Your Image Description Your Image Description

മിനി സ്ക്രീൻ പേക്ഷകരുടെ പ്രിയ താരമായ ഗൗരി കൃഷ്‍ണൻ കുറച്ചുകാലമായി അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. യുട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുള്ള താരം ഇപ്പോൾ ഒരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ്. താൻ ഡിപ്രഷനെ അതിജീവിച്ചത് എങ്ങനെയാണ് എന്നാണ് ഗൗരി പുതിയ വീഡിയോയിൽ വിശദീകരിക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരുന്നതെന്നും ഒന്നിനോടും താത്പര്യം തോന്നാത്ത അവസ്ഥയായിരുന്നുവെന്നും ഗൗരി പറയുന്നു. തിരിച്ചുവരണം എന്നു തനിക്കു തന്നെ തോന്നിയിടത്തു നിന്നാണ് മാറ്റം ആരംഭിച്ചതെന്നും താരം കൂട്ടിച്ചേർത്തു.

”കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ പോലും തോന്നില്ലായിരുന്നു. ഒന്നിനോടും താത്പര്യം ഇല്ലാത്ത അവസ്ഥ. അതോടൊപ്പം ഒരുപാട് ഭക്ഷണം കഴിക്കുന്നതും ശീലമായി. ഡിപ്രഷൻ ഉള്ള ചിലരിൽ ഓവർ ഈറ്റിങ്ങ് ഒരു പ്രശ്നമാണ്. എന്തോ പ്രശ്‌നമുണ്ടല്ലോ എന്ന് എനിക്ക് തന്നെ തോന്നിത്തുടങ്ങിയപ്പോഴാണ് ഞാന്‍ ഭർത്താവിനോടും വീട്ടുകാരോടും പറഞ്ഞത്. അഭിനയത്തിൽ നിന്നും ബ്രേക്കെടുത്തതല്ലേ, അതുകൊണ്ടായിരിക്കും ഇങ്ങനെയൊക്കെ തോന്നുന്നതെന്നായിരുന്നു കരുതിയത്. എനിക്കേറ്റവും പ്രിയപ്പെട്ട കാര്യമായിരുന്നു അഭിനയം. അതില്‍ നിന്നും എങ്ങനെ മാറാന്‍ തോന്നിയെന്ന് എനിക്കറിയില്ല.

ഡിപ്രഷന്റെ തുടക്കത്തിലായിരുന്നു അങ്ങനെയൊരു തീരുമാനം, അത് പിന്നീടാണ് മനസിലായത്. ഒരു കാരണവുമില്ലാതെ ദേഷ്യവും, സങ്കടവും, കരച്ചിലുമൊക്കെ വരുന്ന അവസ്ഥയായിരുന്നു. എന്തിനാണ് ജീവിക്കുന്നതെന്ന തോന്നല്‍ വരെ വരുമായിരുന്നു. ഡോക്ടറെ കണ്ടപ്പോളാണ് എനിക്ക് ഡിപ്രഷനും ആംങ്സൈറ്റി ഡിസോര്‍ഡറും, പാനിക്ക് അറ്റാക്കും ഉണ്ടെന്ന് മനസിലായത്.

ആരെങ്കിലും എന്നെ രക്ഷപ്പെടുത്തട്ടെ എന്നായിരുന്നു ആദ്യമൊക്കെ തോന്നിയത്. പിന്നെ ഒരു പോയിന്റ് എത്തിയപ്പോഴാണ് ഞാന്‍ തന്നെ തിരിച്ച് വരണം. എന്നെക്കൊണ്ടേ ഇതിന് സാധിക്കൂ എന്ന് മനസിലാക്കിയത്. ഒന്നര വര്‍ഷമായി ഞാന്‍ മെഡിസിന്‍ എടുക്കുന്നുണ്ട്. ഇതൊരു നോര്‍മല്‍ അവസ്ഥയാണ്. ചികിൽസ തേടേണ്ട അസുഖം തന്നെയാണ്. ഇങ്ങനെയൊരു അവസ്ഥയിലൂടെ കടന്നുപോകുന്നവർ പെട്ടെന്ന് ഡോക്ടറെ കാണുക. എന്നെ കൂടുതലും തിരിച്ചുകൊണ്ടുവന്നത് യാത്രകളാണ്. എല്ലാവർക്കും അത് പറ്റിയെന്ന് വരില്ല. പറ്റുമെങ്കിൽ യാത്രകൾ ചെയ്യുക. സ്വയം സ്നേഹിക്കുക, ശ്രദ്ധിക്കുക, മറ്റുള്ളവര പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നത് നിർത്തുക, നിങ്ങളുടെ എനർജി നശിപ്പിക്കുന്നവരെ ജീവിതത്തിൽ നിന്നും അകറ്റി നിർത്തുക”, ഗൗരി കൃഷ്‍ണൻ പറ‍ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *