Your Image Description Your Image Description

മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച്ചയാണ് മദേഴ്‌സ് ഡേയായി ഇന്ത്യയിൽ ആചരിക്കുന്നത്. അമ്മയുടെ സ്നേഹവും കരുതലും ലോകം നന്ദിയോടെ സ്മരിക്കുന്ന ഈ ദിവത്തിനും ചില പ്രത്യേകതകളുണ്ട്.പതിവായി വാങ്ങിക്കൊടുക്കാറുള്ള വസ്ത്രങ്ങൾ, ചോക്ലേറ്റുകൾ തുടങ്ങിയ സമ്മാനങ്ങൾക്ക് പകരം അമ്മയ്ക്ക് ഇത്തവണ ഒരു വെറൈറ്റി ഗിഫ്റ്റ് കൊടുക്കാൻ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇത്തവണ അതൊരു ഇലക്‌ട്രിക് സ്‌കൂട്ടർ ആവട്ടെ. എവിടെയെങ്കിലും പോണമെങ്കിൽ അച്ഛന്റേയോ മക്കളുടെയോ സഹായം തേടുന്ന അമ്മമാരെ ഇക്കാര്യത്തിൽ സ്വയം പര്യാപ്തമാക്കാൻ ഇത് സഹായിക്കുകയും ചെയ്യും. പക്ഷേ ഏത് ഇവി വാങ്ങി കൊടുക്കുമെന്ന കൺഫ്യൂഷനാണെങ്കിൽ അതിനും ഞങ്ങൾ സഹായിക്കാം. താങ്ങാനാവുന്ന വിലയിൽ അമ്മമാർക്ക് പറ്റിയ കിടിലൻ ചില മോഡലുകളെ ഈ ലേഖനത്തിലൂടെ നിങ്ങൾക്ക് പരിചയപ്പെടുത്തി തരാം. മദേഴ്‌സ് ഡേയ്ക്ക് അമ്മയ്ക്ക് വാങ്ങിക്കൊടുത്താൽ അവരും ഹാപ്പിയാവും. ബജാജ് ചേതക് ഇവി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്‌ട്രിക് സ്‌കൂട്ടറായ ബജാജ് ചേതക് ഇവിയുടെ 35 സീരീസ് അമ്മമാർക്ക് വളരെ അനുയോജ്യമായ ഇരുചക്ര വാഹനങ്ങളിൽ ഒന്നാണ് കേട്ടോ. കിടിലൻ ഡിസൈനും ആവശ്യത്തിന് ഫീച്ചറുകളും മാന്യമായ റേഞ്ചുമെല്ലാം താങ്ങാനാവുന്ന വിലയുമാണ് ചേതക്കിന്റെ പ്രത്യേകത. 1.15 ലക്ഷം രൂപ വില വരുന്ന മോഡലിന് സിംഗിൾ ചാർജിൽ 113 കിലോമീറ്റർ റേഞ്ചും മണിക്കൂറിൽ 73 കിലോമീറ്റർ പരമാവധി വേഗവുമാണ് ഇതിലുള്ളത്. ടിവിഎസ് ഐക്യൂബ് S: വലിയ സ്റ്റൈൽ ഒന്നും വേണ്ടാത്ത എന്നാൽ വിശ്വസിക്കാൻ കൊള്ളാവുന്ന ഇലക്‌ട്രിക് സ്‌കൂട്ടർ അമ്മയ്ക്ക് സമ്മാനിക്കണമെന്നുണ്ടെങ്കിൽ കണ്ണുംപൂട്ടി ടിവിഎസ് ഐക്യൂബ് വാങ്ങിക്കോ കേട്ടോ. 1.10 ലക്ഷം രൂപ വില വരുന്ന ഇവിക്ക് ഫുൾ ചാർജിൽ 100 കിലോമീറ്റർ വരെ റേഞ്ച് നൽകാനാവും. അതേസമയം പരമാവധി വേഗം 78 കിലോമീറ്ററായും കമ്പനി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. ബാറ്ററി പൂർണമായി ചാർജാവാൻ 4.5 മണിക്കൂർ മാത്രമാണ് സമയം വേണ്ടിവരിക. ഹീറോ വിഡ V2: ഹീറോയുടെ ഇലക്‌ട്രിക് സ്‌കൂട്ടർ നിരയിലെ വിഡ V2 മോഡലും സ്ത്രീകൾക്ക് ഏറെ അനുയോജ്യമായ ടൂവീലറാണ് കേട്ടോ. വെറും 99,000 രൂപ എക്സ്ഷോറൂം വില വരുന്ന ഇതിന് 110 കിലോമീറ്റർ റേഞ്ചും മണിക്കൂറിൽ 65 കിലോമീറ്റർ പരമാവധി വേഗതയുമാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിന്റെ സ്വാപ്പബിൾ ബാറ്ററികളും ലൈറ്റ് വെയ്‌റ്റ് ഡിസൈനും പ്രായോഗികത വർധിപ്പിക്കുന്ന സംഗതികളാണ്. ഏഥർ റിസ്‌ത: ഫാമിലി സ്‌കൂട്ടർ എന്ന ലേബലിൽ പുറത്തിറങ്ങിയ ഏഥറിന്റെ ഏറ്റവും പുതിയ മോഡൽ വിപണിയിൽ വലിയ തരംഗമാണ് സൃഷ്‌ടിച്ചത്. 125 കിലോമീറ്റർ റേഞ്ചും മണിക്കൂറിൽ 80 കിലോമീറ്റർ പരമാവധി വേഗവുമുള്ള ഇതിന് 1.10 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. വിശാലമായ സീറ്റ്, വിശാലമായ ഫുട്‌ബോർഡ്, വലിയ ബൂട്ട് സ്‌പേസ് എന്നിവയാൽ ഇത് വേറിട്ടുനിൽക്കുന്നുമുണ്ട്. റീജനറേറ്റീവ് ബ്രേക്കിംഗ്, മൊബൈൽ ആപ്പ് നിയന്ത്രണങ്ങൾ തുടങ്ങിയ സവിശേഷതകൾ ഉള്ളതിനാൽ അമ്മമാരുടെ യാത്രകളും ഈസിയാവും. റിവർ ഇൻഡി: ഇക്കൂട്ടത്തിൽ വേറിട്ടുനിൽക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറാണ് റിവർ ഇൻഡി. നല്ല പ്രായോഗികമായ രൂപകൽപ്പനയുള്ള മോഡലിനെ ഇവകളിലെ എസ്‌യുവിയെന്നാണ് കമ്പനി തന്നെ വിശേഷിപ്പിക്കുന്നത്. 1.25 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന വാഹനത്തിന് സിംഗിൾ ചാർജിൽ 120 കിലോമീറ്റർ ദൂരം വരെ ഓടാനാവും. ഇക്കൂടെ 90 കിലോമീറ്റർ പരമാവധി വേഗം, 5 മണിക്കൂർ ചാർജിംഗ് സമയം എന്നിവ കൂടിയാവുമ്പോൾ സംഗതി ഉഷാറാവും.

Leave a Reply

Your email address will not be published. Required fields are marked *