Your Image Description Your Image Description

റിയാദ്: സൗദി ദമ്മാമിൽ മരിച്ച നിലയിൽ കണ്ടെത്തിയ കോഴിക്കോട് പറമ്പിൽ ബസാർ സ്വദേശിയായ യുവാവിന്റെ മരണത്തിൽ ദൂരൂഹത ആരോപിച്ച് മാതാപിതാക്കൾ രംഗത്തെത്തിയതോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നത് അനിശ്ചിതത്വത്തിൽ. എട്ട് വർഷമായി ദമ്മാമിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്ന റിനോൾഡ് കിരണിന്റെ മൃതദേഹമാണ് നടപടികൾ പൂർത്തിയായിട്ടും ഒരു മാസമായി ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ കഴിയുന്നത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും സൗദി അന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിലും ആത്മഹത്യയാണെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും മാതാപിതാക്കൾ ഇതംഗീകരിക്കാൻ തയ്യാറാകാത്തതാണ് അനിശ്ചിതത്വത്തിന് ഇടയാക്കിയത്.

ഏപ്രിൽ 12നാണ് റിനോൾഡിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ അസ്വാഭാവികത ഉന്നയിക്കപ്പെട്ടതിനെ തുടർന്ന് വിശദ അന്വേഷണം നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് നിയമനടപടികളുമായി സഹകരിച്ച സാമൂഹിക പ്രവർത്തകൻ നാസ് വക്കം പറഞ്ഞു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും സുരക്ഷാ വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ടിലും ഇത് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌പോൺസറിൽ നിന്നും കുടുംബത്തിൽ നിന്നും മകൻ പീഡനം നേരിട്ടതായി മാതാപിതാക്കൾ അരോപിച്ചിരുന്നു. എന്നാൽ എട്ട് വർഷമായി ജോലി ചെയ്യുന്ന സ്‌പോൺസറെയും കുടുംബത്തെയും മരണത്തിന് ശേഷം കുറ്റപ്പെടുത്തുന്നതിൽ സത്യമില്ലെന്നും സാമൂഹിക പ്രവർത്തകൻ പറയുന്നു.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ എല്ലാം പൂർത്തിയായിട്ടുണ്ട്. മാതാപിതാക്കളിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് മാത്രമാണ് ലഭിക്കാനുള്ളത്. നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഇനിയും വൈകിയാൽ സൗദി നടപടിക്രമം അനുസരിച്ച് മൃതദേഹം ഇവിടെ മറവ് ചെയ്യേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *