Your Image Description Your Image Description

കൊച്ചി: വിദേശരാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധി സംഘത്തിൽ ശശി തരൂർ ഉൾപ്പെട്ട വിവാദത്തിൽ മറുപടി പറയേണ്ടത് കേന്ദ്ര നേതൃത്വം ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശശി തരൂർ വർക്കിങ് കമ്മിറ്റി അംഗമാണ്. അതുകൊണ്ട് കേന്ദ്ര നേതൃത്വമാണ് മറുപടി പറയേണ്ടത്. സംസ്ഥാന നേതൃത്വം അഭിപ്രായം പറയേണ്ടതില്ല. ഹൈക്കമാൻഡ് നിലപാട് തന്നെയാണ് സംസ്ഥാന നേതൃത്വത്തിന്റേത് എന്നും വിവാദം സംസ്ഥാന രാഷ്ട്രീയത്തെ ഒരിക്കലും ബാധിക്കില്ല എന്നും വി ഡി സതീശൻ പറഞ്ഞു.

അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടവും ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലവും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് വിശദീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ സംഘത്തെ രൂപീകരിച്ചിരിക്കുന്നത്. കോൺഗ്രസ് നൽകിയ ലിസ്റ്റിൽ ശശി തരൂരിന്റെ പേരുണ്ടായിരുന്നില്ല. എന്നാൽ കേന്ദ്രസർക്കാർ ശശി തരൂരിനെ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തുകയായിരുന്നു. ആനന്ദ് ശര്‍മ്മ, ഗൗരവ് ഗൊഗോയ്, സയ്യിദ് നസീര്‍ ഹുസൈന്‍, രാജ ബ്രാര്‍ എന്നിവരുടെ പേരുകളാണ് കോൺഗ്രസ് നൽകിയത്. പാര്‍ട്ടി നിര്‍ദേശിക്കാത്ത ശശി തരൂരിനെ പ്രതിനിധി സംഘത്തെ നയിക്കാന്‍ നിയോഗിച്ചതില്‍ കോണ്‍ഗ്രസിന് അതൃപ്തിയുണ്ട്.

അതേസമയം. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് സർവകക്ഷി സംഘത്തെ നയിക്കാൻ തന്നോട് ആവശ്യപ്പെട്ടത് കേന്ദ്രസർക്കാരാണെന്നും ദേശീയ സേവനം ചെയ്യാനുള്ള അവസരം ഉപയോഗിക്കുമെന്നും അഭിമാനത്തോടെ താൻ യെസ് പറഞ്ഞെന്നുമായിരുന്നു ശശി തരൂരിന്റെ പ്രതികരണം. കോൺഗ്രസിനും സർക്കാരിനും ഇടയിലാണ് തർക്കം. രാഷ്ട്രമുണ്ടെങ്കിലെ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂ. ഇതിൽ താൻ രാഷ്ട്രീയം കാണുന്നില്ലെന്നും ശശി തരൂർ പറഞ്ഞു. സർക്കാർ ഭാരതീയ പൗരനോട് ഒരു കാര്യം ആവശ്യപ്പെടുമ്പോൾ അത് നിറവേറ്റാൻ നാം ബാധ്യസ്ഥനാണ്. പ്രതിനിധി സംഘത്തെ നയിക്കാമെന്ന് താൻ അഭിമാനത്തോടെ കേന്ദ്ര സർക്കാരിനോട് പറഞ്ഞു. ദേശ സ്നേഹം പൗരന്മാരുടെ കടമയാണെന്നാണ് വിശ്വാസം. അനാവശ്യമായി മറ്റ് ചർച്ചയിലേക്ക് കടക്കുന്നില്ലെന്നും തരൂർ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *