Your Image Description Your Image Description

ചണ്ഡീഗഡ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഈ സീസണിൽ ഫോം കണ്ടെത്താൻ പാടുപെടുന്ന ലഖ്‌നൗ സൂപ്പർ ജയന്റ്സ് നായകൻ റിഷഭ് പന്തിന് സഹായ വാഗ്ദാനവുമായി യോഗ്‍രാജ് സിംഗ്. റിഷഭ് പന്തിന്‍റെ ബാറ്റിംഗിലെ സാങ്കേതിക പ്രശ്നങ്ങൾ അഞ്ച് മിനിറ്റുകൊണ്ട് പരിഹരിക്കാമെന്ന് യോഗ്‍രാജ് പറഞ്ഞു.

ബാറ്റിംഗിന് നിൽക്കുമ്പോൾ റിഷഭ് പന്തിന്‍റെ തല ഉറയ്ക്കുന്നില്ലെന്നും ഇത് ശ്രദ്ധ നഷ്ടമാവാൻ കരണമാകുന്നുവെന്നും യോഗ്‍രാജ് സിംഗ് പറഞ്ഞു. ഇടത് ചുമലിന്‍റെ സ്ഥാനവും ശരിയാക്കിയാൽ പന്തിന് ഫോമിലേക്ക് വേഗത്തിൽ തിരിച്ചെത്താൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഐപിഎല്‍ മെഗാ താരലേലത്തിൽ ഡല്‍ഹിയില്‍ നിന്ന് 27 കോടി രൂപയുടെ റെക്കോര്‍ഡ് തുകയ്ക്ക് ലഖ്‌നൗവിലെത്തിയ റിഷഭ് പന്തിന് ഈ സീസണിലെ പന്ത്രണ്ട് കളിയിൽ 135 റൺസ് മാത്രമാണ് നേടാനായത്. കഴിഞ്ഞ 10 കളികളില്‍ 2, 2, ബാറ്റ് ചെയ്തില്ല, 21, 63, 3, 0, 4, 8 7 എന്നിങ്ങനെയായിരുന്നു റിഷഭ് പന്തിന്‍റെ പ്രകടനം. ഐപിഎൽ കരിയറിൽ പന്തിന്‍റെ ഏറ്റവും മോശം സീസൺ ആണിത്.

പന്തിന് ഫോം വീണ്ടെടുക്കാൻ അൽപനാൾ വിശ്രമം നൽകണമെന്നും ശേഷിച്ച മത്സരങ്ങളിൽ നിന്ന് ലഖ്‌നൗ നായകൻ വിട്ടുനിൽക്കണമെന്നും മുൻതാരം കെ ശ്രീകാന്ത് പറഞ്ഞു. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് തോറ്റതോടെ ലഖ്‌നൗ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *