Your Image Description Your Image Description

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ ജയിച്ചവർ മാത്രമല്ല വികസന പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങേണ്ടതെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ജയിച്ചവരും പരാജയപ്പെട്ടവരും ഒരുമിച്ച് പരിശ്രമിക്കുമ്പോഴാണ് ജനങ്ങൾക്ക് നന്മയുണ്ടാകുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയുടെ ഭാഗമായി നവീകരിച്ച ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷന്റെ ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഉണ്ടായ വികസനം എംഎല്‍എയെയും എംപിയെയും ഉത്തേജിപ്പിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം. ചിറയിന്‍കീഴില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയെയും റെയില്‍വേമന്ത്രിയെയും അറിയിച്ച് അത് നടപ്പിലാക്കുമെന്നും സുരേഷ്‌ഗോപി പറഞ്ഞു.

വന്ദേഭാരത് ട്രെയിനുകള്‍ ഓടുമ്പോള്‍ മറ്റു ലോക്കല്‍ ട്രെയിനുകള്‍ പിടിച്ചിടേണ്ട സാഹചര്യം നിലവിലുണ്ട്. അത് ഒഴിവാക്കാന്‍ പാത ഇരട്ടിപ്പിക്കലാണ് പരിഹാരം. അതിനുള്ള സ്ഥലം ഏറ്റെടുത്തു നല്‍കിയാല്‍ വികസനം നടപ്പിലാക്കാന്‍ ചങ്കുറപ്പുള്ള പ്രധാനമന്ത്രിയാണ് നമുക്കുള്ളതെന്നും സുരേഷ്‌ഗോപി പറഞ്ഞു.

രാജ്യത്തിനായി സ്തുത്യര്‍ഹ സേവനമനുഷ്ഠിച്ച ധീര സൈനികരെ സുരേഷ്‌ഗോപി ചടങ്ങില്‍ ആദരിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാനദാനവും അദ്ദേഹം നിര്‍വഹിച്ചു. അടൂര്‍ പ്രകാശ് എംപി, വി. ശശി എംഎല്‍എ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *