Your Image Description Your Image Description

പുതിയ കാലഘട്ടത്തിന്റെ കാഴ്ചപ്പാടുകൾ മനസ്സിലാക്കി കുട്ടികളെ ലക്ഷ്യബോധമുള്ള നല്ല പൗരന്മാരാക്കി വളർത്തിയെടുക്കണമെന്ന് ജില്ലാ കളക്ടർ അലക്സ് വർഗീസ് പറഞ്ഞു. ജില്ലാ ശിശുക്ഷേമ സമിതി നേതൃത്വത്തിൽ വിദ്യാര്‍ഥികൾക്കായി സംഘടിപ്പിച്ച അവധിക്കാല ക്യാമ്പ് ബീച്ചിന് സമീപമുള്ള ശിശുവികാസ് ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെയും മാതാപിതാക്കളുടെയും അമിത മൊബൈൽഫോൺ ഉപയോഗം കുടുംബ ബന്ധങ്ങളിൽ അപചയങ്ങൾ ഉണ്ടാക്കുന്നു. ഈ രീതിക്ക് മാറ്റം വരണമെന്നും കുട്ടികളുടെ കലാവാസന പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ ഇവരെ പങ്കാളികളാക്കണം. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. ക്യാമ്പിലെത്തിയ കുട്ടികളുമായി ആശയവിനിമയം നടത്തി അവരുടെ ഭാവിസ്വപ്നങ്ങൾ ആരാഞ്ഞ ശേഷമാണ് കലക്ടർ വേദി വിട്ടത്.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ നാടക പഠനം, ചിത്രരചന, ബാലാവകാശങ്ങൾ പ്രതിപാദിക്കുന്ന ക്ലാസ്, വിവിധ കലാപരിപാടികൾ തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്. അഞ്ചു മുതൽ പത്താംക്ലാസ് വരെയുളള 40 വിദ്യാഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. മേയ് 22ന് വൈകിട്ട് 3.30 ന് നടക്കുന്ന സമാപനസമ്മേളനം എച്ച് സലാം എംഎൽഎ ഉദ്ഘാടനം ചെയ്യും. ക്യാമ്പ് അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും എംഎൽഎ നിർവഹിക്കും.
ചടങ്ങിൽ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് സി ശ്രീലേഖ അധ്യക്ഷയായി. നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ നസീർ പുന്നക്കൽ, നഗരസഭാഗം പ്രഭാ ശശികുമാർ, ശിശുക്ഷേമ സമിതി സെക്രട്ടറി കെ ഡി ഉദയപ്പൻ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ നാസർ, ട്രഷറർ കെ പി പ്രതാപൻ, എക്സിക്യൂട്ടീവ് അംഗം എം നാജ, തുടങ്ങിയവർ പങ്കെടുത്തു.
(പിആർ/എഎൽപി/1449)

Leave a Reply

Your email address will not be published. Required fields are marked *