Your Image Description Your Image Description

അനുവാദമില്ലാതെ ത​ന്റെ അഞ്ചാം ക്ലാസ്സുകാരിയായ മകൾക്ക് സെക്സ് എജ്യുക്കേഷൻ പുസ്തകങ്ങൾ നൽകിയതിനെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്ക് വച്ച് അമ്മ. നെവാഡയിലെ ലാസ് വെഗാസിലുള്ള യുവതിയാണ് സ്കൂളിനെതിരെ വിമർശനവുമായി രം​ഗത്തെത്തിയത്. ഈ പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്.

തന്റെ അനുവാദമില്ലാതെയാണ് ആ പുസ്തകങ്ങൾ തന്റെ കുട്ടിക്ക് നൽകിയത് എന്നാണ് അവർ പറയുന്നത്. ‘സ്കൂളിൽ നിന്നും തന്റെ മകൾക്ക് നൽകിയതാണ് ഈ സെക്സ് എജ്യുക്കേഷൻ മെറ്റീരിയലുകൾ, ഇത് നൽകാൻ താൻ അനുവാദം നൽകിയിട്ടില്ല. സ്കൂളിലെ ആൺകുട്ടികൾക്കും ഇത് നൽകിയിട്ടുണ്ട്’ എന്നാണ് അമ്മ പറയുന്നത്.

പുസ്തകങ്ങളിൽ സ്ത്രീകളുടെ അനാട്ടമി വിശദമായി നൽകിയിട്ടുണ്ട്. അനുമതി തേടുന്ന സ്ലിപ്പ് ഒരു ഫീൽഡ് ട്രിപ്പിന്റെ സ്ലിപ്പിനൊപ്പമാണ് നൽകിയിരുന്നത്. ഒരു ബന്ധവുമില്ലാത്ത ഒന്നിനൊപ്പം. അതിനാലാണ് താനത് ശ്രദ്ധിക്കാതെ പോയത് എന്നും എന്തിനാണ് അഞ്ചാം ക്ലാസിലെ കുട്ടികളെ ഇത് പഠിപ്പിക്കുന്നത് എന്നുമാണ് യുവതിയുടെ ചോദ്യം.

ഒപ്പം സെക്സ് എജ്യുക്കേഷൻ മെറ്റീരിയലുകളുടെ ചിത്രങ്ങളും ഡെൽറ്റ ഒസിമോ എന്ന യുവതി എക്സിൽ (ട്വിറ്ററിൽ) പങ്കുവച്ചിട്ടുണ്ട്. അതേസമയം, നിരവധിപ്പേരാണ് യുവതിയെ അനുകൂലിച്ചും വിമർശിച്ചും പോസ്റ്റിന് കമന്റുകളുമായി എത്തിയത്. കുട്ടികൾക്ക് സെക്സ് എജ്യുക്കേഷൻ വളരെ ചെറുപ്പത്തിൽ തന്നെ നൽകുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് പരാമർശിച്ചുകൊണ്ടാണ് യുവതിയെ വിമർശിച്ചവർ കമന്റുകൾ നൽകിയിരിക്കുന്നത്.

ശരീരത്തിലെ മറ്റ് അവയവങ്ങളെ കുറിച്ച് പഠിപ്പിക്കുന്നതിന് പ്രത്യേകം അനുമതി തേടാറുണ്ടോ, പിന്നെ എന്തിനാണ് ഇത് പഠിപ്പിക്കുന്നതിന് പ്രത്യേകം അനുമതി എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. അഞ്ചാം ക്ലാസിലെ കുട്ടികളെ പഠിപ്പിക്കാനുള്ളതല്ല ഈ കാര്യങ്ങൾ എന്ന് പറഞ്ഞ് യുവതിയെ അനുകൂലിച്ചവരും ഉണ്ട്.

അതേസമയം, ലോകത്ത് എല്ലായിടത്തും സ്ത്രീകൾക്കും കുട്ടികൾക്കും നേരെ ലൈം​ഗികാതിക്രമങ്ങൾ ഏറിവരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് നിർബന്ധമായും സെക്സ് എജ്യുക്കേഷൻ നൽകണം എന്ന വാദം ശക്തിയാർജ്ജിച്ചു കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *