Your Image Description Your Image Description
Your Image Alt Text

അധ്യാപകന്റെ കൈവെട്ടുകേസ് ഒന്നാംപ്രതി കണ്ണൂരിൽ പിടിയില്‍; വലയിലായത് 13 വർഷത്തിന് ശേഷം. പ്രതിപക്ഷം എൻ ഐ എ യെ അഭിനന്ദിക്കുമോ അതോ 13
വർഷം കൈയെത്തും ദൂരത്തുണ്ടായിരുന്ന പ്രതിയെ പിടികൂടാൻ സാധിക്കാത്തതിൽ അപലപിക്കുമോ. ഇത് കേരളം പോലീസ് അല്ലല്ലോ അല്ലെ കേന്ദ്രത്തിന്റെ ഏജൻസി അല്ലെ. കേരളം പോലീസായിരുന്നെങ്കിൽ ഇപ്പോൾ പ്രതിപക്ഷ നേതാവും, ഭാവി പ്രതിപക്ഷ നേതാവും, അമേരിക്കയിലുള്ള പ്രസിഡന്റും, മുതൽ മണ്ഡലം സെക്രട്ടറിമാർ വരെ പോലീസിനെതിരെ ആഞ്ഞടിച്ചേനെ. പക്ഷെ ഇവിടെ അതിനു സ്കോപ്പില്ലാതായി പോയി.

തൊടുപുഴ ന്യുമാൻ കോളജിലെ അധ്യാപകനായിരുന്ന ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് ഏറെക്കാലം ഒളിവിലായിരുന്നു. അധ്യാപകന്റെ കൈ വെട്ടിയ മഴുവുമായി കടന്നു കളഞ്ഞതായിന്നു ഒന്നാം പ്രതി. കേരളാ പൊലീസിന് അന്വേഷണത്തിൽ ശുഷ്കാന്തിയില്ല എന്നാരോപിച്ചായിരുന്നു അന്വേഷണം കേന്ദ്രം എൻ ഐ എ ക്കു കൈമാറിയത്. ദേശിയ ഏജൻസി ഇന്റര്പോളിന് വരെ ലുക്ക് ഔട്ട് നോട്ടീസ് നൽകിയിട്ടും പ്രതിയെ കിട്ടിയില്ല. ഒടുവിൽ എറണാകുളം, കുന്നത്തുനാട്‌ അശമന്നൂര്‍ സ്വദേശി സവാദ് പിടിയിലായി . പതിമൂന്ന് വർഷത്തിന് ശേഷമാണ് സവാദ് പിടിയിലായത്. കണ്ണൂർ, മട്ടന്നൂരിലെ ബേരത്ത് മരപ്പണി ചെയ്ത് വരികയായിരുന്ന സവാദിനെ കഴിഞ്ഞ ദിവസം അർധരാത്രിയോടെ വാടക വീട്ടിൽ നിന്നാണ് പിടിച്ചത്. ചോദ്യമിതാണ് 13 വർഷമായി കണ്ണൂരിൽ ഉണ്ടായിരുന്ന സവാദിനെ സംരക്ഷിച്ചതാര്. യഥാർത്ഥ ഗൂഢാലോചകരിലേക്കു അന്വേഷണം ചെന്നെത്താത്തതെന്തു കൊണ്ട്. ആരാണ് ന്യൂമാൻസ് കോളേജിന്റെ കണ്ണിലെ കരടായ പ്രൊഫെസ്സർ ജോസഫിനോട് ഈ ക്രൂരതകാട്ടാൻ നിർദേശം നൽകിയത്, ഗൂഢാലോചന നടത്തിയത് എന്നിടത്തേക്കു എൻ ഐ എ തിരിഞ്ഞു നോക്കുന്നില്ല. അതിൽ പ്രതിപക്ഷത്തിനും അന്ന് ഇന്നും ഒരു കുറ്റവും പറയാനില്ല. അവർക്കതറിയേണ്ട കാര്യവുമില്ല. കാരണം സംശയത്തിന്റെ ചൂണ്ടുവിരൽ ചെന്നെത്തുന്നത് ചില പ്രതിപക്ഷ സംഘടനകളിലേക്കാണ്. ഇനിയും ഏതാനും പ്രതികളെ കണ്ടെത്താനുണ്ട്. അവരെല്ലാം ഒളിവിലാണ്. അവർ പിടിയിലായാൽ ചിലപ്പോൾ അന്വേഷണം കോട്ടയം ജില്ലയിലേക്ക് വഴിതിരിച്ചു വിടേണ്ടി വരും . അത് തന്നെയാണ് പ്രതിപക്ഷത്തിന്റെ മൗനത്തിനും കാരണം

എൻഐഎ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന സവാദിനെ, കണ്ടെത്താൻ സഹായിക്കുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ചാണ് മലയാളം അധ്യാപകനായിരുന്ന ജോസഫിന്റെ കൈവെട്ടിയത്. ഗൂഢാലോചന നടത്തിയവരിൽ അന്വേഷണം എത്തിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ചില പ്രതികൾ ഇനിയും പിടികൊടുക്കാതെ ഒളിവിലാണ്. തന്നെ ഉപദ്രവിച്ച ആളെന്ന നിലയിലാണ് സവാദ് പിടിയിലായതെന്നും ഇതില്‍ വ്യക്തിപരമായി പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ലെന്നും ടി.ജെ ജോസഫ് പറഞ്ഞു. ഏറ്റവും കൂടുതല്‍ മുറിപ്പെടുത്തിയ ആള്‍ എന്ന നിലയിലാണ് സവാദ് ഒന്നാം പ്രതിയായത്. ആസൂത്രണം നടത്തിയവരും അക്രമത്തിന് ആഹ്വാനം ചെയ്തവരുമാണ് ശരിക്കും മുഖ്യപ്രതികള്‍. അവർ ഇപ്പോഴും മറവിൽ തന്നെയാണ്. നിയമവ്യവസ്ഥയെ ബഹുമാനിക്കുന്ന പൗരന്‍ എന്ന നിലയില്‍ സവാദിന്‍റെ അറസ്റ്റ് സന്തോഷമുണ്ടാക്കുന്ന കാര്യമാണെങ്കിലും വ്യക്തിപരമായി താല്‍പര്യമൊന്നുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

2010 ജൂലൈ നാലിനാണ് കേരളത്തെയാകെ ഞെട്ടിച്ച സംഭവം നടന്നത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ സവാദാണ് കൈവെട്ടിയത്. കൃത്യം നടത്തിയ ദിവസം തന്നെ ആലുവയിൽ നിന്ന് ബെംഗളൂരുവിലേക്ക് സവാദ് കടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കൈവെട്ടാൻ ഉപയോഗിച്ച മഴുവുമായാണ് സവാദ് കടന്നത്. 54 പ്രതികളെയാണ് കേസിൽ പ്രതിചേർത്തത്. ഇതിൽ മറ്റെല്ലാവരുടെയും വിചാരണ പൂർത്തിയായി. 13 പേരെ ശിക്ഷിക്കുകയും ചെയ്തു. സവാദിന്റെ കൂട്ടാളികളായ എം.കെ.നാസർ, സജിൽ, നജീബ് എന്നിവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. സവാദ് വിദേശത്തേക്ക് കടന്നെന്ന വിവരത്തെത്തുടർന്ന് എൻഐഎ അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ദുബായ്, പാകിസ്ഥാൻ, നേപ്പാൾ, അഫ്‌ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. അപ്പോളാണ് സവാദ് കണ്ണൂരിൽ മരപ്പണിക്കാരനായി ഒളിവിൽ കഴിഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *