Your Image Description Your Image Description

ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി. ജമ്മു, അമൃത്സർ, ചണ്ഡീഗഢ്, ലേ, ശ്രീനഗർ, രാജ്‌കോട്ട് എന്നിവിടങ്ങളിലെ സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. സ്ഥിതി ഗതികൾ നിരീക്ഷിച്ചു വരുന്നതായും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിതെന്നും ഇൻഡിഗോ അറിയിച്ചു. ജമ്മു, ലേ, ജോദ്പുർ, അമൃത്സർ, ബുജ്, ജാംന​ഗർ, ഛണ്ഡീഗഢ്, രാജ്‌കോട്ട് എന്നിവിടങ്ങളിലെ സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യയും അറിയിച്ചു.

‘ഏറ്റവും പുതിയ സംഭവവികാസങ്ങളുടെ വെളിച്ചത്തിലും നിങ്ങളുടെ സുരക്ഷയ്ക്ക് ഞങ്ങൾ മുൻഗണന നൽകുന്നതിനാലും ജമ്മു, അമൃത്സർ, ചണ്ഡീഗഡ്, ലേ, ശ്രീനഗർ, രാജ്കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ മെയ് 13-ന് റദ്ദാക്കിയിരിക്കുന്നു’. എന്ന് ഇൻഡിഗോ എക്‌സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു. ‘ഈ തീരുമാനം നിങ്ങളുടെ യാത്രാ പദ്ധതികളെ എങ്ങനെ തടസ്സപ്പെടുത്തുമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു, നിങ്ങൾക്ക് ഉണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു. ഞങ്ങളുടെ ടീമുകൾ സ്ഥിതിഗതികൾ സജീവമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, കൂടുതൽ അപ്‌ഡേറ്റുകൾ ഉടൻ തന്നെ നിങ്ങളെ അറിയിക്കും. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ്, ദയവായി ഞങ്ങളുടെ വെബ്‌സൈറ്റിലോ ആപ്പിലോ നിങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കുക. നിങ്ങൾക്ക് സഹായം ആവശ്യമുണ്ടെങ്കിൽ ഞങ്ങളെ എപ്പോൾ വേണമെങ്കിലും ബന്ധപ്പെടാവുന്നതാണ്. നിങ്ങളെ സഹായിക്കാൻ ഞങ്ങൾ എപ്പോഴും തയ്യാറാണ്’. ഇൻഡിഗോ പ്രസ്താവനയിൽ വ്യക്തമാക്കി.

ഇന്നലെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനു പിന്നാലെ ജമ്മുവിൽ വീണ്ടും പാകിസ്ഥാന്റെ ഡ്രോൺ അയച്ചു. സാംബ സെക്ടറിലാണ് ഡ്രോൺ കണ്ടതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയുന്നത്. ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ പാക് ഡ്രോണുകളെ തകർക്കുന്ന ദൃശ്യവും വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടു. സാംബ‍ ജില്ലയിൽ ഇന്ന് ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബിലെ ഹോഷിയാർപൂർ, അമൃത്‌സർ എന്നിവിടങ്ങളിൽ ഡ്രോൺ സാന്നിധ്യമുണ്ടെന്നും സ്‌ഫോടന ശബ്ദം കേട്ടുവെന്നുമുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഈ മേഖലകളിലും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളിലെയും ഡിജിഎംഒമാർ നടത്തിയ ചർച്ചയിൽ വെടിനിർത്തൽ കർശനമായി തുടരാൻ തീരുമാനിച്ചിരുന്നു. ഇതിന് ശേഷവും പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് പ്രകോപനം തുടരുന്നുവെന്ന സൂചനയാണ് ഇത് നൽകുന്നത്. ജമ്മുവിൽ നിന്ന് 40 കിലോമീറ്റർ അകലെ അതിർത്തി മേഖലയാണ് സാംബ. ഇവിടെയാണ് രാത്രിയോടെ ഡ്രോണുകൾ തകർത്തത്.

Leave a Reply

Your email address will not be published. Required fields are marked *