Your Image Description Your Image Description

കാലിഫോര്‍ണിയ: ഉപയോക്താക്കൾക്ക് ഒരു വിദഗ്ദ്ധനുമായി സംഭാഷണം നടത്തുന്ന അനുഭവം നൽകുകയെന്ന ലക്ഷ്യത്തോടെ ഗൂഗിൾ എഐ ചാറ്റ്ബോട്ട് അവതരിപ്പിച്ചു. കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവിൽ നടന്ന കമ്പനിയുടെ വാർഷിക ഡെവലപ്പർമാരുടെ സമ്മേളനത്തിലാണ് ഈ പുതിയ മാറ്റം കമ്പനി അവതരിപ്പിച്ചത്. ഓൺലൈൻ സെര്‍ച്ചില്‍ ഗൂഗിളിന്‍റെ ആധിപത്യത്തെ ഇല്ലാതാക്കുന്ന ചാറ്റ്‍ജിപിടി ഉൾപ്പെടെയുള്ള എഐ സേവനങ്ങൾക്കെതിരെ മത്സരക്ഷമത നിലനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഗൂഗിളിന്റെ ഈ നീക്കം.

ഗൂഗിളിന്‍റെ ജെമിനി ചാറ്റ്ബോട്ട് സെർച്ചിൽ ഉൾപ്പെടുത്തിയത് എഐ പ്ലാറ്റ്‌ഫോം മാറ്റത്തിന്‍റെ പുതിയ ഘട്ടത്തെ സൂചിപ്പിക്കുന്നുവെന്ന് ഗൂഗിളിന്‍റെ മാതൃ സ്ഥാപനമായ ആൽഫബെറ്റിന്‍റെ ചീഫ് എക്‌സിക്യൂട്ടീവ് സുന്ദർ പിച്ചെ പറഞ്ഞു. കൂടുതൽ വിപുലമായ യുക്തി ഉപയോഗിച്ച് നിങ്ങൾക്ക് എഐയോട് ദൈർഘ്യമേറിയതും കൂടുതൽ സങ്കീർണ്ണവുമായ ചോദ്യങ്ങൾ ചോദിക്കാൻ കഴിയുമെന്നും പിച്ചെ വ്യക്തമാക്കി.

അതേസമയം ഗൂഗിൾ ഗ്ലാസുകൾ എന്ന പേരിൽ സ്മാർട്ട് ഗ്ലാസുകൾക്ക് തുടക്കമിട്ട് ഒരു പതിറ്റാണ്ടിന് ശേഷമാണ് കമ്പനി എഐ പവർ ഗ്ലാസുകളിലേക്കുള്ള കടന്നുവരവ് നടത്തുന്നത്. കണ്ണട റീട്ടെയിലർമാരായ വാർബി പാർക്കർ, ജെന്‍റിൽ മോൺസ്റ്റർ എന്നിവരുമായി ചേർന്നാണ് പുതിയ ഗൂഗിൾ ഗ്ലാസുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. അവയിൽ ക്യാമറ, മൈക്രോഫോൺ, സ്പീക്കറുകൾ എന്നിവ ഉണ്ടായിരിക്കും.

ഗൂഗിൾ തങ്ങളുടെ ഉൽപ്പന്നങ്ങളിൽ എഐ കൂടുതൽ കർശനമായി ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതായി CCS ഇൻസൈറ്റിലെ അമേരിക്കയുടെ പ്രിൻസിപ്പൽ അനലിസ്റ്റും ഡയറക്ടറുമായ ലിയോ ഗെബ്ബി പറഞ്ഞു. ഉപയോക്താക്കൾ പരിശോധിക്കേണ്ട വെബ് പേജുകളുടെ എണ്ണം കുറയ്ക്കാൻ ചാറ്റ്ബോട്ട് സഹായിക്കുമെന്നും അതോടൊപ്പം കൂടുതൽ സങ്കീർണ്ണമായ ചോദ്യങ്ങൾ ചോദിക്കാൻ ആളുകളെ അനുവദിക്കുമെന്നും അദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *