Your Image Description Your Image Description

ആലപ്പുഴ: രാമങ്കരിയിൽ യുവതിയെ ഭർത്താവ് കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രാമങ്കരി പഞ്ചായത്ത് വേഴപ്ര കുരിശടിക്കു സമീപം അകത്തെപറമ്പിൽ (ചിറയിൽ) മതിമോൾ (വിദ്യ-43) കൊല്ലപ്പെട്ട സംഭവത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. കുടുംബവഴക്കും പെട്ടെന്നുണ്ടായ പ്രകോപനവുമാണ് ഭർത്താവ് സി.കെ. വിനോദ് യുവതിയെ കൊലപ്പെടുത്താൻ കാരണമെന്നാണ് പൊലീസ് പറയുന്നത്.

വിനോദിന് ഭാര്യയിലുള്ള സംശയമാണ് കുടുംബവഴക്കിലേക്ക് നയിച്ചത്. വഴക്ക് മൂർച്ഛിച്ചതോടെ വിനോദ് ഭാര്യയെ കുത്തിക്കൊല്ലുകയായിരുന്നു. ഇരുവരും ചേർന്ന് രാമങ്കരിയിൽ ഹോട്ടൽ നടത്തുകയായിരുന്നു. അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ ചികിത്സയിൽക്കഴിയുന്ന ഒരു ബന്ധുവിനെ കാണാൻ ബുധനാഴ്ച വിദ്യ പോയിരുന്നു. വിദ്യ ഓട്ടോറിക്ഷയിൽ പോകുന്നതിനിടെ വിനോദ് ഫോണിൽ വിളിച്ചിരുന്നു. അതിനുശേഷം വിനോദ് ഫോൺ കട്ടു ചെയ്തിരുന്നില്ല. മറ്റാരോടോ വിദ്യ സംസാരിക്കുന്നത് കട്ടുചെയ്യാതെവെച്ച ഫോണിലൂടെ വിനോദ് കേട്ടതാണ് പ്രകോപനത്തിനിടയാക്കിയത്. പിന്നീട് വീട്ടിലെത്തിയശേഷം ഇരുവരും തമ്മിൽ ഇക്കാര്യം പറഞ്ഞ് തർക്കമുണ്ടാകുകയും പ്രകോപിതനായ വിനോദ് വിദ്യയെ കത്തികൊണ്ട് കുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വയറ്റിലും കഴുത്തിലുമുൾപ്പെടെ എട്ട് കുത്തുകളുണ്ടായിരുന്നു. നാട്ടുകാർ ഉടൻതന്നെ രാമങ്കരി പോലീസിൽ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യയെ ഉടൻ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭഗത്, വൈഗ എന്നിവർ മക്കളാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വിദ്യയുടെ മണലാടിയിലെ കുടുംബ വീട്ടിൽ സംസ്‌കരിച്ചു. അറസ്റ്റിലായ സി.കെ. വിനോദിനെ റിമാൻഡു ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *