Your Image Description Your Image Description

മക്ക: പുരുഷ തുണയില്ലാതെ (നോൺ മഹറം) ഹജ്ജിന് വരുന്ന മലയാളി വനിത തീർത്ഥാടകരുടെ ആദ്യ സംഘം മക്കയിലെത്തി. ഇന്നലെയാണ് കോഴിക്കോട് നിന്നും കണ്ണൂരിൽ നിന്നുമായി വനിതാ തീർത്ഥടക സംഘം മക്കയിലെത്തിയത്. കോഴിക്കോട് നിന്ന് മൂന്നു വിമാനങ്ങളിലായി 515 തീർഥാടകരും കണ്ണൂരിൽനിന്ന് രണ്ടു വിമാനങ്ങളിലായി 342 പേരും ആണ് തിങ്കളാഴ്ച എത്തിയത്. വനിത തീർഥാടകർ മാത്രമായി യാത്ര ചെയ്ത വിമാനങ്ങളാണ് ജിദ്ദയിൽ ഇറങ്ങിയത്.

ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും കെഎംസിസി വനിത വളൻറിയർമാരും ഉൾപ്പെടെയുള്ളവരാണ് പുരുഷ തുണയില്ലാതെ എത്തിയ വനിത തീർത്ഥാടകരെ ഹജ്ജ് ടെർമിനലിൽ സ്വീകരിച്ചത്. ഇവർ പിന്നീട് ഹജ്ജ് സർവിസ് കമ്പനിയുടെ ബസുകളിൽ മക്കയിൽ എത്തി.

താമസസ്ഥലത്ത് വനിത വളൻറിയർമാർ ഉൾപ്പെടെ വിവിധ സന്നദ്ധ പ്രവർത്തകർ വരവേറ്റു. നോൺ മഹറം വിഭാഗത്തിലെത്തിയ തീർഥാടകർക്ക് പ്രത്യേക സുരക്ഷയുള്ള താമസസൗകര്യവും മെഡിക്കൽ സെൻററും ബസുകളുമാണ്​ ഒരുക്കിയിട്ടുള്ളത്​.

വനിതാ തീർഥാടകരോടൊപ്പം സർക്കാറിന്റെ വിവിധ വകുപ്പുകളിൽനിന്നുള്ള വനിതാ ഉദ്യോഗസ്ഥരാണ് സേവനത്തിനായി കൂടെയുള്ളത്. ലേഡീസ് വിത്തൗട്ട് മെഹ്റം വിഭാഗത്തിൽപ്പെട്ട തീർഥാടകർക്കായി കോഴിക്കോട് നിന്നും അഞ്ച്, കൊച്ചിയിൽനിന്നും മൂന്ന്, കണ്ണൂരിൽനിന്നും നാല് വീതം വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.

കോഴിക്കോട് നിന്നും ശേഷിക്കുന്ന വനിതാ വിമാനങ്ങൾ ചൊവ്വാഴ്ച വൈകീട്ട്​ 4.05നും ബുധനാഴ്ച രാവിലെ 7.40 നുമാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. കണ്ണൂരിൽ നിന്നും ചൊവ്വാഴ്ചയിലെ രണ്ട് സർവിസുകളും വനിതകൾക്ക് മാത്രമായിരിക്കും. കോഴിക്കോട് നിന്നും ബുധാനാഴ്ച മൂന്ന് വിമാനങ്ങൾ സർവിസ് നടത്തും. പുലർച്ചെ 12.40നും രാവിലെ 7.40നും വൈകീട്ട്​ 4.05നുമാണ് സർവിസ്. രണ്ടാമത്തെ വിമാനത്തിൽ വനിതാ തീർഥാടകർ മാത്രമായിരിക്കും പുറപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *