Your Image Description Your Image Description

തിരുവനന്തപുരം: മണൽ നീക്കം നിലച്ചതൊടെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ഈ മാസം മുപ്പതിനകം മുതലപ്പൊഴിയിലെ മണൽ നീക്കം പൂർത്തിയാക്കാൻ തീരുമാനം. സമര സമിതി നേതാക്കളുമായി നടത്തിയ ചർച്ചയെത്തുടർന്ന് മണൽ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ഈ മാസം മുപ്പതിനുള്ളിൽ പൂർത്തിയാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കലക്ടറുടെ വസതിയിൽ നടന്ന ചർച്ചയിൽ സമര സമിതി നേതാക്കളും ഹാർബർ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറും കരാർ കമ്പനിയുടെ പ്രതിനിധികളും പങ്കെടുത്തു.

കണ്ണൂരിൽ നിന്നെത്തിച്ച ചന്ദ്രഗിരി ഡ്രഡ്ജർ തകരാറിലായി മണൽ നീക്കം നിലച്ചതോടെയാണ് സമര സമിതി പ്രതിഷേധത്തിലേക്ക് എത്തിയത്. കഴിഞ്ഞ ദിവസം സമര സമിതി നടത്തിയ റോഡ് ഉപരോധം സംഘർഷത്തിലെത്തി. ഹാർബർ ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു. പൊലീസിന്‍റെ സാന്നിധ്യത്തിൽ ഇന്നലെ നടത്തിയ ചർച്ചയിൽ ഇന്ന് ഡ്രഡ്ജിങ് തുടങ്ങുമെന്ന് അറിയിച്ചെങ്കിലും അതുണ്ടായില്ല. സമാധാന അന്തരീക്ഷം ഉണ്ടായാൽ മാത്രമേ ഡ്രഡ്ജിങ് പുനരാരംഭിക്കൂ എന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. പിന്നാലെയാണ് ഇന്ന് കലക്ടറുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയത്.

ചന്ദ്രഗിരി ഡ്രഡ്ജറിന് പുറമേ ചേറ്റുവയിൽ നിന്നും എത്തിച്ച മെഷീനും നാളെ മുതൽ പ്രവർത്തിച്ച് തുടങ്ങുമെന്ന് കലക്ടർ ഉറപ്പ് നൽകി. മുതലപ്പൊഴിയിലെ അഴിമുഖത്ത് അടിഞ്ഞുകൂടിയ മണൽ ഈ മാസം മുപ്പതാം തീയതിക്കുള്ളിൽ പൂർണമായും നീക്കം ചെയ്യും എന്നാണ് ചർച്ചയിലുണ്ടായ തീരുമാനം. ചന്ദ്രഗിരി ഡ്രജറും ചേറ്റുവയിൽ നിന്ന് എത്തിയ മെഷീനും പ്രവർത്തിച്ചു തുടങ്ങും.സാങ്കേതികമായിട്ടുള്ള ചില ബുദ്ധിമുട്ടുകൾ ഉണ്ടായില്ല എങ്കിൽ നിലവിൽ അറിയിച്ചിട്ടുള്ള കാലാവധിക്കുള്ളിൽ മണൽ നീക്കം പൂർത്തിയാക്കാൻ കഴിയും എന്നാണ് ജില്ലാ ഭരണകൂടം സമര സമിതിയെ അറിയിച്ചത്.

മുതലപ്പൊഴി അടച്ചിടാനുള്ള തീരുമാനത്തിലേക്ക് ഇന്നലെ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എത്തിയെങ്കിലും ഇന്ന് ആ തീരുമാനത്തിൽ നിന്നും പിന്മാറുകയായിരുന്നു. പരമാവധി സമയം ഡ്രഡ്ജറുകൾ പ്രവർത്തിക്കാനുള്ള നടപടികൾ സ്വീകരിക്കും. കഴിഞ്ഞ ദിവസം മുതലപ്പൊഴിയിൽ ഉണ്ടായ അനിഷ്ട സംഭവങ്ങൾ സൗഹാർദ്ദപരമായി ചർച്ചയിൽ പരിഹരിച്ചെന്നും സമര നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. വടക്കുഭാഗത്തെ പുലിമുട്ടിനോട് ചേർന്നാണ് നിലവിൽ ഡ്രഡ്ജ് ചെയ്യുന്ന മണൽ നിക്ഷേപിക്കുന്നത്. ഇവിടെ ഒരു ബണ്ട് നിർമ്മിച്ച് തിരികെ മണൽ കടലിലേക്ക് ഇറങ്ങാത്ത രീതിയിലുള്ള സംവിധാനങ്ങൾ കൂടി ചെയ്യേണ്ടതുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടി. ഡ്രഡ്ജിങ്ങിനുള്ള എല്ലാ സൗകര്യങ്ങളും ചെയ്യുമെന്നും സമര സമിതി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *