Your Image Description Your Image Description

നമ്മുടെ മഹത്തായ പൈതൃകത്തേയും ചരിത്രത്തെയുമെല്ലാം തമസ്കരിക്കാനുള്ള ഗൂഡ ശ്രമങ്ങൾ നടക്കുന്ന വർത്തമാനകാലത്ത് ചരിത്ര സത്യങ്ങളുടെ കാവൽപ്പുരകൾ എന്ന നിലയിൽ മ്യൂസിയങ്ങൾക്ക് ഏറെ പ്രസക്തിയും പ്രാധാന്യവുമുണ്ടെന്ന് പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. അന്താരാഷ്ട്ര മ്യൂസിയം ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മ്യൂസിയം ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഭൂതകാലമെന്നത് വർത്തമാനത്തിലേക്കും ഭാവിയിലേക്കുള്ള വെളിച്ചമാണ്. നൂറ്റാണ്ടുകൾ പിന്നിട്ട ചരിത്ര വീഥികളിലേക്ക് പ്രകാശം ചൊരിയുന്ന ഗോപുരങ്ങളാണ് മ്യൂസിയങ്ങൾ. അവ നമ്മെ ഭൂതകാലത്തിന്റെ പാഠങ്ങൾ ഓർമ്മപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ മ്യൂസിയങ്ങളെ വെറും കാഴ്ച ബംഗ്ലാവുകളായി കണ്ടിരുന്ന പഴയ കാലം മാറി. ചരിത്ര യാഥാർഥ്യങ്ങളുടെ നേർസാക്ഷ്യങ്ങളാണ് മ്യൂസിയങ്ങൾ എന്ന് ഇന്ന് ലോകം തിരിച്ചറിയുന്നു.

കാലത്തിന്റെ നേർസാക്ഷ്യങ്ങളെന്ന നിലയിൽ ലോകമെമ്പാടും മ്യൂസിയങ്ങൾക്ക് വമ്പിച്ച സ്വീകാര്യത വന്നിട്ടുണ്ട്. മ്യൂസിയങ്ങൾ ചരിത്ര നിർമ്മിതിക്കുതകും വിധം അക്കാദമിക ഗവേഷണങ്ങൾക്കുള്ള ഇടം കൂടിയായി മാറി. മ്യൂസിയം ശാസ്ത്രമെന്നത് ഒരു പ്രത്യേക പഠനശാഖയായി വളർന്നു.

ലോകമെമ്പാടുമുള്ള മ്യൂസിയം പ്രവർത്തകർ ചേർന്ന് ഇന്റർനാഷണൽ കൗൺസിൽ ഓഫ് മ്യൂസിയംസ് (ICOM) എന്ന സംഘടനയ്ക്ക് രൂപം നൽകുകയും ഇതിന്റെ നേതൃത്വത്തിൽ 1977 മുതൽ എല്ലാ വർഷവും മെയ് 18 അന്താരാഷ്ട്ര മ്യൂസിയം ദിനമായി ആചരിച്ചു വരികയുമാണ്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തും വിവിധ കേന്ദ്രങ്ങളിൽ ഇത്തരം പരിപാടികൾ  സംഘടിപ്പിക്കാൻ നാം തീരുമാനിച്ചത്.

സാമൂഹ്യവികാസത്തിൽ മ്യൂസിയങ്ങളുടെ പ്രസക്തിയെക്കുറിച്ചും ഈ രംഗത്തെ വെല്ലുവിളികളെ കുറിച്ചും അതോടൊപ്പം സാധ്യതകളെക്കുറിച്ചും ചർച്ച ചെയ്യാനും അവബോധം സൃഷ്ടിക്കാനുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

1814 ൽ സ്ഥാപിച്ച ഇന്ത്യൻ മ്യൂസിയം കൽക്കട്ട‘ യാണ് രാജ്യത്തെ ആദ്യത്തെ മ്യൂസിയം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 1857 ൽ ഉത്രം തിരുനാൾ മാർത്താണ്ഢവർമ്മയുടെ കാലത്ത് തിരുവിതാംകൂർ വാനനിരീക്ഷണകേന്ദ്രത്തിന്റെ ഡയറക്ടറായിരുന്ന ബ്രൗണിന്റെ നേതൃത്വത്തിലാണ് കേരളത്തിൽ ആദ്യ മ്യൂസിയം പിറവിയെടുത്തത്. ഈ മ്യൂസിയം പിന്നീട് ആയില്യം തിരുന്നാൾ മഹാരാജാവിന്റെ കാലത്ത് 1880ൽ നാപ്പിയർ മ്യൂസിയമായി പരിവർത്തനം ചെയ്തു. വാസ്തുശില്പ ഭംഗി കൊണ്ടും പൈതൃകം കൊണ്ടും തലസ്ഥാനനഗരിയിലെ ഈ മ്യൂസിയം വളപ്പിൽ ഇന്നും തലയുയർത്തി നിൽക്കുന്ന പൈതൃക മന്ദിരം തന്നെ ഒരു മ്യൂസിയമാണ്.

ഒന്നാം പിണറായി സർക്കാരിന്റെ കാലം തൊട്ട് കഴിഞ്ഞ 9 വർഷങ്ങളായി നമ്മുടെ മ്യൂസിയം രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങളാണ് ഉണ്ടാക്കാൻ സാധിച്ചത്. നവീന പരിപ്രേക്ഷ്യത്തിൽ സംസ്ഥാനത്തുടനീളം വ്യത്യസ്ഥങ്ങളായ മ്യൂസിയങ്ങൾ സ്ഥാപിക്കുമെന്നായിരുന്നു ഒന്നാം പിണറായി സർക്കാരിന്റെ പ്രകടന പത്രികയിലെ വാഗ്ദാനം. അത് അക്ഷരാർത്ഥത്തിൽ നടപ്പാക്കി. സംസ്ഥാനത്ത് അതിനുമുൻപ് മൂന്നോ നാലോ ജില്ലകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന നമ്മുടെ മ്യൂസിയം ശൃംഖലയെ സംസ്ഥാനത്തുടനീളം വ്യാപിപ്പിച്ചു. മ്യൂസിയം വകുപ്പിനോടൊപ്പം പുരാവസ്തുപുരാരേഖ തുടങ്ങി വിവിധ വകുപ്പുകളുടെ നേതൃത്വത്തിലും വ്യത്യസ്ഥങ്ങളായ കഥ പറയുന്ന മ്യൂസിയങ്ങൾ സംസ്ഥാനത്തുടനീളം സ്ഥാപിക്കപ്പെട്ടു. നിലവിലുണ്ടായിരുന്ന മ്യൂസിയങ്ങളൊക്കെ തന്നെയും ആധുനിക മ്യൂസിയം സങ്കല്പങ്ങൾക്കനുസരിച്ചുള്ള ഗാലറികളാക്കി പുനഃസജ്ജീകരിച്ചു. തിരുവനന്തപുരം മ്യൂസിയം കോമ്പൗണ്ടിൽ തന്നെയുള്ള നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം തന്നെ ഇതിന് പ്രത്യക്ഷ ഉദാഹരണമാണ്. രവിവർമ്മ ചിത്രങ്ങൾക്ക് മാത്രമായി ലോകനിലവാരത്തിലുള്ള ഒരു ആർട്ട് ഗാലാറി സ്ഥാപിച്ചു. കണ്ണൂരിലെ കൈത്തറി മ്യൂസിയവുംവയനാടിലെ കുങ്കിച്ചിറ മ്യൂസിയവുംപയ്യന്നൂർ ഗാന്ധിസ്മൃതി മ്യൂസിയവും വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയവുമെല്ലാം ഇതിന്റെ ഭാഗമായി രൂപം കൊണ്ടതാണ്. ഇത് മാത്രമല്ല ജില്ലാ പൈതൃക മ്യൂസിയങ്ങൾപ്രാദേശിക ചരിത്ര മ്യൂസിയങ്ങൾ കൈത്തറി മ്യൂസിയംവൈക്കം സത്യാഗ്രഹ മ്യൂസിയം പോലുള്ള വ്യത്യസ്ഥങ്ങളായ കഥപറയുന്ന മ്യൂസിയങ്ങൾ തുടങ്ങി മ്യൂസിയങ്ങളുടെ ഒരു വലിയ ശൃംഖലതന്നെ സംസ്ഥാനത്ത് രൂപപ്പെട്ടു. പെരളശ്ശേരിയിലെ എ. കെ. ജി സ്മൃതി മ്യൂസിയം ഈ വർഷം തന്നെ പൂർത്തിയാക്കും. ചന്തപ്പുരയിലെ തെയ്യം മ്യൂസിയത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും.

രണ്ടാം പിണറായി സർക്കാരിന്റെ പ്രകടന പത്രികയിലും മ്യൂസിയങ്ങൾക്ക് മികച്ച പരിഗണനയാണ് നല്കിയത്. വ്യത്യസ്ഥങ്ങളായ മ്യൂസിയങ്ങളെ അവലോകനം ചെയ്യാനും മാർഗ്ഗനിർദേശങ്ങൾ സമർപ്പിക്കുന്നതിനും ഒരു മ്യൂസിയം കമ്മീഷനെ നിയമിക്കുമെന്നായിരുന്നു. രണ്ടാം പിണറായി സർക്കാരിന്റെ പ്രകടന പത്രികയിലെ വാഗ്ദാനം. അതും നാം  നടപ്പിലാക്കിക്കഴിഞ്ഞു. മ്യൂസിയം കമ്മീഷനെ നിയമിച്ച് അതിന്റെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സമഗ്രമായ ഒരു മ്യൂസിയം നയം ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ് നമ്മുടെ ലക്ഷ്യം.

നമ്മുടെ സംസ്ഥാനത്ത് മ്യൂസിയങ്ങൾ സ്ഥാപിക്കുന്നതിന് സർക്കാർ തലത്തിൽ തന്നെ ഒരു നോഡൽ ഏജൻസി പ്രവർത്തിച്ചുവരുന്നു എന്നത് ഈ രംഗത്ത് നാം നൽകുന്ന പ്രാധാന്യവും വ്യക്തമാക്കുന്നു. കേരളം മ്യൂസിയം‘ എന്ന ഈ സ്ഥാപനം ഈ രംഗത്ത് ശ്രദ്ധേയമായ ഇടപെടലുകളും അതുവഴി മികച്ച നേട്ടങ്ങളുമുണ്ടാക്കി. മ്യൂസിയം വകുപ്പിനു വേണ്ടി മാത്രമല്ല സംസ്ഥാനത്തെ വിവിധ വകുപ്പുകൾക്ക് വേണ്ടിയും സർവ്വകലാശാലകൾക്കുവേണ്ടിയും കേരളം മ്യൂസിയം‘ വഴി വ്യത്യസ്ഥങ്ങളായ മ്യൂസിയങ്ങൾ ഇതിനകം സ്ഥാപിക്കപ്പെട്ടു.

അന്താരാഷ്ട്ര മ്യൂസിയം ദിനാചരണത്തിന്റെ ഭാഗമായി ഓരോ വർഷവും ഒരു പ്രമേയം അംഗീകരിക്കാറുണ്ട്.

അതിവേഗം മാറികൊണ്ടിരിക്കുന്ന വർത്തമാന സമൂഹത്തിൽ മ്യൂസിയങ്ങളുടെ ഭാവി‘ എന്നതാണ് ഈ വർഷത്തെ മ്യൂസിയം ദിന പ്രമേയം. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ശരിയായ ദിശാബോധം നല്കാൻ മ്യൂസിയങ്ങൾക്ക് എങ്ങനെയെല്ലാം സാധിക്കും എന്നതാണ് മുഖ്യ ചിന്താവിഷയം. മ്യൂസിയങ്ങളെന്നത് ചരിത്ര ശേഷിപ്പുകളുടെ പരിരക്ഷണ കേന്ദ്രങ്ങൾ മാത്രമല്ല അത് സമഗ്രവും സുസ്ഥിരവുമായ സാമൂഹ്യസൃഷ്ടികളിലെ സജീവ പങ്കാളികൾ കൂടിയാണ്.

സത്യത്തിന്റെ തീവ്ര പ്രകാശത്തെ മറക്കാൻ ശ്രമിക്കുന്ന വർത്തമാനകാലത്ത് ദൃഷ്ടാന്തങ്ങളുടെ അകമ്പടിയോടെ യഥാർത്ഥ ചരിത്രമെന്തെന്ന് വെളിപ്പെടുത്തുകയും അതുവഴി ആത്മബോധവും ആത്മാഭിമാനവുമുള്ള തലമുറയെ സൃഷ്ടിക്കുന്നതിൽ മ്യൂസിയങ്ങളുടെ പങ്ക് തിരിച്ചറിയാനും അതിനെ പരിപോഷിപ്പിക്കാനും നമുക്ക് കഴിയേണ്ടതുണ്ട്. ദിനാചരണത്തിന്റെ ഭാഗമായി നടന്ന മത്സരങ്ങളിൽ വിജയികൾക്കുള്ള സമ്മാനദാനവും മന്ത്രി നിർവഹിച്ചു.

സംസ്ഥാന മ്യൂസിയംപുരാവസ്തുപുരാരേഖാ വകുപ്പുകളുടെയും അതോടൊപ്പം കേരളം മ്യൂസിയത്തിന്റെയും നേതൃത്വത്തിൽ ഈ വർഷത്തെ അന്താരാഷ്ട്ര മ്യൂസിയം ദിനാചരണത്തിന്റെ ഭാഗമായി വ്യത്യസ്ഥങ്ങളായ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന് നേതൃത്വം നൽകുന്ന വകുപ്പിനെ പ്രത്യേകം അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *