Your Image Description Your Image Description

പത്തനംതിട്ട: കോന്നിയിലെ വനംവകുപ്പ് ഓഫീസിലെത്തി പ്രകോപനപരമായി സംസാരിച്ചതില്‍ വിശദീകരണവുമായി കെ യു ജനീഷ് കുമാര്‍ എംഎല്‍എ. തല പോയാലും താനുയര്‍ത്തിയ വിഷയങ്ങള്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് നയിക്കുമെന്നാണ് കെ യു ജനീഷ് കുമാര്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചത്.

പോസ്റ്റിന്റെ പൂർണ രൂപം…

‘പാടത്തെ ഫോറസ്റ്റ് ഓഫീസിലെ സംഭവത്തെക്കുറിച്ച്…

തലപോയാലും ജനങ്ങള്‍ക്കൊപ്പം

നിരന്തരം വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമത്തിനെതിരെ ജനങ്ങള്‍ ഒരു പ്രതിഷേധയോഗം നടത്തുകയുണ്ടായി. അതില്‍ പങ്കെടുക്കാനാണ് ആ ദിവസം അവിടെ എത്തുന്നത്. അപ്പോഴാണ് ഒരു ഇതരസംസ്ഥാന തൊഴിലാളിയുടെ ഗര്‍ഭിണിയായ ഭാര്യ വിളിച്ച്, കഴിഞ്ഞ ദിവസം കാട്ടാന ഷോക്കേറ്റ് മരിച്ച കേസില്‍ അവരുടെ ഭര്‍ത്താവിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത വിവരം പറയുന്നത്.

അപ്പോള്‍ത്തന്നെ, ഉയര്‍ന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനുമായി സംസാരിച്ചു. പ്രദേശവാസികള്‍ പറയുന്നത് പ്രകാരം, കാട്ടാന ഷോക്കേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് ‘ഇന്നലെ മാത്രം 11 പേരെ’ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പ്രദേശത്തുനിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാട്ടാനയുടെ മരണത്തിന്റെ മറവില്‍ നാട്ടിലാകെ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് സമീപ ദിവസങ്ങളില്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിച്ചത് എന്നാണ് ഇതിലൂടെ മനസിലാക്കുന്നത്.

തുടര്‍ന്നാണ് പൊലീസ് ഉന്നത ഉദ്യോഗസ്ഥരേയും കൂട്ടി പാടം ഫോറസ്റ്റ് ഓഫീസില്‍ എത്തുന്നത്. ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അന്യായമായി കസ്റ്റഡിയില്‍വച്ചിരിക്കുകയാണെന്ന് മനസിലാക്കുന്നത്. ഒരു നോട്ടീസ് കൊടുത്ത് വിളിക്കാവുന്ന സംഭവത്തില്‍ നാട്ടിലാകെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്ന ഇടപെടലാണ് ചില ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.

പുറത്തുവന്ന വീഡിയോയിലെ ഒന്ന് രണ്ട് പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. അത്തരം പരാമര്‍ശങ്ങളല്ല, ആ നാടും അവര്‍ക്കുവേണ്ടി ഞാന്‍ ഉയര്‍ത്തിയ വിഷയവുമാണ് പ്രധാനം. ഇങ്ങനെ ജനങ്ങളെ ദ്രോഹിക്കുന്ന ചില ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സമീപനത്തില്‍ പല തീവ്ര സംഘടനകളും ജനങ്ങള്‍ക്കിടയില്‍ ദുഷ്പ്രചരണം നടത്തി മുതലെടുക്കാന്‍ ശ്രമിക്കുന്ന ഘട്ടത്തിലാണ് അങ്ങനെയുള്ള പരാമര്‍ശങ്ങള്‍ നടത്തേണ്ടിവന്നതും.

ഞാന്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ ജനങ്ങള്‍ക്കൊപ്പംനിന്ന് നയിക്കും. തലപോയാലും ജനങ്ങള്‍ക്കൊപ്പം.

Leave a Reply

Your email address will not be published. Required fields are marked *