Your Image Description Your Image Description

ഇടുക്കി: കുടിയേറ്റ സ്മാരക ടൂറിസം വില്ലേജിന്റെ (മൈഗ്രേഷന്‍ മോണുമെന്റ്സ് ടൂറിസം വില്ലേജ്) ഉദ്ഘാടനം ഇടുക്കി പാര്‍ക്കില്‍ ശനിയാഴ്ച രാവിലെ 10.30-ന്. ജില്ലയുടെ കുടിയേറ്റത്തിന്റെയും കുടിയേറ്റക്കാരുടെയും ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടമാണ് ടൂറിസം വില്ലേജ് കൊണ്ട് അർത്ഥമാക്കുന്നത്. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ഇടുക്കി ആര്‍ച്ച് ഡാമിന് സമീപമാണ് കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ്.

മുപ്പത്തിആറരയടി ഉയരത്തില്‍ നിര്‍മിച്ചിരിക്കുന്ന പ്രവേശനകവാടമാണ് ആദ്യ ആകര്‍ഷണം. പാളത്തൊപ്പിയണിഞ്ഞ കര്‍ഷകന്റെ രൂപത്തില്‍ നിര്‍മിച്ചിരിക്കുന്ന കവാടത്തില്‍ ശില്‍പ്പത്തിന്റെ മധ്യഭാഗത്തിനുള്ളിലൂടെയാണ് അകത്തേക്കുള്ള പ്രവേശനം. ഇവിടെനിന്ന് കരിങ്കല്ലുപാകിയ നടപ്പാതയിലൂടെ മുകളിലേക്ക് നടന്നുകയറിയാല്‍ ആറിടങ്ങളിലായി വിവിധ ശില്‍പ്പങ്ങളോടുകൂടിയ കാഴ്ചകള്‍ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. കോണ്‍ക്രീറ്റിലാണ് പ്രതിമകളും രൂപങ്ങളും നിര്‍മിച്ചിരിക്കുന്നത്. എകെജിയും ഫാ. വടക്കനും ഗ്രാമങ്ങളും കാര്‍ഷികവൃത്തിയും ഉരുള്‍പൊട്ടലിന്റെ ഭീകരതയുമൊക്കെ ഇവിടെയുണ്ട്. കുടിയിറക്കിനെതിരായി നടന്ന ശക്തമായ സമരത്തിന്റെ ദൃശ്യാവിഷ്‌കാരവുമുണ്ട്. വന്യമൃഗങ്ങളോട് പടപൊരുതി ജീവിതം തുടങ്ങിയ പിന്‍തലമുറക്കാരുടെ ചരിത്രവും ആ കാലഘട്ടത്തിലെ കൃഷിരീതികള്‍ വിവരിക്കുന്ന ദൃശ്യങ്ങളുമുണ്ട്. ശില്‍പ്പങ്ങള്‍ക്ക് മികച്ച ലൈറ്റ് സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, ഇരിപ്പിടങ്ങളും പാതയോരങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. ഏറ്റവും മുകളിലായി സ്മാരക മ്യൂസിയവും അതോടൊപ്പം ഒരു കോഫിഷോപ്പുമാണ് സജ്ജീകരിച്ചിരിക്കുന്നത്.

പദ്ധതിയുടെ അടുത്തഘട്ടത്തില്‍ ഉദ്യാനവും കുട്ടികള്‍ക്കായി പാര്‍ക്കും ആരംഭിക്കും. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ഉദ്യാനത്തോട് ചേര്‍ന്നുള്ള അഞ്ചേക്കറിലാണ് വില്ലേജ്. പത്തുകോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന ടൂറിസം വകുപ്പ് 2019-ലാണ് അനുമതി നല്‍കിയത്. ഒന്നാം ഘട്ടമായി അനുവദിച്ച മൂന്നുകോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. മലബാറില്‍നിന്നും തിരുവിതാംകൂറില്‍നിന്നും ഇടുക്കിയുടെയും കോട്ടയത്തിന്റെയും താഴ്ന്ന പ്രദേശങ്ങളില്‍നിന്നുമാണ് ഹൈറേഞ്ചിലേക്ക് കുടിയേറ്റം നടന്നിട്ടുള്ളത്. ഇങ്ങനെ കുടിയേറിയ കര്‍ഷകരുടെ പരീക്ഷണങ്ങളും പ്രയാസങ്ങളും വില്ലേജിലെ ശില്‍പ്പങ്ങളിലൂടെയും ഇന്‍സ്റ്റലേഷനുകളിലൂടെയും വിനോദസഞ്ചാരികളിലേക്ക് എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

‘ഇന്‍സ്റ്റലേഷന്‍ ഓഫ് ഫോട്ടോഫ്രെയിംസ് അറ്റ് സെവന്‍ ലൊക്കേഷന്‍സ് ഇടുക്കി’ എന്ന പദ്ധതിയുടെ ഉദ്ഘാടനം 17-ന് ഹില്‍വ്യൂ പാര്‍ക്കിൽ മന്ത്രി നിര്‍വഹിക്കും. രാമക്കല്‍മേട്, പാഞ്ചാലിമേട്, വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്ക്, ഹില്‍വ്യൂ പാര്‍ക്ക് ഇടുക്കി, ശ്രീനാരായണപുരം, അരുവിക്കുഴി, വാഗമണ്‍ മൊട്ടക്കുന്ന് എന്നിവിടങ്ങളിലാണ് ഫോട്ടോഫ്രെയിംസ് സ്ഥാപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *