Your Image Description Your Image Description

വാട്സ്ആപ്പ് ദൈര്‍ഘ്യമേറിയ സന്ദേശങ്ങള്‍ സംഗ്രഹിക്കാനുള്ള ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. മെറ്റ എഐ നല്‍കുന്ന ഈ ഫീച്ചര്‍ സ്വകാര്യ സംഭാഷണങ്ങള്‍, ഗ്രൂപ്പുകള്‍, ചാനലുകള്‍ എന്നിവയിലെ ചാറ്റുകള്‍ സംഗ്രഹിക്കും. ദൈര്‍ഘ്യമേറിയ സന്ദേശത്തിന്റെ ഉള്ളടക്കം വേഗത്തിൽ മനസിലാക്കാൻ സഹായിക്കുകയും വിലപ്പെട്ട സമയം ലാഭിക്കുകയും ചെയ്യുന്നതാണ് പുതിയ ഫീച്ചറെന്നാണ് റിപ്പോർട്ട്. വായിക്കാത്ത സന്ദേശങ്ങള്‍ ഒരുപാട് ഉണ്ടെങ്കില്‍ സംഗ്രഹം തയ്യാറാക്കാനുള്ള ബട്ടണ്‍ വാട്‌സാപ്പില്‍ ദൃശ്യമാകും. മെറ്റയുടെ പ്രൈവറ്റ് പ്രോസസിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സംഗ്രഹം തയ്യാറാക്കുന്നത്.

മാത്രമല്ല വാട്സ്ആപ്പിനോ മെറ്റയ്ക്കോ മറ്റാര്‍ക്കെങ്കിലുമോ നിങ്ങളുടെ സന്ദേശങ്ങള്‍ ലഭ്യമാകില്ലെന്ന് ഉറപ്പാക്കും എന്നാണ് മെറ്റ അവകാശപ്പെടുന്നത്. മുഴുവന്‍ പ്രക്രിയയും സുരക്ഷിതമായാണ് നടത്തുന്നത്. സന്ദേശത്തിന്റെ ഉള്ളടക്കം സൂക്ഷിക്കുകയോ നിലനിര്‍ത്തുകയോ ചെയ്യാതെ സംഗ്രഹം നേരിട്ട് മൊബൈല്‍ ഫോണ്‍ അടക്കമുള്ളവയിലേക്ക് തിരികെ ലഭ്യമാക്കും. എന്നാൽ അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി ഓണാക്കിയിട്ടുള്ള ചാറ്റുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാകില്ല എന്നാണ് റിപ്പോർട്ട്. സന്ദേശങ്ങള്‍ സംഗ്രഹിക്കാനുള്ള ഓപ്ഷന്‍ ചാറ്റുകളിലും ഗ്രൂപ്പുകളിലും ചാനലുകളിലും ദൃശ്യമാകും, ഇത് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ എല്ലാ സന്ദേശങ്ങളിലൂടെയും കടന്നുപോകാതെ കാര്യം വളരെ വേഗത്തില്‍ മനസിലാക്കാന്‍ ഉപയോക്താക്കള്‍ക്ക് അവസരം നല്‍കും.

ഭാവിയിലെ ഒരു അപ്ഡേറ്റില്‍ ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചാറ്റുകളുടെ പശ്ചാത്തലത്തില്‍ എ.ഐ വാള്‍പേപ്പറുകള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന സംവിധാനവും വാട്‌സാപ്പ് ഉടന്‍ അവതരിപ്പിക്കുമെന്നാണ് വിവരം. എ.ഐ വാള്‍പേപ്പര്‍ ജനറേറ്റുചെയ്യാനും അത് ചാറ്റുകളുടെ പശ്ചാത്തലത്തില്‍ ഉപയോഗിക്കാനും ടെക്സ്റ്റ് പ്രോംപ്റ്റ് ഉപയോഗിച്ച് സാധിക്കും. ടെക്സ്റ്റ് പ്രോംപ്റ്റുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് എന്തും സൃഷ്ടിക്കാന്‍ കഴിയും എന്നതാണ് മറ്റൊരു സവിശേഷത. പശ്ചാത്തലത്തില്‍ പുതിയ നിറങ്ങള്‍, വസ്തുക്കള്‍ അല്ലെങ്കില്‍ മൃഗങ്ങളുടെ ചിത്രങ്ങള്‍ എന്നിവ ഉപയോഗിക്കാനും പിന്നീട് അവ പരിഷ്‌ക്കരിക്കാനും സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *