻ സ്ഥാനമാനങ്ങളും കരസ്ഥമാക്കി. എന്നിട്ടും ഇനിയും ഒരു അംങ്കത്തിന് ബാല്യമുണ്ടന്നു പറഞ്ഞു ഗവർണറാകാനും, രാജ്യസഭാംഗമാകാനും മോഹിച്ചുകൊണ്ട് ഇറങ്ങി നടക്കുന്ന ഇവരെയൊക്കെ കൊണ്ട് പാർട്ടിക്ക് എന്ത് പ്രയോജനം ഉണ്ടാകും?

ഊന്നുവടിയുടെ സഹായമില്ലാതെ എഴുന്നേറ്റു നിൽക്കാൻ കൊള്ളാവുന്ന ആരെങ്കിലും ഉണ്ടോ ഇതിന്റെ കൂടെ. പരസഹായം ഇല്ലാതെ മൂത്രമൊഴിക്കാൻ പറ്റുന്നവരെ എങ്കിലും പാർട്ടി നയിക്കാൻ ഏർപ്പെടുത്തി മാനം രക്ഷപ്പെടുത്തണം.

ബിജെപിക്കു ഇന്നത്തെ നിലയിൽ ഇവിടെ 20 ശതമാനം വോട്ട് ഷെയർ സ്വന്തമായിട്ടുണ്ട്. കോൺഗ്രസ് മുന്നണിയുടെ കഴിവില്ലായ്മയും, ഭരണമുന്നണിയുടെ പിടിപ്പുകേടും മൂലം ബിജെപിക്ക് കേരളത്തിൽ കാലുകുത്താനുള്ള അവസരം ലഭിക്കാനിരിക്കുമ്പോൾ ഇതുപോലെയുള്ള പ്രജ്ഞ നഷ്ടപ്പെട്ടവരെ കൂടെക്കൂട്ടി ചീത്ത പേരുണ്ടാക്കരുത്.

ഇപ്പോൾ തന്നെ പിസി ജോർജിനെയും മകനെയും എടുത്തതിന്റെ ചീത്തപ്പേര് ബിജെപിക്ക് എത്രത്തോളമുണ്ടന്ന് ജനങ്ങളുമായി ഇടപഴകാത്തു കൊണ്ട് തലപ്പത്തിരിക്കുന്ന നിങ്ങൾക്കാർക്കും അറിയില്ല. പിസി ജോർജിനെയും മകനെയും എടുത്തത് കൊണ്ട് മാത്രം പാർട്ടിയിൽ ചേരാതെ ഇരിക്കുന്ന കുറെ മാന്യരായ രാഷ്ട്രീയക്കാരെ മധ്യകേരളത്തിൽ കണ്ടെത്താൻ സാധിക്കും.

ബിജെപിക്ക് അഭികാമ്യമായത് മറ്റൊന്നാണ്. യുവജനങ്ങളെ കൂടെ നിർത്താൻ കഴിവുള്ള കുറച്ചു ചെറുപ്പക്കാരെ കളത്തിൽ ഇറക്ക്. അത് നിങ്ങൾക്ക് പ്രയോജനം ചെയ്യും. ശരിക്കു പറയാണെങ്കിൽ വീട്ടുകാർക്ക് പോലും ഭാരമായി നിൽക്കുന്ന ഇത്രയും പ്രായമുള്ളവരെ ഉപയോഗിച്ച് നിങ്ങൾക്ക് ഒരു കരിയില പോലും അനക്കാൻ സാധിക്കില്ല.

സത്യത്തിൽ ഇവിടെ ഉപയോഗിക്കേണ്ട ഭാഷ പോലും ഇതല്ല. മാന്യതയുടെ അതിർവരമ്പ് വിട്ടു പോകരുതന്നുള്ളതു കൊണ്ട് മാത്രമാണ് മിതമായ ഭാഷ ഉപയോഗിക്കുന്നത്. ബിജെപിയുടെ ഏതു നേതാവ് ഇങ്ങനെ ഒരു തീരുമാനമെടുത്താലും അത് വിവരക്കേടാണെന്ന് മാത്രമേ പറയാൻ സാധിക്കുകയുള്ളൂ.

കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടിയിലും അദൃശ്യ അംഗത്വമുള്ള അറക്കൽ മെത്രാനെ കൊണ്ട് തന്നെ വേണം ആദ്യ അംഗത്വ വിതരണം നടത്താൻ. അടിസ്ഥാനപരമായി മനസ്സിലാക്കുക ഇവർക്കൊന്നും ആരോടും ഒരു ആത്മാർത്ഥതയും ഇല്ല. 75 വയസ്സിൽ മെത്രാൻ സ്ഥാനം ഒഴിവാകണം എന്നതുകൊണ്ടു മാത്രം ഒഴിവായതാണ്. അല്ലെങ്കിൽ ഇനിയും ഭരിച്ച് രൂപതയെ ഒരു വഴിക്ക് ആക്കിയേനെ.

മെത്രാന്മാരൊന്നും പറഞ്ഞാൽ കേരളത്തിലെ കത്തോലിക്ക വോട്ട് കിട്ടില്ല. അതിന് സഭയെ ചേർത്തുനിർത്തുകയും സഭാ മക്കൾക്ക് ആവശ്യമുള്ളത് നൽകുകയും ചെയ്യണം.
വന അതിർത്തിയിൽ താമസിക്കുന്ന കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാൻ തയ്യാറായി ഇറങ്ങിയാൽ ഒരുപറ്റം ജനമെങ്കിലും നിങ്ങളുടെ കൂടെ നിൽക്കും.

അതിന് ഇത്തരം വേഷംകെട്ടുകളൊന്നും ആവശ്യമില്ല. ഇപ്പോൾ ഇതിന്റെ മുന്നിൽ നിൽക്കുന്നവർക്ക് ഒരു ചാലക ശക്തിയായി പ്രവർത്തിച്ച് ആളാംപ്രതി10 വോട്ടുകൾ പോലും സ്വാധീനിക്കാനുള്ള കഴിവില്ലാത്തവരാണ്.

അധ്വാന വർഗ്ഗത്തെ കൂടെ നിർത്തുവാൻ അടവുകൾ വേറെ പ്രയോഗിക്കണം. രാഷ്ട്രീയപാർട്ടികൾ മാറിമാറി നടന്നു ചീത്തപ്പേര് കേൾപ്പിച്ചിട്ടുള്ള ഇവരോടല്ലാം പൊതുജനത്തിന് പുച്ഛമാണ്. ഈ അടിസ്ഥാന ബോധമെങ്കിലും എല്ലാ രാഷ്ട്രീയ പാർട്ടികൾക്ക് ഉണ്ടാകണം.

ആധുനിക യുഗത്തിലെ പുതിയൊരു രാഷ്ട്രീയപാർട്ടി പിറവിയെടുക്കുമ്പോൾ അതിനൊരു ടാഗ് ലൈൻ ആവശ്യമാണ് എന്നൊരു അഭിപ്രായം പുതിയ പാർട്ടി രൂപീകരണ വേളയിൽ അവർക്കുണ്ടായി. കേരളത്തിലെ പ്രശസ്തമായ ഒരു പരസ്യ ഏജൻസിയുമായി ചർച്ചചെയ്ത് ടാഗ് ലൈൻ എഴുതാൻ കൊടുത്തു. കോപ്പിറൈറ്റർ സംഘാടകരോട് വിവരങ്ങൾ എല്ലാം ചോദിച്ചറിഞ്ഞ് ഉടൻതന്നെ ഒരു വാചകം എഴുതി കയ്യിൽ കൊടുത്തു. ഈശോ മറിയം യൗസേപ്പേ,ഈ ആത്മാക്കൾക്ക് കൂട്ടായിരിക്കണേയെന്ന് .

Leave a Reply

Your email address will not be published. Required fields are marked *