Your Image Description Your Image Description

മോഹൻലാലും ശോഭനയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ‘തുടരും’ സിനിമ വൻ ഹിറ്റായിരിക്കുകയാണ്. തരുണ്‍ മൂര്‍ത്തിയാണ് സിനിമയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വീണ്ടും മോഹൻലാലിനൊപ്പം ഒരു പുതിയ സിനിമ ചെയ്യാൻ സാധ്യതയുണ്ടെന്ന് തരുണ്‍ മൂര്‍ത്തി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത് ഇപ്പോൾ ചര്‍‌ച്ചയായിരിക്കുകയാണ്. സിനിമ ചെയ്യാനുള്ള ഓപ്ഷൻ ഓപ്പണാണ്. തുടരും റിലീസാകും മുന്നേ തന്നെ നമുക്കൊരു സിനിമ ചെയ്യാമെന്നുള്ള ഓപ്പണിംഗ് ഉണ്ട്. ഇനിയും അത് ഓപ്പണ്‍ തന്നെയാണ്. നല്ലൊരു സ്‍ക്രിപ്റ്റുണ്ടെങ്കില്‍ നമുക്ക് സിനിമ ചെയ്യാമെന്ന് ലാലേട്ടൻ പറയും എന്നാണ് എന്റ വിശ്വാസം. പക്ഷേ ആ തിരക്കഥ പ്രധാനമാണ്.

തുടരും അത്രയേറെ ആള്‍ക്കാരില്‍ പതിഞ്ഞ സിനിമയാണ്. അതിനാല്‍ ഞാനും രഞ്‍ജിത്തേട്ടനും വീണ്ടും ഒന്നിക്കുമ്പോള്‍ മിനിമം തുടരും ആണ് പ്രതീക്ഷിക്കപ്പെടുക. അതിനെ എങ്ങനെ ചലഞ്ച് ചെയ്യുമെന്നതില്‍ തിരക്കഥ അന്വേഷിക്കുന്നുണ്ട്. അങ്ങനെ ഒരു സ്‍ക്രിപ്റ്റ് വന്നാല്‍ ലാല്‍ സാറിന്റെയടുത്ത് നമ്മള്‍ ചെല്ലും എന്നും തരുണ്‍ മൂര്‍ത്തി വ്യക്തമാക്കി. തുടരും ആഗോളതലത്തില്‍ ഏകദേശം 160 കോടിയിലേറെ കളക്ഷൻ നേടിയിട്ടുണ്ട്. കെ ആര്‍ സുനിലിനൊപ്പം തരുൺ മൂർത്തിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷണ്‍മുഖൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മോഹൻലാല്‍ വേഷമിട്ടിരിക്കുന്നത്. ഒരു ടാക്സി ഡ്രൈവര്‍ കഥാപാത്രമാണ് ചിത്രത്തില്‍ മോഹൻലാലിന്റേത്. ലളിത എന്ന വീട്ടമ്മയായി നായികാ കഥാപാത്രമായി ശോഭന എത്തുന്ന ചിത്രത്തിൽ ഫര്‍ഹാൻ ഫാസില്‍, മണിയൻപിള്ള രാജു, ബിനു പപ്പു, ഇര്‍ഷാദ് അലി, ആര്‍ഷ കൃഷ്‍ണ പ്രഭ, പ്രകാശ് വര്‍മ, അരവിന്ദ് എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

അതേസമയം തുടരും ചിത്രത്തിന് മറ്റൊരു പേര് കൂടി ആലോചിച്ചിരുന്നുവെന്ന് തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തിയിരുന്നു. വിന്റേജ് എന്ന പേരായിരുന്നു മോഹൻലാല്‍ ചിത്രത്തിനായി ആലോചിച്ചിരുന്നത് എന്ന് തരുണ്‍ മൂര്‍ത്തി പറഞ്ഞിട്ടുണ്ട്. സിനിമയുമായി ചേര്‍ന്നുനില്‍ക്കുന്ന പേരാണ് തുടരും. എന്ത് പ്രശ്‍നങ്ങള്‍ സംഭവിച്ചാലും ഒരാളുടെ ജീവിതം തുടരും എന്ന ഫോര്‍മാറ്റിലാണ് തുടരും എന്ന് പേര് നല്‍കിയത്. അവസാന ഷെഡ്യൂള്‍ ആയപ്പോള്‍ വിന്റേജ് എന്നൊരു സജഷൻ ഉണ്ടായി. എന്നാല്‍ മോഹൻലാല്‍ വിന്റേജിലേക്ക് തിരിച്ചുവരുന്നു എന്ന് നമ്മള്‍ പറയുന്നതു പോലെയാകും. വിന്റേജ് എന്ന പേര് ലാലേട്ടനോട് പറഞ്ഞപ്പോള്‍ എന്തിനാ മോനേ മനോഹരമായ തുടരും എന്ന വാക്കുള്ളപ്പോള്‍ മറ്റൊരു പേര് എന്ന് ചോദിച്ചു. അങ്ങനെ ആ പേര് ഉറപ്പിക്കുകയായിരുന്നുവെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *