Your Image Description Your Image Description
Your Image Alt Text
കേന്ദ്രസര്‍ക്കാര്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ടില്‍ ഭേദഗതി വരുത്തിയതോടെ കുട്ടികള്‍ക്കെതിരെയുള്ള പല അതിക്രമങ്ങളിലും പൊലീസിന് നേരിട്ട് കേസെടുക്കാനാകുന്നില്ലെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. കെ വി മനോജ്കുമാര്‍ പറഞ്ഞു. കേരള മീഡിയ അക്കാദമിയും യുണിസെഫും സംയുക്തമായി ‘ബാലാവകാശ നിയമവും ശിശുസൗഹൃദ മാധ്യമപ്രവര്‍ത്തനവും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദ്വിദിന മാധ്യമശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നേരത്തെ കുട്ടികള്‍ക്കെതിരെ അതിക്രമം നടന്നാല്‍ പൊലീസിന് വേഗത്തില്‍ കേസെടുക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഭേദഗതി വന്നതോടെ എഴ് വര്‍ഷത്തില്‍ കുറവ് തടവ് ലഭിക്കുന്ന കേസുകള്‍ കോടതിയുടെ അനുമതിയോടെ മാത്രമേ രജിസ്റ്റര്‍ ചെയ്യാനാകുന്നുള്ളു. കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ കുറച്ച് കാട്ടാനുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗമാണ് ഇതെന്നാണ് സംശയം. ഇതിനെതിരെ ബാലാവകാശ കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
മൗലിക അവകാശങ്ങള്‍ മുതിര്‍ന്നവര്‍ക്ക് മാത്രമല്ല കുട്ടികള്‍ക്കും ബാധകമാണ്.

കുട്ടികളെ ബാധിക്കുന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ചിലപ്പോഴൊക്കെ മാധ്യമങ്ങള്‍ക്ക് അതില്‍ വീഴ്ച സംഭവിക്കുന്നുണ്ട്. ഇരയെ തിരിച്ചറിയാനാകുന്ന വിവരങ്ങള്‍ നല്‍കരുത്. പിതാവ് പ്രതിയാകുന്ന കേസില്‍ പ്രതിയുടെ പേര് വെളിപ്പെടുത്തുന്നത് ഇരയോട് ചെയ്യുന്ന നീതികേടാണെന്നും അദ്ദേഹം പറഞ്ഞു

കണ്ണൂര്‍ സ്‌കൈപാലസ് ഹോട്ടലില്‍ നടന്ന ശില്‍പ്പശാലയില്‍ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു അധ്യക്ഷത വഹിച്ചു. യുണിസെഫ് കമ്മ്യൂണിക്കേഷന്‍ സ്പെഷ്യലിസ്റ്റ് ശ്യാം സുധീര്‍ ബണ്ടി, അക്കാദമി വൈസ് ചെയര്‍മാന്‍ ഇ എസ് സുഭാഷ്, ജനറല്‍ കൗണ്‍സില്‍ അംഗം പി പി ശശീന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായി.

Leave a Reply

Your email address will not be published. Required fields are marked *