Your Image Description Your Image Description

സുധാകരൻ വിഷയത്തിൽ ആകെ ആടി ഉലഞ്ഞു കോൺഗ്രസ് നേതൃത്വം.രാഹുൽ ഗാന്ധിയും കേരളത്തിലെ കോൺഗ്രസ്സുകാരെ കൊണ്ട് തലവേദന ഒഴിഞ്ഞിട്ട് നേരമില്ലാതായി.കെ സുധാകരനെ കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ നീക്കിയാൽ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന്‌ വ്യക്തമാക്കി രാഹുൽ ഗാന്ധിക്ക്‌ കോൺഗ്രസ് എ നേതാക്കളുടെ പരാതി. ഒമ്പത്‌ എംപിമാരും 10 എംഎൽഎമാരും അടക്കം വലിയ സംഘം നേതാക്കളാണ്‌ ഇ മെയിൽ വഴി പരാതി നൽകിയത്‌.ചൊവ്വാഴ്‌ച പ്രസിഡന്റിനെ പ്രഖ്യാപിക്കാൻ ഹൈക്കമാൻഡ്‌ ധാരണയായതാണ്‌. എന്നാൽ കൂട്ടത്തോടെയുള്ള പരാതി വന്ന സാഹചര്യത്തിൽ മാറ്റിവയ്‌ക്കുകയായിരുന്നു. പ്രസിഡന്റിനെ എപ്പോൾ മാറ്റിയാലും പ്രശ്നങ്ങൾ ഉണ്ടാകാമെന്നും അതിനാൽ ഈ ഘട്ടത്തിൽ തന്നെ മാറ്റം പ്രഖ്യാപിക്കുന്നതാണ്‌ ഉചിതമെന്നുമാണ്‌ ദീപ ദാസ്‌മുൻഷി അടക്കമുള്ളവരുടെയും വി ഡി സതീശന്റെയും നിലപാട്‌.
കേരളത്തിലെ കോൺഗ്രസ്‌ പ്രവർത്തകർക്കിടയിൽ ഒട്ടും സ്വാധീനം ഇല്ലാത്തയാളാണ്‌ ആന്റോ ആന്റണി എന്നാണ്‌ രാഹുലിന്‌ അയച്ച പരാതികളിലുള്ളത്‌. കോട്ടയം, പത്തനംതിട്ട ഭാഗങ്ങളിൽ മാത്രം അറിയപ്പെടുന്ന ഒരാളെ സുധാകരന്‌ പകരംകൊണ്ടുവരുന്നത്‌ ആത്മഹത്യാപരമാണെന്നും എഴുതുയിട്ടുണ്ട്‌. റോബർട്ട്‌ വധ്രയുടെ പിന്തുണയിൽ മാത്രം ഒരാളെ കെപിസിസി പ്രസിഡന്റായി ചുമക്കേണ്ട ആവശ്യം പ്രവർത്തകർക്കില്ല. സണ്ണി ജോസഫ്‌ പ്രസിഡന്റായാൽ സ്വന്തം പഞ്ചായത്തിൽപോലും പിന്തുണ കിട്ടില്ല. സുധാകരനെ മാറ്റുമ്പോൾ കെ മുരളീധരനെപോലുള്ളവരെ എന്തുകൊണ്ട്‌ പരിഗണിക്കുന്നില്ലെന്ന ചോദ്യവും നേതാക്കൾ ഉയർത്തുന്നു.സുധാകരനെപ്പോലൊരു മുതിർന്ന നേതാവിനെ അപമാനിച്ച്‌ പടിയിറക്കുന്നത്‌, ദുർബലമായ സംഘടനാസംവിധാനമുള്ള സംസ്ഥാന കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന്‌ ബഹുഭൂരിപക്ഷം നേതാക്കളും കരുതുന്നു. എന്നാൽ ഹൈക്കമാൻഡിനെ വെല്ലുവിളിച്ച്‌ സുധാകരൻ പ്രസിഡന്റായി തുടരുന്നത്‌ നേതൃത്വത്തിന്‌ നാണക്കേടാണെന്നാണ്‌ വി ഡി സതീശൻ അടക്കമുള്ളവരുടെ അഭിപ്രായം. ഇപ്പോൾ നടപടിയെടുത്തില്ലെങ്കിൽ അത്‌ അഖിലേന്ത്യാ നേതൃത്വത്തിനെതിരെ കൂടുതൽ കലാപങ്ങൾക്ക്‌ പ്രേരണയാകുമെന്നും ഈ വിഭാഗം നേതാക്കൾ പറയുന്നു.
പ്രതിസന്ധി രൂക്ഷമാണെങ്കിലും സുധാകരൻതന്നെ കെപിസിസി പ്രസിഡന്റായി തുടരട്ടെയെന്ന വാദത്തെ പിന്തുണയ്‌ക്കാൻ ഹൈക്കമാൻഡ്‌ തയ്യാറല്ല. വരുംദിവസങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുമെന്ന്‌ നേതൃത്വം പറയുന്നു.കേരളത്തിൽ സംഘടനാ പ്രതിസന്ധിയുണ്ടാക്കിയത്‌ ദീപാ ദാസ്‌ മുൻഷിയാണെന്നും കേരളത്തിന്റെ ചുമതലയിൽ നിന്ന്‌ അവരെ മാറ്റണമെന്നും സുധാകരൻ പക്ഷക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇതിലും ഉറച്ചുനിന്നേക്കും. ആവശ്യങ്ങളിൽ ചിലത്‌ അംഗീകരിച്ചാൽ മാറ്റിയാലും തൽക്കാലം സുധാകരൻ കോൺഗ്രസ്‌ വിടില്ലെന്നാണ്‌ ഹൈക്കമാൻഡിന്റെ പ്രതീക്ഷ. ചിലയിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളുണ്ടാകാമെന്നും കരുതുന്നു. പൊട്ടിത്തെറിയുടെ ആഘാതം കുറയ്‌ക്കാൻ കേരളത്തിലെ മുതിർന്ന നേതാക്കളുമായി ദീപ ദാസ്‌ മുൻഷിയും കെ സി വേണുഗോപാലും ഉൾപ്പെടെയുള്ള നേതാക്കൾ ആശയവിനിയം നടത്തി. രാഹുൽ ഗാന്ധിയോടും മല്ലികാർജുൻ ഖാർഗെയൊടും സംസാരിച്ച ഘട്ടത്തിൽ നേതൃമാറ്റമുണ്ടാകുമെന്ന കൃത്യമായ സൂചന സുധാകരന്‌ നൽകിയിരുന്നു. കേരളത്തിലെത്തിയ ശേഷം കാലുമാറുകയായിരുന്നുവെന്നാണ്‌ ഹൈക്കമാൻഡ്‌ വൃത്തങ്ങൾ പറയുന്നത്‌.തദ്ദേശ തെരഞ്ഞെടുപ്പ്‌ വരെയങ്കിലും തുടരാൻ അനുവദിക്കണമെന്നായിരുന്നു സുധാകരന്റെ വാദം. സുധാകരനും മറ്റ്‌ ചില നേതാക്കൾക്കും പ്രതികരിക്കാൻ അവസരം കിട്ടുംമുൻപ്‌ പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കാനാകാത്തത്‌ തിരിച്ചടിച്ചുവെന്നാണ്‌ ഹൈക്കമാൻഡ്‌ വിലയിരുത്തൽ. അതിനിടെ, പ്രസിഡന്റ്‌ മാറ്റത്തെ ചൊല്ലി നിരന്തരമായി ഉണ്ടാകുന്ന പോരും ചെളിവാരി എറിയലും അവസാനിപ്പിക്കണമെന്ന്‌ യുഡിഎഫ്‌ ഘടകകക്ഷികൾ കോൺഗ്രസ്‌ നേതൃത്വത്തോട്‌ ആവശ്യപ്പെട്ടു. ഈ പോക്ക്‌ യുഡിഎഫിന്റെ എല്ലാ സാധ്യതകളും അടച്ചുകളയുമെന്ന്‌ മുസ്ലിം ലീഗ്‌, ആർഎസ്‌പി നേതാക്കൾ വ്യക്തമാക്കി. സുധാകരനെ മാറ്റി പുതിയ പ്രസിഡന്റിനെ കൊണ്ടുവരുമ്പോൾ മുൻപുള്ളയാളേക്കാൾ മോശക്കാരനാകരുതെന്ന അഭിപ്രായമുള്ളവരും ഘടകകക്ഷികളിലുണ്ട്‌. പ്രസിഡന്റ്‌ തർക്കത്തിന്റെ പേരിൽ ക്രൈസ്തവ സഭയെ വലിച്ചിഴയ്ക്കേണ്ടെന്ന്‌ കത്തോലിക്കാസഭയുടെ മുഖപത്രം ദീപിക എഡിറ്റോറിയൽ എഴുതി. കെ സുധാകരനെ അനുകൂലിച്ച്‌ സംസ്ഥാനത്തിന്റെ പലഭാഗത്തും അനുയായികൾ പോസ്‌റ്റർ പ്രചാരണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *