Your Image Description Your Image Description

കൊച്ചി : കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയ്ക്ക് ( കുഫോസ്) അസസ്മെന്റ് ആൻഡ് അക്രിഡിറ്റേഷൻ കൗൺസിലിന്റെ (നാക്) അക്രഡിറ്റേഷനിൽ എ ഗ്രേഡ് ലഭിച്ചതായി സർവകലാശാല പ്രൊ ചാൻസലർ കൂടെയായ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു.

ആദ്യ പരിശോധനയിൽ തന്നെ എ ഗ്രേഡ് വാങ്ങിക്കൊണ്ടാണ് കുഫോസ് ചരിത്രം കുറിച്ചത്. നാക് അക്രെഡിറ്റേഷൻ ലഭിച്ചതോടെ ഐ സി എ ആർ, എ ഐ സി ടി ഇ, യു ജി സി എന്നീ മൂന്ന് സ്ഥാപനങ്ങളുടെയും അംഗീകാരമുള്ള ഇന്ത്യയിലെ ആദ്യത്തെ സർവകലാശാലയായി കുഫോസ് ചരിത്രത്തിൽ ഇടം പിടിച്ചു.

ഡിസംബർ 3 മുതൽ 5 വരെയായി നടന്ന പീർ റിവ്യൂ ടീമിന്റെ പരിശോധനക്ക് ശേഷമാണ് കഴിഞ്ഞ ദിവസം കുഫോസിന് എ ഗ്രേഡോടു കൂടി നാക് ആക്രെഡിറ്റേഷൻ ലഭിച്ച വിവരം കൌൺസിൽ അറിയിച്ചത്. സ്ഥാപനത്തിന്റെ മേന്മ, നൂതന രീതികൾ പിന്തുടരുന്നതിലെ മാതൃക, വിദ്യാഭ്യാസ രീതി, പഠന പ്രവർത്തനങ്ങൾ, മൂല്യനിർണയം എന്നിവയിലെ മികവാണ് യൂണിവേഴ്സിറ്റിയെ എ ഗ്രേഡിൽ എത്തിച്ചത് എന്ന് നാക് അറിയിച്ചു. രാജ്യത്തെ ഫിഷറീസ് സമുദ്ര പഠനരംഗത്തെ ആദ്യ സർവകലാശാലയാണ് 1979 ൽ പ്രവർത്തനമാരംഭിച്ച കുഫോസ്.

ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കുഫോസിൽ മുഴുവൻ കോഴ്‌സുകളിലും മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്കായി 20% സീറ്റുകൾ നീക്കിവെച്ചിരുന്നു. ഈ നേട്ടങ്ങൾ കൈവരിക്കാൻ കാരണമായ സർവ്വകലാശാലയിലെ അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനത്തെ മന്ത്രി അഭിനന്ദിച്ചു.പഠന, ഗവേഷണ, വിജ്ഞാന വ്യാപന രംഗത്ത് സർവ്വകലാശാലയുടെ കുതിപ്പിന് നാക് എ ഗ്രേഡ് ഊർജ്ജം പകരുമെന്ന് വൈസ് ചാൻസിലർ ഡോ. ടി പ്രദീപ്കുമാർ പറഞ്ഞു.

അന്തർദേശീയ പഠന കോൺഗ്രസ്, അന്തർദേശീയ പ്രസിദ്ധീകരണം, മലയാള പ്രസിദ്ധീകരണമായ നീരദം, യു ആർട്ടിക് മെമ്പർഷിപ്പിലൂടെ ആർട്ടിക് മേഖലയിലെ ഗവേഷണം, ഫിഷറീസ് സമുദ്ര പഠന വിജ്ഞാന കേന്ദ്രങ്ങൾ എന്നിവയാണ് കുഫോസിന്റെ ഭാവി പ്രവർത്തനങ്ങൾ എന്ന് അദ്ദേഹം പറഞ്ഞു. ഗവേഷണ രംഗത്തെ മികവുമൂലം കുഫോസിന് സമുദ്ര ഫിഷറീസ് പഠനരംഗത്ത് മികച്ച നില കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. കേരളത്തിനു പുറത്തുനിന്നും വിദേശത്തുനിന്നും ഉൾപ്പെടെ 1550 ഓളം വിദ്യാർഥികളെ കുഫോസിലേക്ക് ആകർഷിക്കാൻ കഴിഞ്ഞിട്ടുണ്ട്.

വിദേശ സർവകലാശാലകളുമായി സഹകരിച്ച് വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിലും സ്ഥാപനങ്ങളിലും പഠിക്കാനും ഗവേഷണം നടത്താനുംഅവസരമുണ്ടെന്നു നോർവെയുമായുള്ള വിദ്യാഭ്യാസ ഗവേഷണ സഹകരണ പദ്ധതി ഉദാഹരിച്ചു കൊണ്ടു ഡോക്ടർ ദിനേശ് കൈപ്പിള്ളി, രജിസ്ട്രാർ വിവരിച്ചു. ഡോ. രഞ്ജിത്ത് കെ, ഡോ. അനൂ ഗോപിനാഥ് എന്നിവരാണ് നാക് അക്രിഡിറ്റേഷനുമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *