Your Image Description Your Image Description

തിരുവനന്തപുരം: അന്തര്‍സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ മലയാളിയായ പ്രധാന കണ്ണി പിടിയിൽ. ചെന്നൈ വിമാനത്താവളത്തില്‍ വച്ചാണ് പിടിയിലായത്. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് നിഹാലാണ് അറസ്റ്റിലായത്. ഇന്നലെ വിദേശത്തുനിന്ന് ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ മുഹമ്മദ് നിഹാലിനെ പാറശ്ശാല പോലീസ് കസ്റ്റഡിയില്‍ എടുത്തു.

കേരള പോലീസ് പുറത്തിറക്കിയ ലുക്ക്ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവള അധികൃതര്‍ നിഹാലിനെ തടഞ്ഞുവെച്ചത്. പിന്നാലെ പാറശ്ശാല പോലീസ് ചെന്നൈയില്‍ എത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. നിഹാലിനെ വ്യാഴാഴ്ച പാറശ്ശാല സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

ഓഗസ്റ്റില്‍ രണ്ട് തിരുവനന്തപുരം സ്വദേശികള്‍ എംഡിഎംഎയുമായി പാറശ്ശാല പോലീസിന്റെ പിടിയിലായിരുന്നു. 47 ഗ്രാം എംഡിഎംഎ ആയിരുന്നു ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഇവരില്‍ നിന്നാണ് ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയായ നിഹാലിനെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.

ബെംഗളൂരു കേന്ദ്രീകരിച്ച് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് നിഹാല്‍. തന്നെ കേന്ദ്രീകരിച്ച് പോലീസിന്റെ അന്വേഷണം തുടങ്ങിയതായി മനസിലാക്കിയ ഘട്ടത്തില്‍ തന്നെ നിഹാല്‍ വിദേശത്തേക്ക് കടന്നിരുന്നു. പിന്നാലെയാണ് ഇയാള്‍ക്കെതിരെ പാറശ്ശാല പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇതിനുപിന്നാലെ ഇന്നലെ ചെന്നൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇയാളെ അധികൃതര്‍ തടഞ്ഞുവെക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *