Your Image Description Your Image Description

തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ പാത തകര്‍ന്ന സംഭവങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തി കരാറുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കിയതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മലപ്പുറത്തെ ദേശീയപാത തകര്‍ച്ചയാണ് പ്രധാന ചര്‍ച്ചാ വിഷയമായത്. ദേശീയപാത തകരുന്നതില്‍ ശാശ്വത പരിഹാരത്തിനായി അടിയന്തര കമ്മിറ്റി രൂപീകരിച്ച് വിഷയം പരിശോധിക്കുകയാണെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി പറഞ്ഞെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. രണ്ടാഴ്ചക്കുള്ളില്‍ ശാശ്വത പരിഹാരം ഉണ്ടാകും.

ആ പ്രദേശത്ത് എന്ത് ശാശ്വത പരിഹാരമാണ് വേണ്ടത് എന്ന് ചര്‍ച്ച ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി ഉടന്‍ കൂടിക്കാഴ്ച്ച നടത്തുമെന്നും അതിനായി താനും ജില്ലാ പ്രസിഡണ്ടും ഡല്‍ഹിയിലേക്ക് വിളിച്ചിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെതിരെ രൂക്ഷവിമർശം ഉന്നയിച്ച രാജീവ് ചന്ദ്രശേഖർ മോദി സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചാണ് സംസാരിച്ചത്. ദേശീയപാത വികസനത്തെ പ്രതിപക്ഷം തക്ക അവസരമായി കരുതരുത്. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയത് മോദി സര്‍ക്കാരാണ്. ആകെ ഇവിടെ ഉണ്ടായത് ദേശീയപാത മാത്രമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

അതേസമയം, മലപ്പുറം കൂരിയാട് ദേശീയ പാത ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ കേന്ദ്ര ഗതാഗത മന്ത്രാലയം കർശന നടപടിയുമായെത്തി. കരാറുകാരായ കെഎൻആർ കൺസ്ട്രക്ഷൻസിനെ ഡീബാർ ചെയ്തു. കൺസൾട്ടൻറായ ഹൈവേ എഞ്ചിനീയറിംഗ് കമ്പനിക്കും വിലക്കേർപ്പെടുത്തി. ഡീബാർ ചെയ്തതിനെ തുടർന്ന് ഇനി ഇവർക്ക് തുടർ കരാറുകളിൽ പങ്കെടുക്കാനാകില്ല. സംഭവത്തിൽ രണ്ടംഗ വിദഗ്ധ സമിതി പരിശോധിച്ച് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയിരുന്നു. കമ്പനികളിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കേരളത്തിലെ മറ്റു സ്ഥലങ്ങളിലെ വിഷയങ്ങളും സമിതി പരിശോധിക്കും. ഐഐടിയിലെ മുൻ പ്രൊഫസർ ജിവി റാവുവിനാണ് മേൽനോട്ടം.

മലപ്പുറം, തൃശൂർ, കാസർകോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് ദേശീയപാതയിൽ വ്യാപക വിള്ളലും മണ്ണിടിച്ചിലും കണ്ടെത്തിയത്. മലപ്പുറത്ത് എടരിക്കോട് മമ്മാലിപ്പടിയിലാണ് ദേശീയപാതയിൽ വിള്ളൽ കണ്ടെത്തിയത്. മലപ്പുറം കൂരിയാട് ദേശീയപാതയും ഇടിഞ്ഞ് താണിരുന്നു. തൃശൂർ ചാവക്കാട് നിർമാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്താണ് മേൽപ്പാലത്തിന് മുകളിൽ വിള്ളൽ കണ്ടെത്തിയത്. ടാറിങ് പൂർത്തിയായ റോഡിൽ അമ്പത് മീറ്ററിലേറെ നീളത്തിലാണ് വിള്ളൽ. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിള്ളൽ കണ്ടെത്തിയ ഭാഗം അധികൃതർ ടാറിട്ട് മൂടിയിരുന്നു. കാസർകോട് ദേശീയപാത നിർമാണം നടക്കുന്ന മാവുങ്കാൽ കല്യാൺ റോഡിന് സമീപമാണ് വിള്ളൽ കണ്ടെത്തിയത്.

53 മീറ്റർ നീളത്തിലും 4.10 മീറ്റർ വീതിയിലുമാണ് വിള്ളൽ രൂപപ്പെട്ടത്. വിള്ളൽ കണ്ടതിൻ്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതിന് നൂറ് മീറ്റർ ദൂരം മാറി മറ്റൊരു ഭാഗത്തും വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. കണ്ണൂരിൽ ദേശീയപാതയ്ക്ക് സമീപം വ്യാപക മണ്ണിടിച്ചിലെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതേസമയം, നിർമാണത്തിലുള്ള ദേശീയപാത 66ൽ പലയിടങ്ങളിലും വിള്ളലുകൾ കണ്ടെത്തിയ സംഭവത്തിൽ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നിലപാട് താൻ നേരത്തെ വ്യക്തമാക്കിയതാണെന്നും പദ്ധതിയെ പ്രതിസന്ധിയിലാക്കാമെന്ന് യുഡിഎഫ് കരുതുന്നുണ്ടെങ്കിൽ, അത് ജനങ്ങളോടുള്ള വെല്ലുവിളിയാണ് എന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *