Your Image Description Your Image Description

തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണം നഷ്‌ടമായ സംഭവം മോഷണമെന്ന് സ്ഥിരീകരിച്ച് പൊലീസ്. നേരത്തേ മോഷണശ്രമമല്ലെന്ന നിലപാടിലായിരുന്നു പൊലീസ്. 13 പവന്റെ സ്വർണദണ്ഡ് ഭൂമിയിൽ കുഴിച്ചിട്ടനിലയിലാണ് കണ്ടെത്തിയത്. ഇതോടെയാണ് സ്വർണം ബോധപൂർവം എടുത്ത് ഒളിപ്പിച്ചതാകാമെന്ന നി​ഗമനത്തിൽ അന്വേഷണ സംഘമെത്തിയത്. ഇതോടെ ക്ഷേത്ര ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യുകയാണ്.

കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ക്ഷേത്രത്തിലെ ശ്രീകോവിലിന് മുന്നിലെ വാതിലിൽ പഴയ സ്വർണത്തകിട് മാറ്റി പുതിയത് പൊതിയുന്നതിനായി വച്ചിരുന്ന 13.5 പവൻ സ്വർണം മോഷണം പോയത്. ക്ഷേത്രകവാടം നിർമിക്കാനായി സംഭാവന ലഭിച്ച സ്വർണമായിരുന്നു നഷ്‌ടപ്പെട്ടത്. ഈ മാസം ഏഴാം തീയതിക്കും പത്താം തീയതിക്കുമിടയിലാണ് മോഷണം നടന്നത്. കാണാതായി ദിവസങ്ങൾക്കുള്ളിൽ തന്നെ ക്ഷേത്രത്തിനുള്ളിലെ മണൽപ്പരപ്പിൽ നിന്നും സ്വർണം കണ്ടെടുത്തിരുന്നു. സ്‌ട്രോംഗ് റൂമിൽ നിന്ന് 30 മീറ്റർ അകലെ നിന്നാണ് സ്വർണം കിട്ടിയത്.

ക്ഷേത്രത്തിൽ നിന്നും 13 പവന്റെ സ്വർണദണ്ഡ് കാണാതായ സംഭവത്തിൽ മോഷണശ്രമം നടന്നില്ലെന്നായിരുന്നു നേരത്തേ പൊലീസ് പറഞ്ഞിരുന്നത്. സ്‌ട്രോംഗ് റൂമിൽ ബലം പ്രയോഗിച്ചുള്ള മോഷണം നടന്നിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ടെന്ന് തിരുവനന്തപുരം ഡിസിപി നകുൽ രാജേന്ദ്ര ദേഷ്‌മുഖ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സ്വർണം കാണാതായതിൽ കേസ് രജിസ്റ്റർ ചെയ്‌‌ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ക്ഷേത്രത്തിലെ മണൽപ്പരപ്പിൽ നിന്ന് സ്വർണം ലഭിച്ചത്.

ബുധനാഴ്ച തത്കാലത്തേക്ക് നിർത്തിവച്ച ജോലി പുനരാരംഭിച്ചപ്പോഴാണ് സ്വർണ ദണ്ഡുകളിലൊന്ന് കാണാതായത് ശ്രദ്ധയിൽപ്പെട്ടത്. പൊലീസും ക്ഷേത്രസുരക്ഷാ ഉദ്യോഗസ്ഥരും പകൽ മുഴുവനും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പണിക്കായി പുറത്തെടുക്കുമ്പോഴും തിരികെ വയ്ക്കുമ്പോഴും സ്വർണം തൂക്കി തിട്ടപ്പെടുത്താറുണ്ടായിരുന്നു. സുരക്ഷാ വീഴ്‌ച സംഭവിച്ചതായി നേരത്തേ ജീവനക്കാർ മൊഴി നൽകിയിരുന്നു. അതേസമയം, ശാസ്‌ത്രീയ പരിശോധന നിർണായകമാകുമെന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *