Your Image Description Your Image Description

ഫോണ്‍ ഉള്‍പ്പടെയുള്ള ആപ്പിളിന്റെ ഉല്പന്നങ്ങള്‍ രൂപകല്‍പന ചെയ്ത ഇന്‍ഡസ്ട്രിയല്‍ ഡിസൈനറാണ് ജോണി ഐവ് എന്ന ജോനാതന്‍ ഐവ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ഓപ്പണ്‍ എഐയുടെ മേധാവി സാം ആള്‍ട്ട്മാന്‍ ഒരു എഐ ഉപകരണം നിര്‍മിക്കുന്നതിന് വേണ്ടി ജോണി ഐവുമായി രഹസ്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് രണ്ട് വര്‍ഷം മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ഇക്കാര്യം പരസ്യമായിരിക്കുകയാണ്. ഓപ്പണ്‍ എഐ ഔദ്യോഗികമായി ഹാര്‍ഡ് വെയര്‍ നിർമ്മാണ രംഗത്തേക്ക് ചുവടുവെക്കാനൊരുങ്ങുകയാണ്. അതിനായി കൂട്ടുപിടിക്കുന്നതാകട്ടെ, ജോണി ഐവിനെയും.

ജോണി ഐവ് സഹസ്ഥാപകനായ ഐഒ പ്രൊഡക്ട്‌സ് എന്ന സ്ഥാപനത്തെ 650 കോടി ഡോളറിന് ഏറ്റെടുത്തിരിക്കുകയാണ് ഓപ്പണ്‍ എഐ. ഓപ്പണ്‍ എഐ വെബ്‌സൈറ്റിലൂടെ സാം ഓള്‍ട്ട്മാനും ജോണി ഐവും ഇരു കമ്പനികളുടെയും ലയനം പ്രഖ്യാപിച്ചു. എഐ സോഫ്റ്റ്‌വെയർ രംഗത്ത് മാത്രം മുന്നേറ്റം നടത്തിയ ഓപ്പണ്‍ എഐ തങ്ങളുടെ സാങ്കേതിക വിദ്യകളെ എഐ ഹാര്‍ഡ് വെയര്‍ ഉപകരണങ്ങള്‍ വഴി ഭൗതിക ജീവിതത്തിന്റെ ഭാഗമാക്കാനുള്ള ശ്രമത്തിലാണ് ഓപ്പണ്‍ എഐ. ഇതിന് വേണ്ടി രണ്ട് വര്‍ഷം മുമ്പ് തന്നെ ജോണി ഐവിന്റെ ലവ് ഫ്രം എന്ന സ്ഥാപനവും ഓപ്പണ്‍ എഐയും തമ്മില്‍ സഹകരണം തുടങ്ങിയിരുന്നുവെന്ന് ഇരുവരും സ്ഥിരീകരിച്ചു. പിന്നീട് പുതിയൊരു ഉല്‍പ്പന്നം വികസിപ്പിക്കാനും, എഞ്ചിനീയറിങ് ചെയ്യാനുമുള്ള പദ്ധതികള്‍ക്ക് പൂര്‍ണമായും പുതിയൊരു കമ്പനി ആവശ്യമാണെന്ന് തോന്നിയതോടെയാണ് ഒരു വര്‍ഷം മുമ്പ്, ജോണി സ്‌കോട്ട് കാനണ്‍, ഇവാന്‍സ് ഹാന്‍കി, ടാങ് ടാന്‍ എന്നിവരുമായി ചേര്‍ന്ന് ജോണി ഐവ് ഐഒ സ്ഥാപിച്ചത്.

ഐഒ ഓപ്പണ്‍ എഐയുമായി ലയിക്കുന്നതോടെ ജോണിയും ലവ് ഫ്രമും എഐ ഉപകരണ രൂപകല്‍പനയില്‍ ഓപ്പണ്‍ എഐയുമായി സജീവമായി സഹകരിക്കുമെന്നും ഇരുവരും വ്യക്തമാക്കി. ഐഫോണ്‍, ഐമാക്ക്, മാക്ക്ബുക്ക് എന്നിവയുടെയെല്ലാം രൂപകല്‍പനയിലൂടെ ശ്രദ്ധേയനാണ് ജോണി ഐവ്. സ്റ്റീവ് ജോബ്‌സ് ആപ്പിള്‍ മേധാവിയായിരുന്ന കാലം മുതല്‍ ജോണി ആപ്പിളിലുണ്ട്. 2019 ലാണ് അദ്ദേഹം ആപ്പിള്‍ വിട്ടത്. ആപ്പിളില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ ജോണി തുടക്കമിട്ട ലവ് ഫ്രം എന്ന ഡിസൈന്‍ കമ്പനി ആപ്പിളുമായി സഹകരിച്ചിരുന്നുവെങ്കിലും പിന്നീട് ആ കരാര്‍ അവസാനിപ്പിച്ചു.

ഐഒ പ്രൊഡക്ട്‌സിനെ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി 500 കോടി ഡോളര്‍ ഇക്വിറ്റിയായാണ് ഓപ്പണ്‍ എഐ മുടക്കിയത്. 2023 ല്‍ തന്നെ 23 ശതമാനം ഓഹരി ഓപ്പണ്‍ എഐ സ്വന്തമാക്കിയിരുന്നു. ഓപ്പണ്‍ എഐയുടെ റോബോട്ടിക്‌സ് റിസര്‍ച്ചിന് നേതൃത്വം നല്‍കിയിരുന്ന പീറ്റര്‍ വെലിന്‍ഡറാണ് ഐഒ ഡിവിഷനെ ഇനി നയിക്കുക. ഓപ്പണ്‍ എഐ ഒരു എഐ ഉപകരണത്തിനുള്ള ശ്രമത്തിലാണെന്നും അതിനായി ജോണി ഐവുമായി സഹകരിക്കുന്നുണ്ടെന്നുമുള്ള സൂചന ഫെബ്രുവരിയില്‍ സാം ആള്‍ട്ട്മാന്‍ നല്‍കിയിരുന്നു. ഒരു ദീര്‍ഘകാല പദ്ധതി ആയാണ് ആള്‍ട്ട്മാന്‍ ഇത് അവതരിപ്പിച്ചത്. ആപ്പിളിന്റെ ഐഫോണ്‍, ആപ്പിള്‍ വാച്ച് ഡിസൈനുകളുടെ ഭാഗമായിരുന്ന ടാങ് ടാനെ പോലുള്ള ആപ്പിളിലെ മുന്‍ ഉദ്യോഗസ്ഥരും ഈ ദൗത്യത്തിന്റെ ഭാഗമാണെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *