Your Image Description Your Image Description

കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ തന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കെ സുധാകരൻ രംഗത്തെത്തി . തുടങ്ങിവച്ച പല കാര്യങ്ങളും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഏറ്റെടുത്തതെല്ലാം വിജയകരമായി തന്നെ പൂർത്തിയാക്കാൻ സാധിച്ചിട്ടുണ്ട്.

സിപിഎമ്മിനെതിരെ ഒരു പടക്കുതിരയായി താൻ ഉണ്ടാകുമെന്നും കെ സുധാകരൻ പറഞ്ഞു. കെപിസിസി ഭാരവാഹികൾ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിലായിരുന്നു സുധാകരന്റെ പരാമർശം.
കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

അത് ഞാൻ സണ്ണിയെ ഏൽപ്പിക്കുന്നു. തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ സാധിച്ചു. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത് ഒരു പ്രശ്‌നമല്ല. പ്രവർത്തകർ ആണ് എന്റെ കരുത്ത്. സിപിഎമ്മിനെതിരെ ഒരു പടക്കുതിര ആയി ഞാൻ ഉണ്ടാകും.

ഭരണകൂടങ്ങളുമായി നോ കോംപ്രമൈസ് എന്നാണ് എന്റെ ശൈലി. ഇരട്ടച്ചങ്ക് ഉള്ളവരോടും നിലപാടിൽ മാറ്റമില്ല. മല്ലികാർജുൻ ഖാർഗെയോടും രാഹുൽ ഗാന്ധിയോടും നന്ദി പറയുന്നു. വർക്കിംഗ് കമ്മിറ്റിയിൽ നിയോഗിച്ചതിന് നന്ദി.

സണ്ണി ജോസഫ് എന്റെ അനുജനാണ്. സണ്ണിയുടെ രാഷ്‌ട്രീയ നേട്ടത്തിൽ അഭിമാനമുണ്ട്. അന്തരിച്ച പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് എംജി കണ്ണന്റെ കുടുംബത്തിന് കെപിസിസി അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്നും ‘, കെ സുധാകരൻ പറഞ്ഞു.

എകെ ആന്റണിയെ വീട്ടിലെത്തി സന്ദർശിച്ച ശേഷമാണ് സണ്ണി ജോസഫും നിയുക്ത ഭാരവാഹികളും സ്ഥാനമേറ്റെടുക്കാനെത്തിയത്. പുതിയ സംഘത്തിൽ സമ്പൂർണ വിശ്വാസമുണ്ടെന്ന് എകെ ആന്റണി പ്രതികരിച്ചു.

യുഡിഎഫിനെയും കോൺഗ്രസിനെയും ശക്തിപ്പെടുത്തുന്നതിനൊപ്പം എല്ലാ ജനങ്ങളെയും കൂട്ടിയോജിപ്പിക്കാനാകും. തീരദേശ മലയോര ജനങ്ങളെയാണ് തനിക്ക് ഏറെ ഇഷ്‌ടം. മലയോര കർഷകർക്ക് ആശ്വാസം നൽകാൻ ഈ ടീമിന് സാധിക്കും.

മലയോര കർഷകന്റെ പുത്രൻ കെപിസിസി അദ്ധ്യക്ഷനായിരിക്കുന്നു. ഉളിക്കൽ ഗ്രാമത്തിൽ നിന്ന് പടിപടിയായി വളർന്ന് സണ്ണി ജോസഫ് ഇന്ന് കോൺഗ്രസ് നേതൃനിരയിലെത്തിയെന്നും എകെ ആന്റണി പറഞ്ഞു.

ഇന്ന് രാവിലെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ലളിതമായ ചടങ്ങുകളോടെയാണ് നടന്നത് . പ്രധാന നേതാക്കളും പ്രവർത്തകരും പങ്കെടുത്തു . തന്നെ നോമിനേറ്റ് ചെയ്തത് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണെന്നും ഏതെങ്കിലും മത വിഭാഗത്തിന്റെ പ്രതിനിധിയായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ ശേഷം സണ്ണി ജോസഫ് പറഞ്ഞു .

കോണ്‍ഗ്രസ് ഒരു മതേതര പാര്‍ട്ടിയാണ്. മതേതര ശബ്ദമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. അതിന്റെ വക്താവാണ് താൻ . വലിയ പ്രതീക്ഷയോടെയാണ് കെപിസിസി പ്രസിഡന്റിന്റെ ചുമതല ഏറ്റെടുക്കുന്നത്. കൂട്ടായ്മയാണ് ഏറ്റവും വലിയ കരുത്ത്. നല്ല ഒരു ടീമാണ് രൂപീകരിക്കപ്പെട്ടിരിക്കുന്നത്.

ദേശീയ നേതൃത്വത്തിന്റെയും കേരളത്തിലെ മുതിര്‍ന്ന നേതാക്കളുടെയും അകമഴിഞ്ഞ പിന്തുണയോടെ മുന്നോട്ടു പോകും. കെ.കരുണാകരന്റെയും ഉമ്മന്‍ ചാണ്ടിയുടെയും സ്മൃതികുടീരങ്ങളില്‍ എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് പ്രതികരിച്ചത്. ആ പ്രതീക്ഷ അസ്ഥാനത്താകില്ല.

എന്നെ കണ്ണൂര്‍ ഡിസിസി പ്രസിഡന്റാക്കിയത് കെ.സുധാകരനായിരുന്നു. തന്റെയല്ലാതെ ആരുടെ പേര് പറയുമെന്നാണ് അന്ന് സുധാകരന്‍ ചോദിച്ചത്. പൂര്‍ണമായല്ലെങ്കിലും രാഷ്ട്രീയമായി സുധാകരന് പകരക്കാരനാകാന്‍ കഴിയും. ഞാന്‍ ഒറ്റയ്ക്കല്ല. കരുത്തുറ്റ ടീമിന്റെ ബലത്തില്‍ മുന്നോട്ട് പോകും. കെപിസിസിക്ക് ഇപ്പോഴുള്ളത് വര്‍ക്കിങ് അല്ല ഹാര്‍ഡ് വര്‍ക്കിങ് പ്രസിഡന്റുമാരാണ്.

2026 അല്ല 2025 തന്നെയാണ് ലക്ഷ്യം. തദ്ദേശതിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ കോണ്‍ഗ്രസ് ആരംഭിച്ചു കഴിഞ്ഞുവെന്നും വലിയ വിജയം നേടുമെന്നും സണ്ണി ജോസഫ് പറഞ്ഞു. സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിന് എതിരെയും കേന്ദ്രത്തിനെതിരെയും പോരാട്ടം നടത്തും.

സംസ്ഥാനത്ത് ജനങ്ങള്‍ സര്‍ക്കാരിന് എതിരാണ്. ഈ സര്‍ക്കാര്‍ വന്നതിനു ശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ യുഡിഎഫാണ് വിജയിച്ചത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംഘടനാ പ്രവര്‍ത്തനവും ശക്തമാക്കുമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു .

Leave a Reply

Your email address will not be published. Required fields are marked *