Your Image Description Your Image Description

കേന്ദ്ര മാനവവിഭവ വകുപ്പിന് കീഴിലുള്ള കേന്ദ്രീയ – നവോദയ വിദ്യാലയങ്ങളിലായി 11400 അധ്യാപകരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കയാണെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് സമിതി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറിലെ കണക്കുകള്‍ പ്രകാരം കേന്ദ്രീയ വിദ്യാലയങ്ങളില്‍ അധ്യാപക- അനധ്യാപകരുടെ 8900 തസ്തികള്‍ ഒഴിഞ്ഞു കിടക്കയാണ്. ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ 6800 അധ്യാപക തസ്തികകളില്‍ നിയമനം നടക്കാനുണ്ട്.
താല്‍ക്കാലിക അധ്യാപകരെ വെച്ചുള്ള അധ്യാപന രീതി കുട്ടികളുടെ വിദ്യാഭ്യാസ ഗുണനിലവാരങ്ങളെ വലിയ തോതില്‍ ബാധിച്ചതായിട്ടാണ് വിലയിരുത്തല്‍. ടീച്ചിംഗ് രംഗത്ത് കാര്യമായ പരിചയമില്ലാത്തവര്‍ക്കാണ് താല്‍കാലിക അധ്യാപകരായി നിയമനം കിട്ടുന്നത്. ഇവര്‍ക്കാണെങ്കില്‍ തുച്ഛമായ ശമ്പളമാണ് കിട്ടുന്നത്. താല്‍കാലിക നിയമനങ്ങള്‍ നടക്കുമ്പോള്‍ വികലാംഗ – പട്ടികജാതി- പട്ടികവര്‍ഗ- പിന്നോക്ക സംവരണ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാതെ പോകുന്നുണ്ടെന്നും സമിതി കണ്ടെത്തിയിട്ടുണ്ട്.

സമാനമായ സ്ഥിതിയാണ് നവോദയ വിദ്യാലയങ്ങളിലും നിലനില്‍ക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മിടുക്കരായ കുട്ടികള്‍ക്ക് റെസിഡന്‍ഷ്യല്‍ വിദ്യാഭ്യാസം നല്‍കുന്നതിനായി പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കാലത്ത് രൂപീകരിച്ചതാണീ സ്‌കൂളുകള്‍. ഗ്രാമപ്രദേശങ്ങളിലാണ് ഇത്തരം സ്‌കൂളുകള്‍ സ്ഥിതി ചെയ്യുന്നത്. 2024 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം 6800ലധികം അധ്യാപക- അനധ്യാപക തസ്തികള്‍ ഒഴിഞ്ഞുകിടക്കുകയാണ്. മിക്കയിടങ്ങളിലും പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍ പോസ്റ്റുകള്‍ പോലും ഒഴിഞ്ഞു കിടക്കുകയാണ്. സമയാസമയങ്ങളില്‍ നിയമനം നടത്താത്തതു മൂലം പൊതുവിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള രക്ഷിതാക്കളുടെ മതിപ്പും കുറഞ്ഞു വരികയാണ്.

സ്ഥലം മാറ്റമുള്ള കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി രൂപീകരിച്ചതാണ് കേന്ദ്രീയ വിദ്യാലയങ്ങള്‍. കഴിഞ്ഞ കുറേനാളുകളായി ഈ സ്‌കൂളുകളില്‍ താല്‍ക്കാലിക – കരാര്‍ അടിസ്ഥാനത്തിലാണ് അധ്യാപകരെ നിയമിക്കുന്നത്. 1256 കേന്ദ്രീയ വിദ്യാലയങ്ങളിലായി 13.56 ലക്ഷം കുട്ടികളാണ് പഠിക്കുന്നത്. പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് പ്രകാരം 8977 അധ്യാപക- അനധ്യാപക വേക്കന്‍സികളില്‍ നിയമനം നടത്താനുണ്ട്. ഇതില്‍ 7400 പോസ്റ്റുകള്‍ അധ്യാപകരുടെ മാത്രമാണ്. 2023-24 അധ്യയന വര്‍ഷത്തില്‍ കേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളിലും ഒറ്റ പോസ്റ്റില്‍ പോലും സ്ഥിര നിയമനം നടന്നിട്ടില്ല. കരാര്‍ ജീവനക്കാരെ വെച്ചാണ് ഈ സ്‌കൂളുകളില്‍ അധ്യയനം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *