Your Image Description Your Image Description

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ പണം കണ്ടെത്തിയ സംഭവത്തില്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ പങ്ക് സംശയിച്ച് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. കത്തിക്കരിഞ്ഞ നോട്ടുക്കെട്ടുകളുടെ ബാക്കി ജസ്റ്റിസ് വര്‍മയുടെ വീട്ടില്‍നിന്ന് മാറ്റിയത് പേഴ്‌സണല്‍ സ്റ്റാഫ് അംഗമാണെന്ന സൂചനയാണ് റിപ്പോര്‍ട്ടിലുള്ളത്. സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി ചീഫ് ജസ്റ്റിസിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച് സൂചനയുള്ളത്. ഹോളി ദിനത്തില്‍ ജഡ്ജി യശ്വന്ത് വര്‍മ്മയുടെ ഒദ്യോഗിക വസതിയിലുണ്ടായ തീപിടിത്തം അണയ്ക്കാൻ എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥര്‍ 15 കോടി രൂപ കണ്ടെത്തിയെന്നായിരുന്നു അനൗദ്യോഗിക റിപ്പോർട്ട്. സംഭവത്തിൽ പ്രതിഷേധവുമായി അഭിഭാഷകസംഘടന അയക്കം രംഗത്തെത്തിയിരുന്നു.

സംഭവം ഡൽഹി ഹൈക്കോടതിയിൽ ഉന്നയിച്ച് അഭിഭാഷകരോട് ഇത് ഞെട്ടിപ്പിക്കുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ഡി.കെ ഉപാധ്യായയ കോടതിയിൽ പറഞ്ഞു. പ്രതിഷേധങ്ങൾ ശക്തമായതോടെ സുപ്രീംകോടതി ആഭ്യന്തര അന്വേഷണം തുടങ്ങുകയും ചെയ്തിരുന്നു. ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി കൂടിയായ യശ്വന്ത് വര്‍മ്മ നികുതി സംബന്ധമായ കേസുകളാണ് പരിഗണിക്കുന്നത്. ജസ്റ്റിസ് വര്‍മയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ അടക്കം മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഇതിനിടെ സുപ്രീംകോടതി ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസ് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കൈമാറിയിട്ടുണ്ട്. ആരോപണം അന്വേഷിക്കാന്‍ രൂപീകൃതമായ ആഭ്യന്തര അന്വേഷണ സമിതി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്.

സ്ഥാനമൊഴിയാന്‍ ജസ്റ്റിസ് വര്‍മ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഈ നീക്കമെന്നാണ് വിവരം. വിഷയത്തിൽ കേന്ദ്ര സര്‍ക്കാരാണ് ഇനി തുടര്‍നടപടി സ്വീകരിക്കേണ്ടത്. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി. എസ് സന്ധ്വാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി ശിവരാമന്‍ എന്നിവരടങ്ങുന്ന ആഭ്യന്തര അന്വേഷണ സമിതിയാണ് റിപ്പോര്‍ട്ട് കൈമാറിയത്. സമിതി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടേയും, ഡല്‍ഹി പോലീസിലേയും, ഫയര്‍ ഫോഴ്‌സിലേയും, ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവരില്‍ നിന്ന് മൊഴിയെടുത്തിരുന്നു. കൂടാതെ ഡല്‍ഹി ഹൈക്കോടതിയിലെ ചില ജീവനക്കാരുടെ മൊഴിയും സമിതി രേഖപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *