Your Image Description Your Image Description

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഒപ്പറേഷന്‍ സിന്ദൂർ’ എന്ന അപ്രതീക്ഷിത ആക്രമണത്തോട് ലോക രാജ്യങ്ങൾ പലവിധത്തിൽ പ്രതികരണം നടത്തിയിരുന്നു. പിന്നാലെ തുര്‍ക്കി, പാകിസ്ഥാന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇതെത്തുടർന്ന് ഇന്ത്യന്‍ സമൂഹ മാധ്യമ ഉപയോക്താക്കൾ തുർക്കിയുടെ ഈ നടപടിക്കെതിരെ രം​ഗത്ത് വന്നു. വൻ തോതിലുള്ള തുര്‍ക്കി ബഹിഷ്ക്കരണ ആഹ്വനമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പ്രധാനമായും തുർക്കി എയര്‍ലൈനുകൾ ബഹിഷ്ക്കാരിക്കാനാണ് ഇപ്പോഴുള്ള ആഹ്വാനം.

‘ഓരോ അഭിമാനിയായ ഇന്ത്യക്കാരനുമുള്ള ആഹ്വാനം. നമ്മുടെ രാജ്യത്തിന്‍റെ അന്തസ്സും സുരക്ഷയുമാണ് ആദ്യം വേണ്ടത്. തുർക്കി പോലുള്ള രാജ്യങ്ങൾ ഇന്ത്യയുടെ പരമാധികാരത്തിന് ഭീഷണിയാകുന്ന പാകിസ്ഥാനെ പോലെയുള്ളവരെ പരസ്യമായി പിന്തുണയ്ക്കുമ്പോൾ, നമ്മൾ ഒറ്റക്കെട്ടായി നിൽക്കണം. തുർക്കി എയർലൈൻസിനോ തുർക്കിയിലേക്കുള്ള ടൂറിസത്തിനോ വേണ്ടി ചെലവഴിക്കുന്ന ഓരോ രൂപയും നമ്മുടെ ദേശീയ താൽപ്പര്യത്തിന് എതിരായി നിലകൊള്ളുന്നവരെ ശക്തിപ്പെടുത്തുന്നു,” എക്‌സില്‍ ഒരു ഇന്ത്യക്കാരനെഴുതി. ഇന്ത്യ അഭിമാനത്തോടെയും, ലക്ഷ്യബോധത്തോടെയും, ഐക്യത്തോടെയും തലയുയർത്തി നിൽക്കുന്നുവെന്ന് നമുക്ക് ലോകത്തിന് കാണിച്ച് കൊടുക്കാം. ടർക്കിഷ് എയർലൈൻസ് ബഹിഷ്കരിക്കുക. നമ്മുടെ വിമർശകർക്ക് ധനസഹായം നൽകുന്ന യാത്രകൾ വേണ്ടെന്ന് പറയുക. ജയ് ഹിന്ദ്, ജയ് ഭാരത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോസ്റ്റ് പെട്ടെന്ന് തന്നെ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടി. നിരവധി പേർ കുറിപ്പിന് പിന്തുണ അറിയിച്ചെത്തി. ‘ആഗോള വേദിയില്‍ തുര്‍ക്കിയെ ബഹിഷ്ക്കരിക്കണം നമ്മുടെ രാജ്യത്തോടുള്ള ഉത്തരവാദിത്വം നമ്മൾ നിറവേറ്റണം.’ മറ്റൊരു കാഴ്ചക്കാരനെഴുതി. ‘സൌകര്യത്തേക്കൾ ദേശീയ താത്പര്യത്തിന് മുന്‍തൂക്കം നല്‍കാന്‍’ മറ്റൊരു കാഴ്ചക്കാരന്‍ ആഹ്വാനം ചെയ്തു. ഇന്ത്യയിലെ പൌരന്മാരെന്ന നിലയില്‍ നമ്മുടെ അഭിമാനവും ഐക്യവും തമ്മൾ ലോകത്തിന് കാണിച്ച് കൊടുക്കണമെന്ന് മറ്റൊരു കുറിപ്പില്‍ ആഹ്വാനം ചെയ്തു.

ഓപ്പറേഷന്‍ സിന്ദൂരിന് പിന്നാലെ തുര്‍ക്കി പ്രസിഡന്‍റ് തയ്യിപ് എർദോഗൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ ബന്ധപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇരുവരും തമ്മിലുള്ള സംഭാഷണത്തിനിടെ പാകിസ്ഥാന്‍റെ ശാന്തവും സംയമനം പാലിക്കുന്നതുമായി നയങ്ങളെ എർദേഗന്‍ പ്രശംസിച്ചെന്നും റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷം രൂക്ഷമാക്കുന്നത് തടയാന്‍ തുര്‍ക്കി എന്ത് സഹായത്തിനും തയ്യാറാണെന്നും എർദോഗന്‍ ഷെഹ്ബാസ് ഷെരീഫിനെ അറിയിച്ചു. ഒപ്പം ഇക്കാര്യത്തിൽ പാകിസ്ഥാനുമായുള്ള തുര്‍ക്കിയുടെ നയതന്ത്ര ബന്ധം തുടരുമെന്നും എർദോഗന്‍ അറിയിച്ചിരുന്നു.

വാര്‍ത്ത വന്നതിന് പിന്നാലെ ടർക്കിഷ് എയർലൈൻസുമായുള്ള പങ്കാളിത്തവുമായി ബന്ധപ്പെട്ട് ഇൻഡിഗോയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ദേശീയ താത്പര്യത്തിന് വിരുദ്ധമായ നിലപാടെടുക്കുന്നവരുമായുള്ള കൂട്ടുകെട്ട് വിച്ഛേദിക്കാന്‍ നിരവധി പേര്‍ ഇന്‍ഡിഗോയോട് ആവശ്യപ്പെട്ടു. ഇതിനിടെ തുർക്കി നിഷ്പക്ഷ നിലപാട് സ്വീകരിച്ചതായും അന്താരാഷ്ട്ര നിയമം പാലിക്കാൻ ആഹ്വാനം ചെയ്തതായും അവകാശപ്പെട്ടുകൊണ്ടുള്ള വാര്‍ത്തകളും പുറത്ത് വന്നിരുന്നു. അതേസമയം സൈനിക സഹായവുമായി ആറ് തുര്‍ക്കി സൈനിക വിമാനങ്ങൾ അടുത്തിടെ പാകിസ്ഥാനിലെത്തിയിരുന്നുവെന്ന വാര്‍ത്തയ്ക്കും ഇതിനിടെ വലിയ പ്രചാരം ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *