Your Image Description Your Image Description

റിയാദ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ​ഗൾഫ് സന്ദർശനത്തിൽ പല നിർണായക പ്രഖ്യാപനങ്ങളുമുണ്ടായി. എന്നാൽ, ലോകം അമ്പരപ്പോടെയും അതിലേറെ അത്ഭുതത്തോടെയും നോക്കിക്കണ്ടത് ഒരിക്കൽ അമേരിക്ക ഭീകരനെന്ന് മുദ്രകുത്തി കോടികൾ തലക്ക് വിലയിട്ട ഒരാൾക്ക് ഡൊണാൾഡ് ട്രംപ് ഹസ്തദാനം നൽകുന്ന ചിത്രമാണ്. സിറിയയിലെ ഇടക്കാല പ്രസിഡൻറ് അഹമ്മദ് അൽ-ഷറയുമായി ട്രംപ് നടത്തിയ കൂടിക്കാഴ്ച്ചയാണ് ചരിത്ര സംഭവമായി മാറിയത്. ഒരിക്കൽ അമേരിക്ക ഒരു കോടി ഡോളർ വിലയിട്ട ഭീകരനാണ് അബു മുഹമ്മദ് അൽ-ഗൊലാനി എന്ന പേരിലറിയപ്പെട്ടിരുന്ന അഹമ്മദ് അൽ-ഷറ.

നേരത്തെ അമേരിക്കൻ ഇൻറലിജൻസിന്റെ നിരീക്ഷണത്തിലായിരുന്നു നിലവിലെ സിറിയന് പ്രസിഡൻറ്. അബു മുഹമ്മദ് അൽ-ഗൊലാനി എന്ന പേരിലറിയപ്പെട്ടിരുന്ന ഇയാൾ അൽ ഖയ്ദയുമായും 2000 ത്തിലെ ഇറാഖി യുദ്ധത്തിലുമുള്ള ബന്ധമാണ് യുഎസിൻറെ എതിർപക്ഷത്താകാനുള്ള അന്നത്തെ കാരണം. ഈ സമയത്ത് തലയ്ക്ക് 1 കോടി ഡോളറാണ് യുഎസ് വിലയിട്ടത്.

ഇറാഖ് യുദ്ധം രൂക്ഷമായിരുന്ന കാലത്ത് ഭീകരസംഘങ്ങൾക്കൊപ്പം യുഎസ് സൈന്യത്തിനെതിരെ പോരാടി എന്നതാണ് ഇയാൾക്കെതിരായ കുറ്റം. യുഎസ് സൈന്യം പിടികൂടി ജയിലിടച്ചിരുന്നെങ്കിലും പിന്നീട് ഹയാത്ത് തഹ്‌രീർ അൽ-ഷാം എന്ന സംഘടനയ്ക്ക് കീഴിൽ സിറിയൻ വിമത നീക്കത്തിൻറെ നേതാവായി. ജനുവരിയിൽ അഹമ്മദ് അൽ– ഷാരയുടെ നേതൃത്വത്തിൽ ബാഷർ അൽ അസദിൻറെ അഞ്ച് പതിറ്റാണ്ട് നീണ്ട ഭരണം ഇല്ലാതാക്കിയതോടെയാണ് അഹമ്മദ് അൽ-ഷറ ഇടക്കാല പ്രസിഡൻറായത്.

ഗൾഫ് രാജ്യങ്ങൾ അഹമ്മദ് അൽ-ഷറയെ അംഗീകരിച്ചതാണ് ഇയാൾക്ക് ലോകവേദിയിൽ എത്താൻ സാഹചര്യമൊരുക്കിയത്. അഹമ്മദ് അൽ-ഷറയുടെ മുന്നേറ്റങ്ങളുടെ പിന്തുണച്ചിരുന്ന തുർക്കിയാണ് അദ്ദേഹത്തിന്റെ റിയാദ് സന്ദർശനത്തിന് സൗകര്യമൊരുക്കിയത്. ട്രംപും അൽ-ഷാരയും കൂടിക്കാഴ്ച നടത്തുമ്പോൾ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ ഫോൺ വഴി യോഗത്തിൽ പങ്കുചേർന്നിരുന്നു.

30 മിനിട്ട് നേരാമാണ് ഇരുവരും സംസാരിച്ചത്. 2000 ത്തിൽ ഹഫീസ് അൽ അസദ് യുഎസ് പ്രസിഡൻറ് ബിൽ ക്ലിൻറനുമായി സംസാരിച്ചതിന് ശേഷം ഒരു സിറിയൻ നേതാവും നേരിട്ട് യുഎസ് പ്രസിഡൻറുമായി ബന്ധപ്പെട്ടിട്ടില്ല. അതേസമയം, സിറിയയിൽ നിന്നും ഭീകരതയെ പൂർണമായും ഇല്ലാതാക്കുകയും കുർദിഷ് സേനയിൽ നിന്ന് ഐഎസ് തടങ്കൽ കേന്ദ്രങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുകയും ഇസ്രായേലിനെ നയതന്ത്രപരമായി അംഗീകരിക്കുകയും വേണമെന്ന് ട്രംപ് അൽ– ഷാറയോട് ആവശ്യപ്പെട്ടതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലിവിറ്റ് വ്യക്തമാക്കി.

സിറിയയ്ക്കെതിരായ ദീർഘകാല ഉപരോധങ്ങൾ പിൻവലിക്കുമെന്ന് റിയാദിലെ ബിസിനസ് ഫോറത്തിൽ സംസാരിക്കവെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. സൗദിയിൽ നടത്തിയ ഉന്നതതല ചർച്ചകളിലാണ് സിറിയയോടുള്ള അമേരിക്കയുടെ മനംമാറ്റം. ‘സിറിയയ്ക്ക് നല്ലകാലത്തേക്ക് തിരികെ പോകാനുള്ള സമയമാണ്’ എന്ന ട്രംപിൻറെ വാക്കുകൾ എഴുന്നേറ്റ് നിന്നാണ് സദസ് സ്വീകരിച്ചത്. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനുമായും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും നടത്തിയ ചർച്ചകളെ തുടർന്നാണ് തീരുമാനമെന്ന് ട്രംപ് പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *