Your Image Description Your Image Description

ഡല്‍ഹി: പാകിസ്താന് വേണ്ടി ചാര പ്രവർത്തനം നടത്തിയ രണ്ട് പേരെ ഉത്തര്‍പ്രദേശ് പോലീസിന്റെ ഭീകരവിരുദ്ധസേന അറസ്റ്റ് ചെയ്‌തു. ഇതിൽ ഒരാള്‍ക്ക് ഇന്ത്യയില്‍ നിന്ന് പുറത്താക്കപ്പെട്ട പാകിസ്താന്‍ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥനുമായി അടുത്തബന്ധമെന്ന് കണ്ടെത്തി.

ഇന്ത്യയുടെ ആഭ്യന്തരസുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാനവിവരങ്ങള്‍ പാകിസ്താനുമായി പങ്കുവെച്ച കുറ്റത്തിനാണ് മുഹമ്മദ് ഹാറൂണ്‍, തുഫൈല്‍ എന്നിവര്‍ അറസ്റ്റിലായത്.

ഇന്ത്യ പുറത്താക്കിയ പാകിസ്താന്‍ എംബസ്സി ഉദ്യോഗസ്ഥനായ മുഹമ്മദ് ഹുസൈനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ് മുഹമ്മദ് ഹാറൂണ്‍. ഇന്ത്യയുടെ ആഭ്യന്തരസുരക്ഷയ്ക്ക് ഭീഷണിയാകാന്‍ തക്കവിധത്തിലുള്ള വിവരങ്ങള്‍ ഹാറൂണ്‍ പാകിസ്താന് കൈമാറി. 600 പാക് പൗരരുമായി ബന്ധം പുലര്‍ത്തിയിരുന്ന തുഫൈലിനെ വാരണാസിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

രാജ്ഘട്ട്, നമോഘട്ട്, ഗ്യാന്‍വാപി, റെയില്‍വേ സ്റ്റേഷന്‍, റെഡ് ഫോര്‍ട്ട് എന്നീ സ്ഥലങ്ങളുടെ ചിത്രങ്ങള്‍ പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് തുഫൈല്‍ അയച്ചുകൊടുത്തു. കൂടാതെ പാകിസ്താനി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്നുള്ള ലിങ്കുകള്‍ ഇയാള്‍ വാരണാസിയിലെ ഗ്രൂപ്പുകളിലേക്ക് പങ്കുവെച്ചിരുന്നു. ഈ ലിങ്കുകള്‍ വഴി ആളുകള്‍ക്ക് പാകിസ്താനുമായി ബന്ധപ്പെടുന്നതിനുവേണ്ടിയാണ് ലിങ്കുകള്‍ ഷെയര്‍ ചെയ്തിരുന്നത്.

പാക് സേനയില്‍ ജോലിചെയ്യുന്ന ഒരു വ്യക്തിയുടെ ഭാര്യയായ നഫീസ എന്ന സ്ത്രീയുമായി തുഫൈല്‍ നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ബാബറി മസ്ജിദ് തകര്‍ത്തതിനും ശരിയത്ത് നിയമം നടപ്പിലാക്കുന്നതിനും പ്രതികാരം ചെയ്യണമെന്ന തരത്തിലുള്ള സന്ദേശങ്ങളും ഇയാള്‍ പങ്കുവെച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *