Your Image Description Your Image Description

പാക് സൈന്യം ഭാരതത്തിനെതിരെ ആക്രമണം തുടരുകയാണ്. മതവിശ്വാസത്തിൽ അധിഷ്ഠിതമായി യുദ്ധം ചെയ്യുകയെന്നത് ആധുനിക കാലഘട്ടത്തിൽ ആത്മഹത്യാപരമാണെന്ന് അവർ വൈകാതെ തിരിച്ചറിയും. യൂണിഫോമിട്ട മതഭീകരവാദിയാണ് പാകിസ്ഥാന്റെ സൈനിക മേധാവി അസിം മുനീർ. അയാളുടെ പിടിവാശിയിലാണ് ഇപ്പോൾ യുദ്ധം നടക്കുന്നത്. മതകാര്യങ്ങൾ പറഞ്ഞാണ് സൈനികരെ യുദ്ധത്തിലേക്ക് തള്ളിവിടുന്നത്. യഥാർത്ഥത്തിൽ ഒരു സേനാത്തലവന്റെ ചിന്തയല്ല, മതവിശ്വാസമാണ് തീരുമാനങ്ങൾക്ക് അടിസ്ഥാനം. സ്വന്തം രാജ്യത്തിന്റെ പ്രാപ്തിയും സൈനികരുടെ ശേഷിയും ശത്രുസൈന്യവുമായി താരതമ്യം ചെയ്തുകൊണ്ടാണ് എല്ലാ സേനാത്തലവന്മാരും യുദ്ധത്തിനിറങ്ങുക. അത്തരത്തിൽ നോക്കിയാൽ യുക്തിരഹിതമായ തീരുമാനമാണ് അസിം മുനീർ എടുത്തത്. ഭാരതം സൈനികരംഗത്ത് കൈവരിച്ച നേട്ടങ്ങളിൽ അയാൾ ബോധവാനല്ല. ആധുനിക സജ്ജീകരണങ്ങളോടെ, വിവരസാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ പതിപ്പുമായാണ് നമ്മുടെ സൈനികർ മൂന്നുസേനയിലും സുസജ്ജരായി നിൽക്കുന്നത്. യുദ്ധത്തിലേക്ക് നാം പോയിട്ടില്ല, പക്ഷേ യുദ്ധസമാനമായ രീതിയിലാണ് ഭാരതമെന്ന് ഓർക്കണം. അന്താരാഷ്‌ട്ര നിയമങ്ങൾ പാലിച്ച്, അതിർത്തികൾ ലംഘിക്കാതെ, സ്വന്തം ഭൂമിയിൽ നിലയുറപ്പിച്ചുതന്നെ പാകിസ്ഥാന്റെ ഏത് കേന്ദ്രവും തകർക്കാൻ ഭാരതത്തിനാകും. വരുംദിവസങ്ങളിൽ ഇത് പാകിസ്ഥാന് കൂടുതൽ ബോധ്യമാകും. നമ്മുടെ തന്ത്രപ്രധാനമായ സൈനികകേന്ദ്രങ്ങൾക്ക് പുറമെ സാധാരണക്കാരേയും സ്‌കൂളുകളെയും ഗുരുദ്വാരകളെയും ചർച്ചുകളെയും പാക് സൈന്യം ലക്ഷ്യമിടുന്നു. ഇത് യുദ്ധനിയമങ്ങൾക്കെല്ലാം വിരുദ്ധമാണ്. ഭാരതത്തിലെ സിവിലിയൻമാരെയും സൈനികകേന്ദ്രങ്ങളെയും ആക്രമിക്കാൻ ശ്രമിച്ചതിന് മറുപടിയായാണ് വ്യാഴാഴ്ച രാത്രി ശക്തമായ പ്രത്യാക്രമണം ഭാരതം നടത്തിയത്. ഇതുകൊണ്ടൊന്നും പാഠം പഠിക്കാൻ പാക്കിസ്ഥാൻ ഒരുക്കമല്ലെന്നാണ് മനസിലാക്കേണ്ടത്. തുർക്കിയുടെയും ചൈനയുടെയും സഹായം ഒരിക്കലും പാകിസ്ഥാന് ഗുണം ചെയ്യില്ല. ഭാരതത്തിന് എതിരെയുള്ള ചില കുപ്രചരണങ്ങൾ നടത്തിയെങ്കിലും വിജയിക്കാമെന്ന വ്യാമോഹത്തിലാണ് പാകിസ്ഥാൻ. ഇക്കാര്യത്തിൽ നമ്മുടെ രാജ്യത്തെ പൗരന്മാർ വളരെ ജാഗ്രത കാട്ടണം. സാമൂഹികമാധ്യമങ്ങളിൽ വരുന്ന വാർത്തകൾ രാജ്യത്തിനും സൈന്യത്തിനും ദോഷകരമാകുന്നതാണെങ്കിൽ ഒരിക്കലും അതിനെ പ്രോത്സാഹിപ്പിക്കരുത്. പൗരബോധത്തോടെയാകണം വിവരങ്ങളെ സമീപിക്കേണ്ടത്. കേന്ദ്രസർക്കാരോ സൈനികവക്താക്കളോ ഔദ്യോഗികമായി പറയുന്നത് മാത്രമെ വിശ്വാസത്തിലെടുക്കാവൂ. ഇതിൽ എല്ലാവരും ഉത്തരവാദിത്തത്തോടെ പെരുമാറണം. കാരണം മുൻകാലങ്ങളിൽ നന്നും വ്യത്യസ്തമാണ് യുദ്ധരീതികൾ. വിജയിക്കാനായി ഏത് നികൃഷ്ടമാർഗവും സ്വീകരിക്കാൻ പാകിസ്ഥാന് മടിയില്ല. സോഷ്യൽ മീഡിയയും ആയുധമായേക്കാം. പാകിസ്ഥാൻ കോപ്പുകൂട്ടുന്നതെല്ലാം ഭാരതം അറിയുന്നുണ്ട്. എത്രയാണോ ഇങ്ങോട്ട് ആക്രമിക്കുന്നത് അതിന്റെ പത്തിരട്ടി ശക്തിയിൽ തിരിച്ചുകിട്ടുമെന്ന് ഓർമ വേണം. ആണവായുധ ഭീഷണിയടക്കം പയറ്റിയ പാക് സൈന്യവും അവിടുത്തെ ഭരണകർത്താക്കളും ഇപ്പോൾ പുതിയ അടവുകൾ ഇറക്കുകയാണ്. ഭാരതത്തിൽ എന്തെല്ലാം ആക്രമണങ്ങൾക്ക് മുതിർന്നാലും അതിന് തക്ക ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുമെന്നതിൽ തർക്കമില്ല. വരുംദിവസങ്ങളിലും ഇത് തുടരും. ആഭ്യന്തരപ്രശ്‌നങ്ങളിൽ വീർപ്പുമുട്ടിയിരിക്കുകയാണ് ആ രാജ്യം. ഒരു ഭാഗത്ത് ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ശക്തമായ ആക്രമണം. മറുഭാഗത്ത് ജനങ്ങളുടെ രോഷം. കാർഷികാവശ്യത്തിന് വെള്ളമില്ല, വികസനമുറപ്പാക്കുന്ന വൈദ്യുതിയില്ല, നല്ല ഗതാഗതസംവിധാനമില്ല. സാമ്പത്തികമായി തകർന്നടിഞ്ഞതോടെ ലോക ബാങ്കിനോട് വായ്പ ചോദിച്ചിരിക്കുകയാണ് പാകിസ്ഥാൻ. ഇത് കിട്ടിയില്ലെങ്കിൽ ഗതികേടിന്റെ ആഴത്തിലേക്ക് പതിക്കും അവിടത്തെ ഭരണകൂടം.

Leave a Reply

Your email address will not be published. Required fields are marked *