Your Image Description Your Image Description

എല്ലാവർക്കും ഇഷ്ടമാണ് മുല്ലപ്പൂ. പ്രത്യേകിച്ച് പെൺകുട്ടികൾക്ക്. വിശേഷമെന്തായാലും അല്പം മുല്ലപ്പൂ തലയിൽ ചൂടുന്നത് കാണാൻ തന്നെയൊരു ഐശ്വര്യമാണ്. നിറത്തിലും മണത്തിലും മുൻപന്തിയിലാണ് മുല്ലപ്പൂവിന്റെ സ്ഥാനം. വീട്ടിൽ ഒരു മുല്ല ചെടിയെങ്കിലും മിക്കവരും വച്ച് പിടിപ്പിക്കാറുണ്ട്. സന്ധ്യയാകുമ്പോൾ മുല്ലമൊട്ട് വിടരുന്ന സുഗന്ധം തന്നെ മനസ്സിന് വല്ലാത്തൊരു കുളിർമയാണ് നൽകുന്നത്. എന്നാൽ മിക്ക ആളുകളും ഇന്ന് ഫ്ലാറ്റുകളിൽ ആണ് താമസിക്കുന്നത്. അവർക്ക് ചെടികൾ വച്ച് പിടിപ്പിക്കാൻ മുറ്റമൊന്നും ഉണ്ടാകില്ല. ബാൽകണിയിലോ ജനാലയുടെ വശത്തോ ഒക്കെ ചെടി ചട്ടികളിലാക്കി വയ്ക്കുന്നത് അപ്പോൾ ചെയ്യുന്നത്. നല്ല രീതിയിൽ പരിചരിച്ചാൽ മുല്ലച്ചെടി നന്നായി ചട്ടിയിൽ വളർത്തിയെടുക്കാം.

എല്ലാത്തരം മുല്ലച്ചെടികളും ചെടിച്ചട്ടിയിൽ വളരാറില്ല. മോഗ്രാ- (നല്ല മണമുള്ള ചെടി), ജാസ്‌മിനം പോളിയന്തം (വേഗത്തിൽ വളരുന്നു ) അറേബ്യൻ ജാസ്മിൻ( ചൂടുള്ള കാലാവസ്ഥകളിൽ വളരുന്നു) എന്നിവയാണ് ചെടിച്ചട്ടിയിൽ വളർത്താൻ പറ്റിയ ഇനങ്ങൾ. ഇതിൽ നിന്നും നിങ്ങൾക്ക് വളർത്താൻ അനുയോജ്യമായത് തിരഞ്ഞെടുക്കാവുന്നതാണ്.
14 ഇഞ്ച് ആഴമുള്ള, നല്ല നീർവാർച്ചയും ദ്വാരവുമുള്ളതായ ചെടിച്ചട്ടി തിരഞ്ഞെടുക്കാം. വേരുകളിൽ ഈർപ്പം തങ്ങി നിൽക്കാൻ പാടില്ലാത്തതുകൊണ്ട് തന്നെ വെള്ളം പോകാൻ സ്ഥലമുണ്ടായിരിക്കണം. ചെടിച്ചട്ടിയിൽ പെബ്ബിൾസ് ഇട്ടുകൊടുത്താൽ വെള്ളം കെട്ടിനിൽക്കുന്നത് തടയാൻ സാധിക്കും.
നേരിയ അസിഡിറ്റി ഉള്ളതും ഫലഭൂയിഷ്ഠവുമായ മണ്ണാണ് മുല്ലച്ചെടിക്ക് വേണ്ടത്. പൂന്തോട്ട മണ്ണ്, കമ്പോസ്റ്റ് അല്ലെങ്കിൽ ജൈവ വളം, മണൽ അല്ലെങ്കിൽ പെർലൈറ്റ് എന്നിവ ഉപയോഗിച്ചാൽ നല്ല നീർവാർച്ചയുള്ള മണ്ണ് ലഭിക്കും.
മുല്ലച്ചെടികൾ വളരണമെങ്കിൽ നല്ല അളവിൽ സൂര്യപ്രകാശം ലഭിക്കേണ്ടത് അത്യാവശ്യമാണ്. ദിവസവും കുറഞ്ഞത് 6 മണിക്കൂർ സൂര്യപ്രകാശം ലഭിക്കുന്നിടത്ത് ചെടിച്ചട്ടി വയ്ക്കാൻ ശ്രദ്ധിക്കണം.
വളരുന്നതും പൂവിടുന്നതുമായ സമയങ്ങളിൽ വെള്ളമൊഴിച്ച് കൊടുക്കേണ്ടത് പ്രധാനമാണ്. ഈ സമയങ്ങളിൽ എപ്പോഴും മണ്ണിൽ ഈർപ്പം ഉണ്ടായിരിക്കണം. അതേസമയം അമിതമായി വെള്ളമൊഴിച്ച് കൊടുക്കരുത്. ഇത് ചെടി നശിച്ച് പോകാൻ കാരണമാകുന്നു.
പഴുത്തതോ കേടുവന്നതോ ആയ ഇലകൾ ഉണ്ടെങ്കിൽ അത് വെട്ടിമാറ്റാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് പുതിയ ഇലകൾ വരാനും സഹായിക്കുന്നു.
വളരുന്ന സമയങ്ങളിൽ മാസത്തിലൊരിക്കൽ ഫോസ്ഫറസും പൊട്ടാസ്യവും അടങ്ങിയ ദ്രാവക വളം ഉപയോഗിക്കണം. അതേസമയം ഇലകളുടെ വളർച്ചയ്ക്ക് മാത്രം മുൻഗണന നൽകുന്ന നൈട്രജൻ വളങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കാം.

Leave a Reply

Your email address will not be published. Required fields are marked *