Your Image Description Your Image Description

അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്‍ലി. ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് പ്രഖ്യാപനം. ഇന്ത്യക്കായി 123 ടെസ്റ്റുകളില്‍ കളിച്ച വിരാട് കോലി 46.85 ശരാശരിയില്‍ 9230 റണ്‍സാണ് നേടിയത്. 30 സെഞ്ച്വറികളും 31 അര്‍ധസെഞ്ച്വറികളുമാണ് വിരാടിന്റെ പേരിലുള്ളത്. 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കിംഗ്സ്റ്റണിലാണ് ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയത്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിരാട് കോലിയുടെ ബാറ്റിംഗ് ശരാശരിയിലും പ്രകടനത്തിലും വലിയ ഇടിവാണ് സംഭവിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കളിച്ച 37 ടെസ്റ്റില്‍ മൂന്ന് സെഞ്ച്വറി അടക്കം1990 റണ്‍സ് മാത്രമാണ് കോലി ആകെ നേടിയത്.

രണ്ടാഴ്ച മുമ്പാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കാനുള്ള സന്നദ്ധത ബിസിസിഐയെ അറിയിച്ചത്. ഇംഗ്ലണ്ട് പരമ്പരയിലെങ്കിലും കളിക്കണമെന്ന് ബിസിസിഐ അഭ്യര്‍ത്ഥിച്ചെങ്കിലും വിരാട് കോലി ഇതിന് മറുപടി നല്‍കിയിരുന്നില്ല. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസതാരത്തെ ബന്ധപ്പെട്ട് വിരാട് കോലിയെ വിരമിക്കല്‍ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ബിസിസിഐ ശ്രമിച്ചെങ്കിലും ഇതും വിജയിച്ചില്ല. ഇതിന് പിന്നാലെയാണ് കോലി ഇന്‍സ്റ്റഗ്ലാം പോസ്റ്റിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മാസം നടക്കുന്ന ഇംഗ്ലണ്ട് പരമ്പരയില്‍ കൂടി തുടരാന്‍ ബിസിസിഐ ആവശ്യപ്പെട്ടിരുന്നെങ്കിലും കോലി തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ തന്നെ തന്‍റെ ടെസ്റ്റ് കരിയര്‍ അവസാനിച്ചുവെന്ന് കോലി സഹതാരങ്ങളെയും ടീം മാനേജ്മെന്‍റിനെയും അറിയിച്ചെങ്കിലും അന്നത് ആരും ഗൗരവമായി എടുത്തിരുന്നില്ല. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് കോലിയുടെ തീരുമാനം. കോലി മാറുന്നതോടെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ വലിയ വിടവാണ് സൃഷ്ടിക്കാന്‍ പോകുന്നത്. കോലിയുടെ തീരുമാനം കേട്ട് നിരാശയിലായിരിക്കുകയാണ് ആരാധകരും.

Leave a Reply

Your email address will not be published. Required fields are marked *