Your Image Description Your Image Description

ബെയ്ജിങ് : ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിൽ ഉലച്ചിലുകള്‍ തുടരുന്നതിനിടെ ചൈനയുമായി 20 സുപ്രധാന കരാറുകളിൽ ഒപ്പുവച്ച് മാലദ്വീപ്. കരാറുകളിൽ ഒപ്പുവച്ചതിനു പുറമെ തന്ത്രപ്രധാന സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി, ഉഭയകക്ഷി ബന്ധം ദൃഢമാക്കാൻ ധാരണയിലെത്തിയതായും ചൈനീസ് വാർത്താ ഏജൻസിയായ ഷിൻഹുവ റിപ്പോർട്ടു ചെയ്തു.

ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ്, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു എന്നിവരുടെ സാന്നിധ്യത്തിലാണ് സർക്കാർ പ്രതിനിധികൾ നിർണായക കരാറുകളില്‍ ഒപ്പുവച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കാരാറുകളെ സംബന്ധിച്ച വിശദ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

അഞ്ചു ദിവസത്തെ സന്ദർശനത്തിനായി ചൈനയിലെത്തിയ മുഹമ്മദ് മുയിസു മാലദ്വീപിലേക്കു കൂടുതൽ സഞ്ചാരികളെ അയയ്ക്കാൻ ചൈനയോട് അഭ്യർഥിച്ചിരുന്നു. നയതന്ത്ര പ്രശ്നങ്ങളുടെ തുടർച്ചയായി ഇന്ത്യൻ വിനോദസഞ്ചാരികള്‍ മാലദ്വീപിലേക്കുള്ള യാത്ര റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിലാണ് അഭ്യർഥന.

മാലദ്വീപിലേക്കുള്ള വിദേശ സഞ്ചാരികളിൽ ഒന്നാമത് ഇന്ത്യക്കാരാണ്. ചൈനീസ് പ്രീമിയർ ലി ക്വിയാങ് ഉൾപ്പെടെയുള്ള നേതാക്കളെ സന്ദർശിച്ചശേഷം വെള്ളിയാഴ്ചയാണ് മുയിസു മാലെയിലേക്ക് മടങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *