Your Image Description Your Image Description

മെയ് 23ന് ആണ് നരിവേട്ട തിയേറ്ററുകളില്‍ എത്തുന്നത്. ഈ സാഹചര്യത്തിൽ ചിത്രത്തെ കുറിച്ച് കൂടുതൽ അവകാശവാദങ്ങളൊന്നും പങ്ക് വെക്കുന്നില്ലെന്ന് വ്യക്തമാക്കി ടോവിനോ തോമസ്. സിനിമയുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിനിടെ ആയിരുന്നു ടൊവിനോ തോമസ് അഭിപ്രായം പങ്കുവെച്ചത്.

‘ഇന്റർവ്യൂവിൽ പറഞ്ഞതിനേക്കാൾ ഉപരിയായി ഈ സിനിമയുടെ ആശയത്തെ കുറിച്ച് കൂടുതലായി ഇനിയൊന്നും പറയാനില്ല. 23 ന് ഞങ്ങളുടെ സിനിമ തീയേറ്ററിലേക്കെത്തും. സിനിമയുടെ ക്വാളിറ്റിയിൽ പോലും കോംപ്രമൈസ്സാവാതിരിക്കാൻ വേണ്ടി ഞങ്ങൾ ഈ ദിവസങ്ങളിൽ പോലും ജോലി ചെയ്തു കൊണ്ടിരിക്കുകയാണ്. എല്ലാ ഡിപ്പാർട്ട്മെന്റിന്റെയും ജോലി കഴിഞ്ഞ് സെൻസറിങ്ങും കഴിഞ്ഞ് പടമിപ്പോൾ അപ്പ്ലോഡിങ് സ്റ്റേജിലാണ് ഉള്ളത്. ഈ സമയത്ത് വേറെ അവകാശവാദങ്ങൾ ഒന്നുമില്ല. നരിവേട്ടയുടെ ടീം നിങ്ങളെയൊക്കെ തീയേറ്ററുകളിലേക്ക് ക്ഷണിക്കുകയാണ്. സിനിമ കണ്ടു കഴിഞ്ഞാൽ പ്രേക്ഷകർക്കത് ഇഷ്ടപ്പെടുമെന്നുറപ്പുണ്ട്. സ്വഭാവികമായും അർഹിക്കുന്ന വിജയം പ്രേക്ഷകർ തന്നെ നേരിട്ട് നൽകുമെന്നാണ് വിശ്വാസം‘, എന്ന് ടൊവിനോ പറഞ്ഞു.

ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിക്കുന്ന നരിവേട്ട അനുരാജ് മനോഹറാണ് സംവിധാനം ചെയ്യുന്നത്. നീതി നടപ്പാക്കുന്നവരുടേയും നീതിക്കായി കാത്തിരിക്കുന്നവരുടേയും വ്യക്തി ജീവിതത്തിന്‍റെ നിഴലാട്ടം കാട്ടിതരുന്ന ചിത്രം വലിയ മുതൽ മുടക്കിൽ എല്ലാ വിഭാഗം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന വിധത്തിലുള്ള ക്ലീൻ എൻ്റർടെയ്നറായിട്ടാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *