Your Image Description Your Image Description

‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് വ്യാപകമായി വിമർശനം ഉയർന്നതിനെ തുടർന്ന് ഖേദം പ്രകടിപ്പിച്ച് സംവിധായകന്‍ ഉത്തം മഹേശ്വരി. ചിത്രം പ്രഖ്യാപിച്ചതില്‍ നിര്‍വ്യാജമായ ഖേദം പ്രകടിപ്പിക്കുന്നതായി സംവിധായകന്‍ പറഞ്ഞു. ആരുടേയും വികാരങ്ങളെ വ്രണപ്പെടുത്താനോ പ്രകോപിപ്പിക്കാനോ ഉദ്ദേശിച്ചല്ല ചിത്രം പ്രഖ്യാപിച്ചതെന്ന് ഉത്തം മഹേശ്വരി പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യന്‍ സായുധ സേനയുടെ വീരോചിതമായ പ്രയത്‌നങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം പ്രഖ്യാപിച്ചതെന്ന് സംവിധായകന്‍ പറയുന്നു.

സൈനികരുടെയും നേതൃത്വത്തിന്റെയും ധൈര്യവും ത്യാഗവും ശക്തിയും വളരെയധികം സ്പര്‍ശിച്ചു. ഈ ശക്തമായ കഥ വെളിച്ചത്തു കൊണ്ടുവരാന്‍ ആഗ്രഹിച്ചു. ഈ സിനിമ എടുക്കുവാൻ ആഗ്രഹിച്ചതിനു പിന്നിൽ പണമോ പ്രശസ്തിയോ ആയിരുന്നില്ല ലക്ഷ്യം. എന്നാൽ, ചിത്രത്തിന്റെ പോസ്റ്റർ പുറത്തു വന്നതിനു പിന്നാലെ ചിലര്‍ക്ക് അസ്വസ്ഥതയോ വേദനയോ ഉണ്ടാക്കിയിരിക്കാമെന്ന് മനസിലാക്കുന്നു. അതില്‍ അഗാധമായി ഖേദിക്കുന്നുവെന്നും ഉത്തം മഹേശ്വരി അറിയിച്ചു.

കശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ തിരിച്ചടിയ്ക്ക് ഇന്ത്യന്‍ സൈന്യം നല്‍കിയ പേരാണ് ‘ഓപ്പറേഷന്‍ സിന്ദൂര്‍’. ഈ പേരാണ് ഉത്തം മഹേശ്വരി സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രത്തിനും നൽകിയത്. നിക്കി വിക്കി ഭഗ്നാനി ഫിലിംസും ദി കണ്ടന്റ് എന്‍ജിനീയറുമാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. സൈനിക യൂണിഫോമില്‍ നിൽക്കുന്ന വനിത നെറ്റിയില്‍ സിന്ദൂരക്കുറി അണിയുന്നതായാണ് പോസ്റ്ററിലുള്ളത്. ‘ഭാരത് മാതാ കീ ജയ്’ എന്ന് ത്രിവര്‍ണത്തില്‍ എഴുതിയിരിക്കുന്നതായും പോസ്റ്ററില്‍ കാണാം. സിനിമയുടെ മറ്റ് വിവരങ്ങൾ ഇത് വരെ പുറത്തു വിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *