Your Image Description Your Image Description

കൊൽക്കത്ത: ട്രക്ക് ഇടിച്ചു മരിച്ച 60 കാര​ന്റെ മൃതദേഹാവശിഷ്ടങ്ങൾ സഞ്ചിയിൽ പെറുക്കിയെടുക്കാൻ മകനോട് ആവശ്യപ്പെട്ടെന്ന് ആരോപണം. പശ്ചിമ ബംഗാളിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം നടന്നത്. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. പുർബ ബർധമാൻ ജില്ലയിലെ ഗുസ്‌കരയിലുണ്ടായ അപകടത്തിൽ പ്രാദേശിക ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാരനായ 60 കാരൻ പ്രദീപ് കുമാർ ദാസ് ആണ് കൊല്ലപ്പെട്ടത്.

വീട്ടിലേക്ക് മടങ്ങുന്നതിനിടെ 60 കാരൻ കല്ലുകൾ കൊണ്ടുപോകുന്ന ട്രക്ക് ഇടിച്ചു മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുസ്‌കര മുനിസിപ്പാലിറ്റിയിലെ സിരിഷ്ടൊല്ല നിവാസിയായിരുന്നു പ്രദീപ്. മരണവാർത്ത അറിഞ്ഞ് സ്ഥലത്തെത്തിയ മകൻ സുദീപ് ദാസിനോട് റോഡപകടത്തിൽ പരിക്കേറ്റു മരിച്ചുകിടന്ന പിതാവിന്റെ ശരീരഭാഗങ്ങൾ എടുക്കാൻ പൊലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു.

വിശ്വഭാരതി സർവകലാശാലയിലെ വിദ്യാർത്ഥിയായ മകൻ സുദീപിന് ഒരു സഞ്ചിയും പൊലീസ് നൽകി. നാട്ടുകാരിൽ ആരോ സംഭവത്തിന്റെ വിഡിയോ പകർത്തി. തുടർന്ന് വിഡിയോ വൈറലാവുകയായിരുന്നു.

തുടർന്ന് ദൃശ്യം ശ്രദ്ധയിൽപെട്ടതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ സോണൽ ഡി.എസ്.പിയോട് ആവശ്യപ്പെട്ടതായി പുർബ ബർധമാൻ പൊലീസ് സൂപ്രണ്ട് സയക് ദാസ് പറഞ്ഞു. പിന്നീട്, പൂർബ ബർധമാൻ പൊലീസ് സോഷ്യൽ മീഡിയ വഴി പുറത്തുവിട്ട വിഡിയോയിൽ തന്റെ പിതാവിന്റെ ശരീരഭാഗങ്ങൾ എടുക്കാൻ പൊലീസ് ഉദ്യോഗസ്ഥർ തന്നെ ‘നിർബന്ധിച്ചിട്ടില്ല’ എന്ന് 20 കാരനായ മകൻ സുദീപ് ദാസ് അവകാശപ്പെടുന്നതായി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *