Your Image Description Your Image Description

ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടിയ സംസ്ഥാനങ്ങളിൽ കേരളം ഒന്നാം സ്ഥാനത്ത്. മാതൃ-ശിശു ആരോഗ്യ സൂചകങ്ങളിൽ ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിക്കുന്നുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. മാതൃമരണനിരക്ക്. അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങളുടെ മരണ നിരക്ക്, നവജാത ശിശു മരണ നിരക്ക് എന്നിയിലാണ് കേരളം നേട്ടം സ്വന്തമാക്കിയത്. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ (ആർജിഐ) പുറത്തിറക്കിയ സാമ്പിൾ രജിസ്‌ട്രേഷൻ സിസ്റ്റം (എസ്ആർഎസ്) റിപ്പോർട്ട് 2021 ലാണ് കേരളത്തിന്റെ നേട്ടം വ്യക്തമാക്കിയത്.

2030 ൽ മാതൃമരണനിരക്ക് (എംഎംആർ) 70 ഉം അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണ നിരക്ക് (യു5എംആർ) 25 ഉം നവജാത ശിശുമരണ നിരക്ക് (എൻഎംആർ) 12 ഉം ആക്കണമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യം. കേരളത്തിന് പുറമെ മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ മാത്രമാണ് ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ മൂന്നും നേടിയ സംസ്ഥാനങ്ങൾ മഹാരാഷ്ട്രയിൽ 38 ഉം തമിഴ്‌നാട്ടിൽ 49 ആണ് മാതൃമരണ നിരക്ക്, അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങളുടെ മരണ നിരക്കിൽ തമിഴ്‌നാട്ടിൽ 14 ഉം മഹാരാഷ്ട്രയിൽ 16 ഉം ആണ് മരണനിരക്ക്, നവജാത ശിശു മരണ നിരക്കിൽ തമിഴ്‌നാട് 9, മഹാരാഷ്ട്ര 11 എന്നിങ്ങനെയാണ്.

റിപ്പോർട്ട് അനുസരിച്ച്, കേരളം (20), മഹാരാഷ്ട്ര (38), തെലങ്കാന (45), ആന്ധ്രാപ്രദേശ് (46), തമിഴ്നാട് (49), ജാർഖണ്ഡ് (51), ഗുജറാത്ത് (53), കർണാടക (63) എന്നിവയാണ് എംഎംആർ ലക്ഷ്യം നേടിയത്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണ നിരക്കിൽ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം നേടിയത് കേരളം (എട്ട്), ഡൽഹി (14), തമിഴ്നാട് (14), ജമ്മു & കശ്മീർ (16), മഹാരാഷ്ട്ര (16), പശ്ചിമ ബംഗാൾ (20), കർണാടക (21), പഞ്ചാബ് (22), തെലങ്കാന (22), ഹിമാചൽ പ്രദേശ് (23), ആന്ധ്രാപ്രദേശ് (24), ഗുജറാത്ത് (24) എന്നീ സംസ്ഥാനങ്ങളാണ്.

നവജാത ശിശു മരണ നിരക്കിൽ സുസ്ഥിര വികസന ലക്ഷ്യം കൈവരിച്ചത് കേരളം (നാല്), ഡൽഹി (എട്ട്), തമിഴ്നാട് (ഒമ്പത്), മഹാരാഷ്ട്ര (11), ജമ്മു & കശ്മീർ (12), ഹിമാചൽ പ്രദേശ് (12) എന്നി സംസ്ഥാനങ്ങളാണ്. ഇന്ത്യയിലെ ശിശുമരണ നിരക്ക് 2014-ൽ 1,000 ജനനങ്ങൾക്ക് 39 ആയിരുന്നത് 2021-ൽ 1,000 ജനനങ്ങൾക്ക് 27 ആയി കുറഞ്ഞു. നവജാത ശിശുക്കളുടെ മരണനിരക്ക് 2014-ൽ 1,000 ജനനങ്ങൾക്ക് 26 ആയിരുന്നത് 2021-ൽ 1,000 ജനനങ്ങൾക്ക് 19 ആയി കുറഞ്ഞു. അഞ്ച് വയസിൽ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണ നിരക്ക് 2014-ൽ 1,000 ജനനങ്ങൾക്ക് 45 ആയിരുന്നത് 2021-ൽ 1,000 ജനനങ്ങൾക്ക് 31 ആയി കുറഞ്ഞു. ജനന സമയത്തെ ലിംഗാനുപാതം 2014-ൽ 899 ആയിരുന്നത് 2021-ൽ 913 ആയി മെച്ചപ്പെട്ടു. ‘മാതൃ-ശിശു മരണനിരക്ക് കുറയ്ക്കുന്നതിൽ ഇന്ത്യയുടെ പുരോഗതി ആഗോള ശരാശരിയേക്കാൾ കൂടുതലാണ്,’ എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *