Your Image Description Your Image Description

മദ്യവും മയക്കുമരുന്നുമുള്‍പ്പെടെയുള്ള സാമൂഹ്യ വിപത്തുകള്‍ക്കെതിരായ പ്രതിരോധ ശബ്ദമായി കലയെ മാറ്റിത്തീര്‍ക്കുകയാണ് എക്‌സൈസ് വകുപ്പ് അണിയിച്ചൊരുക്കിയ ലഹരി വിരുദ്ധ ബോധവല്‍ക്കരണ നാടകം ‘വരല്ലേ ഈ വഴിയെ’. എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ അവതരിപ്പിച്ച ഈ നാടകം വളരെയധികം ജനശ്രദ്ധ നേടിയിട്ടുണ്ട്. നാടിന്റെയും വീടിന്റെയും പ്രതീക്ഷയായി വളരേണ്ട പുതുതലമുറ ലഹരിക്കടിമപ്പെട്ട് വഴിതെറ്റുന്ന കഥയാണ് നാടകം പങ്കുവെക്കുന്നത്. വ്യക്തിയെയും സമൂഹത്തെയും ഒരുപോലെ തകര്‍ക്കുന്ന ലഹരിയുടെ വഴിയെ സഞ്ചരിക്കരുതെന്ന സന്ദേശമാണ് നാടകം പകര്‍ന്നു നല്‍കുന്നത്. ജനനം മുതല്‍ മരണം വരെയുള്ള വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ മദ്യം അനിഷേധ്യ സാന്നിധ്യമാകുന്ന ദുരന്ത യാഥാര്‍ഥ്യത്തെ കണക്കറ്റ് പരിഹസിക്കുന്നതാണ് നാടകാവിഷ്‌കാരം. ലഹരി വസ്തുക്കളുടെ ദൂഷ്യവശങ്ങളെ സമകാലീന സാമൂഹ്യ യാഥാര്‍ഥ്യങ്ങളുടെ പശ്ചാത്തലത്തില്‍ തുറന്നു കാണിക്കുന്ന ബോധവല്‍ക്കരണം നാടകം ഇതിനോടകം 2500 ലധികം വേദികളില്‍ അവതരിപ്പിച്ചു കഴിഞ്ഞു. എല്ലാ അഭിനേതാക്കളും എക്‌സൈസ് വകുപ്പ് ജീവനക്കാരാണെന്ന സവിശേഷതയും നാടകത്തിനുണ്ട്. ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി സ്‌കൂളുകള്‍, കോളേജുകള്‍, വായനശാലകള്‍, ക്ലബ്ബുകള്‍ എന്നിവിടങ്ങളിലായി ബോധവല്‍ക്കരണ നാടകം അവതരിപ്പിച്ചുവരുന്നു.

കെ. ഉത്തമന്‍, പി.സി പ്രഭുനാഥ്, ബി നസീര്‍, സി.വി ദിലീപ്, എന്‍.ഡി ധ്രുവന്‍, പി.വി സുലൈമാന്‍, വി.പി.സിജില്‍ തുടങ്ങിയവരാണ് ഈ നാടകത്തെ അരങ്ങില്‍ അവിസ്മരണീയമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *