Your Image Description Your Image Description

സംസ്ഥാനം കടക്കെണിയിലെന്നത് യാഥാർഥ്യവുമായി ബന്ധമില്ലാത്ത ആക്ഷേപമാണെന്നും സംസ്ഥാനത്തിന്റെ കടഭാരം കുറയുകയാണെന്നും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. നമ്മുടെ സമ്പദ്ഘടനയുടെ വളർച്ചയ്ക്ക് ആനുപാതികമായ കടം മാത്രമാണ് നാം എടുക്കുന്നത്. പാർലമെന്റും സംസ്ഥാന നിയമസഭയും അംഗീകരിച്ച ധന ഉത്തരവാദിത്ത നിയമത്തിനുള്ളിൽ നിന്നും കേന്ദ്ര സർക്കാരിന്റെ അനുമതിയോടെയും റിസർവ് ബാങ്ക് നിബന്ധനകൾ പാലിച്ചും മാത്രമാണ് സംസ്ഥാനത്തിന് വായ്പ എടുക്കാനാകുകയെന്നും വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.

കേരളത്തിന് ആഭ്യന്തര സംസ്ഥാന മൊത്ത ഉൽപാദനത്തിന്റെ (ജിഎസ്ഡിപി) മൂന്നര ശതമാനം വരെ വായ്പാനുമതിയുണ്ട്. എന്നാൽ 2022-23 ൽ 2.5 ശതമാനം, 2023-24ൽ 2.99 ശതമാനം എന്നിങ്ങനെയാണ് സംസ്ഥാനം വായ്പ എടുത്തത്. നമുക്ക് അർഹതപ്പെട്ട കടം പോലും കേന്ദ്രം നിഷേധിക്കുകയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം നമുക്ക് അർഹതപ്പെട്ട കടം എടുക്കാൻ അനുവദിക്കണമെന്ന ശക്തമായ ആവശ്യം അവഗണിക്കാൻ കേന്ദ്ര സർക്കാരിനായില്ല. എന്നിട്ടും അനുവദനീയമായ മൂന്നര ശതമാനത്തിൽ താഴെയാണ് വായ്പ.

സംസ്ഥാന സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ലഭ്യമാക്കിയ ജിഎസ്ഡിപി കണക്കുകൾ പ്രകാരം കേരളത്തിന്റെ ആകെ കടം ജിഎസ്ഡിപിയുടെ ശതമാനത്തിൽ 2020-21നുശേഷം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 2020-21ൽ കടവും ജിഎസ്ഡിപിയുമായുള്ള അനുപാതം 38.47 ശതമാനമായിരുന്നു. 2021-22ൽ 36.31 ശതമാനം, 2022-23ൽ 35.38 ശതമാനം, 202324ൽ 34.2 ശതമാനം എന്നിങ്ങനെ കുറയുകയായിരുന്നു. 2024-25ൽ ആകട്ടെ 33.9 ശതമാനമായി താഴ്ന്നു.

2020-21ൽ ജിഎസ്ഡിപി 7.79 ലക്ഷം കോടി രൂപയായിരുന്നപ്പോൾ സംസ്ഥാനത്തിന്റെ ആകെ ബാധ്യത 2.96 ലക്ഷം കോടി രൂപയായിരുന്നു. 2023-24ൽ ആകെ ബാധ്യത 3.91 ലക്ഷം കോടിയാണ്. എന്നാൽ ജിഎസ്ഡിപി 11.46 ലക്ഷം കോടിയായി വളർന്നിരുന്നു. 2024-25 ൽ ആകെ ബാധ്യത 4.31 ലക്ഷം കോടി രൂപയാണ്. എന്നാൽ ജിഎസ്ഡിപിയാകട്ടെ 12.75 ലക്ഷം കോടി രൂപയിലേക്ക് ഉയർന്നിട്ടുണ്ട്. സമ്പദ്ഘടനയുടെ വളർച്ചയ്ക്ക് ആനുപാതികമായി കടവും ജിഎസ്ഡിപിയുമായുള്ള അനുപാതം ഉയരുകയല്ലതാഴുകയാണ്.

2001-06 കാലഘട്ടത്തിൽ ജിഎസ്ഡിപി വളർച്ച 13.1 ശതമാനമായിരുന്നു. കടത്തിന്റെ വളർച്ചാ നിരക്ക് 14.3 ശതമാനവും. 2006-11ൽ ജിഎസ്ഡിപി വളർച്ച 13.7 ശതമാനമായപ്പോൾ കടത്തിന്റെ വളർച്ച 11.4 ശതമാനമായി താഴ്ന്നു. വീണ്ടും 2011-16ൽ ജിഎസ്ഡിപി വളർച്ച 11.6 ശതമായി കുറഞ്ഞപ്പോൾ കടത്തിന്റെ വളർച്ച 14.9 ശതമാനമായി കുതിച്ചു. 2016-21 കാലത്ത് പ്രളയംകോവിഡ് തുടങ്ങി ദുരന്തങ്ങളുടെ സാഹചര്യത്തിൽ വളർച്ച നിരക്ക് 6.8 ശതമാനമായി കുറഞ്ഞു. കടത്തിന്റെ വളർച്ചാ നിരക്ക് 13.5 ശതമാനമായി. വരുമാനം കുത്തനെ ഇടിഞ്ഞപ്പോൾ വായ്പ എടുക്കുകയല്ലാതെ മറ്റു മാർഗങ്ങളൊന്നുമില്ലായിരുന്നു.

2021-25 കാലഘട്ടത്തിൽ ജിഎസ്ഡിപി വളർച്ചാ നിരക്ക് ശരാശരി 13.5 ശതമാനമായി ഉയർന്നപ്പോൾ കടത്തിന്റെ വളർച്ചാ നിരക്ക് ശരാശരി 9.8 ശതമാനം മാത്രമാണ്. ഒരോ അഞ്ച് വർഷം കൂടുന്തോറും ആകെ കട ബാധ്യത ഇരട്ടിയാകുന്നതാണ് മൂന്ന് പതിറ്റാണ്ടായി കേരളത്തിൽ കണ്ടുവരുന്ന സ്ഥിതിവിശേഷം. 2010-11ൽ ആകെ ബാധ്യത 78,673 കോടി രൂപയായി. 201516ൽ ഇത് 1,57,370 കോടിയായി. 202021ൽ 2,96,901 കോടി രൂപ. അഞ്ചു വർഷത്തിൽ ബാധ്യത ഇരട്ടിയാകുന്നു. ഈ പ്രവണത അനുസരിച്ച് 2025-26ൽ ബാധ്യത ഏതാണ്ട് ആറുലക്ഷം കോടി രൂപയാകണം. ഫലത്തിൽ 4.65 ലക്ഷം കോടിയിൽ ആകെ ബാധ്യത നിൽക്കുമെന്ന് ഉറപ്പാണ്. സംസ്ഥാനത്തിന് ഇക്കാലയളവിൽ അർഹതപ്പെട്ട വായ്പകൾ എടുക്കുന്നതിന് അനുമതി നിഷേധിച്ചതാണ് ഇത്തരത്തിൽ വായ്പാ ബാധ്യതയുടെ വളർച്ച കുറയുന്നതിന് കാരണമായത്. എന്നാൽഈ തുക കൂടി ലഭിച്ചിരുന്നുവെങ്കിൽ വികസനക്ഷേമ മേഖലകളിൽ കൂടുതൽ കാര്യങ്ങൾ ഏറ്റെടുക്കാനാകുമായിരുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ നിക്ഷേപത്തിനും വായ്പയ്ക്കും ഗ്യാരന്റി നിൽക്കുന്നതിന്റെ പേരിൽ ഈ വർഷം സംസ്ഥാന സർക്കാരിന് വായ്പയെടുക്കാവുന്ന തുകയിൽനിന്ന് 3300 കോടി രൂപ കുറച്ചു.  ഗ്യാരന്റി റിഡംപ്ഷൻ ഫണ്ടിന്റെ പേര് പറഞ്ഞാണ് കേരളത്തിന്റെ വായ്പാനുവാദത്തിൽ കേന്ദ്ര സർക്കാർ കുറവ് വരുത്തിയത്.  80,000 കോടി രൂപയ്ക്കാണ് സംസ്ഥാനം ഗ്യാരന്റി നിൽക്കുന്നത്. ഇതിന്റെ അഞ്ചു ശതമാനം ഗ്യാരന്റി റിഡംപ്ഷൻ ഫണ്ടായി മാറ്റിവയ്ക്കണമെന്നാണ് ഈ വർഷം വായ്പയെടുക്കുന്നതിനുള്ള നിബന്ധനയായി കേന്ദ്രസർക്കാർ പറഞ്ഞത്. അങ്ങനെ ചെയ്തില്ലെങ്കിൽ വായ്പയെടുക്കാവുന്നതിൽനിന്ന് ജിഎസ്ഡിപിയുടെ 0.25 ശതമാനംഅതായത് 3300 കോടി രൂപ കുറയ്ക്കുമെന്നാണ് കഴിഞ്ഞദിവസം കേന്ദ്രസർക്കാർ കത്ത് മുഖാന്തരം അറിയിച്ചത്. ഈ വർഷം ഡിസംബർവരെ 29,529 കോടിയാണ് വായ്പയെടുക്കാവുന്നതെന്ന് അറിയിച്ചതിന് പിന്നാലെയാണിത്.

വായ്പാനുമതിയിൽ അനാവശ്യമായ നിബന്ധനകളാണ് കേന്ദ്ര സർക്കാർ ഓരോ വർഷം അടിച്ചേൽപ്പിക്കുന്നത്. പബ്ലിക് അക്കൗണ്ടിലെ നീക്കിയിരിപ്പ്കിഫ്ബിയുടെയും ക്ഷേമ പെൻഷൻ കമ്പനിയുടെയും വായ്പ എന്നിവയുടെ പേരിൽ സംസ്ഥാനത്തിന്റെ കടമെടുക്കൽ അവകാശം വെട്ടിക്കുറയ്ക്കൽ നടപടികൾ മുൻ വർഷങ്ങളിൽ കേന്ദ്ര സർക്കാർ സ്വീകരിച്ചു. കിഫ്ബി മുൻകാലങ്ങളിൽ എടുത്ത വായ്പകളുടെ പേരിലും കഴിഞ്ഞ രണ്ടു വർഷങ്ങളിൽ സംസ്ഥാനത്തിന്റെ വായ്പാനുമതിയിൽ കുറവ് വരുത്തിയിരുന്നു. ഇപ്പോൾ പുതിയ നിബന്ധനകൾ കൊണ്ടുവന്നും കേരളത്തിന് ലഭിക്കേണ്ട വായ്പ വെട്ടിക്കുറയ്ക്കാനാണ് കേന്ദ്ര നീക്കം. ഇതിനുപുറമെയാണ് ഐജിഎസ്ടി വിഹിതത്തിൽനിന്ന് 956.16 കോടി രൂപകൂടി വെട്ടിക്കുറച്ചത്. സംസ്ഥാനങ്ങൾക്ക് നൽകിയ ഐജിഎസ്ടി തുക കൂടിപോയി എന്ന പേരിലാണ് ഈ തുകയും വെട്ടിക്കുറച്ചത്. എന്നാൽ ഐജിഎസ്ടി സംബന്ധമായ കൃത്യമായ കണക്കൊന്നും ഇപ്പോഴും ജിഎസ്ടി സമ്പ്രദായത്തിൽ ലഭ്യമാക്കിയിട്ടുമില്ല.

 കേന്ദ്ര സർക്കാരിന്റെ കടം  ജിഎസ്ഡിപി അനുപാതം 58.1 ശതമാനമാണ്. കേന്ദ്രത്തിന്റെ ആകെ കടം 155 ലക്ഷം കോടി രൂപയും. ധനഉത്തരവാദിത്ത നിയമം നിഷ്‌കർഷിച്ചിട്ടുള്ള പരിധിയിൽ ധനകമ്മി നിജപ്പെടുത്തുന്നത് ചിന്തിക്കാൻപോലും കഴിയാത്ത നിലയിലാണ് കേന്ദ്ര സർക്കാരിന്റെ ധനസ്ഥിതി. 202324ൽ 5.6 ശതമാനമാണ് ധനകമ്മി. കഴിഞ്ഞ വർഷത്തെ ധനകമ്മി 4.9 ശതമാനത്തിൽ നിൽക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ അവകാശവാദം. ഈവർഷം 4.4 ശതമാനമാകുമെന്നും പറയുന്നു. കേന്ദ്ര സർക്കാർ അവകാശപ്പെടുന്നതിൽനിന്നും വളരെ ഉയർന്നതായിരിക്കും അന്തിമ കണക്കുകൾ എന്താണ് മുൻവർഷങ്ങളിലെ സ്ഥിതി. ഇക്കാര്യങ്ങളെല്ലാം മറച്ചുവച്ചാണ് കേരളത്തിൽ കടപ്പേടി പരത്താൻ നോക്കുന്നത്.

രണ്ടു ഗഡു ക്ഷേമ പെൻഷൻ ശനിയാഴ്ച മുതൽ (24.05.2025) വിതരണം ചെയ്യും. ഇതിനായി 1650 കോടി രൂപ അനുവദിച്ചു. മെയ് മാസത്തെ പെൻഷനൊപ്പം ഒരു ഗഡു കുടിശിക കൂടിയാണ് വിതരണം ചെയ്യുന്നത്. ഒരോരുത്തർക്കും 3,200 രുപ വീതം ലഭിക്കും. അഞ്ചു ഗഡുവാണ് കുടിശിക ഉണ്ടായിരുന്നത്. അതിൽ രണ്ടു ഗഡു മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *