Your Image Description Your Image Description

പാകിസ്താനിലെ ലാഹോറിന് പിന്നാലെ കറാച്ചിയിലും സ്ഫോടനം. ലാഹോറിലെ വാൾട്ടൺ വിമാനത്താവളത്തിന് സമീപം മൂന്ന് സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട് ചെയ്തതിന് മണിക്കൂറുകൾക്ക് ശേഷമാണ് കറാച്ചിയിൽ ഉഗ്ര സ്ഫോടനം ഉണ്ടായത്. തുടർച്ചയായി സ്ഫോടനങ്ങൾ നടന്നതിന്റെ നടുക്കത്തിലാണ് പാകിസ്താന്‍. കറാച്ചിയിലെ ഷറഫി ഗോത്ത് എന്ന മേഖലയിലാണ് സ്ഫോടനം ഉണ്ടായത്. സ്ഥലത്ത് നിന്ന് ലോഹ ശകലങ്ങൾ പോലീസ് കണ്ടെടുത്തതായി പാകിസ്ഥാനിലെ ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു. സ്ഫോടന പരമ്പരകളുടെ അടിസ്ഥാനത്തിൽ സുരക്ഷാ മുന്നറിയിപ്പ് നൽകുകയും രാജ്യത്തെ മൂന്ന് വിമാനത്താവളങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു.

കറാച്ചി, ലാഹോർ, സിയാൽകോട്ട് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങളാണ് താത്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. സ്ഫോടനങ്ങൾ ഡ്രോൺ ആക്രമണം ആയിരുന്നുവെന്ന് പാകിസ്ഥാൻ സൈന്യം അറിയിച്ചു. 12 ഇടത്ത് ഡ്രോണ്‍ ആക്രമണം നടന്നുവെന്നാണ് പാക് സൈന്യം പറയുന്നത്. ലാഹോർ ഡ്രോണ്‍ ആക്രമണത്തിൽ നാല് പാക് സൈനികർക്ക് പരിക്കേറ്റെന്നും പാകിസ്ഥാൻ സ്ഥിരീകരിച്ചു. സ്ഫോടനങ്ങൾക്ക് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ല, ഇതിനെക്കുറിച്ച് ഔദ്യോഗികമായി ഒരു വിവരവും ഇതുവരെ വന്നിട്ടില്ല.

ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് ഇന്ന് ലാഹോറിൽ സ്ഫോടനമുണ്ടായത്. ഇതിനു പിന്നാലെ കറാച്ചി, ലാഹോർ, സിയാൽകോട്ട് വിമാനത്താവളങ്ങളിൽ വിമാന സർവീസുകൾ താത്കാലികമായി അടച്ചു. ലാഹോറിൻ്റെ ആകാശത്ത് വ്യോമഗതാഗതവും റദ്ദാക്കിയിട്ടുണ്ട്. അതിനിടെ, ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാക്ക് സൈനികർക്കെതിരെ ആക്രമണവുമായി ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ). 14 പാക് സൈനികരാണ് ബിഎൽഎയുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇന്ത്യയുമായി കിഴക്കൻ അതിർത്തിയിൽ സംഘർഷം തുടരുന്നതിനിടെയാണ് ബലൂചിസ്ഥാനിലെ തന്നെ ആഭ്യന്തര സംഘർഷം ഷെഹബാസ് ഷെരീഫ് ഭരണകൂടത്തിന് തലവേദനയാകുന്നത്. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ബോളാനിലും കെച്ചിലും നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലാണ് പാക്ക് സൈനികർ കൊല്ലപ്പെട്ടിരിക്കുന്നത്. ബലൂച് ലിബറേഷൻ ആർമിയുടെ സ്പെഷ്യൽ ടാക്റ്റിക്കൽ ഓപ്പറേഷൻസ് സ്ക്വാഡ് (എസ്ടിഒഎസ്) ആണ് ബോലാനിൽ വച്ച് നിയന്ത്രിത ഐഇഡി സ്ഫോടനത്തിലൂടെ പാക്ക് സൈനികരെ വധിച്ചത്. സ്ഫോടനത്തിൽ സൈനിക വാഹനം പൂർണമായും തകർന്നു.

പാകിസ്ഥാൻ തയ്യാറെടുക്കുന്നു

തങ്ങളുടെ രാജ്യത്ത് കടന്നുകയറി ഇന്ത്യ ആക്രമണം നടത്തിയതിന് പ്രതികാരം ചെയ്യാൻ പാകിസ്ഥാൻ തയ്യാറെടുക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇന്ത്യക്കെതിരെ ആക്രമണത്തിനുള്ള മുന്നൊരുക്കങ്ങളിലാണ് പാകിസ്ഥാൻ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ ഭാ​ഗമായി പാകിസ്ഥാൻ വ്യോമാതിർത്തി പൂർണമായും അടച്ചു.‌ ഇന്ത്യക്ക് തിരിച്ചടി നൽകുമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും പ്രഖ്യാപിച്ചിട്ടുണ്ട്.

പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെ ഇന്ത്യൻ വിമാനങ്ങൾക്ക് മാത്രമെ പാകിസ്ഥാന്റെ വ്യോമമേഖലയിൽ പ്രവേശിക്കുന്നിതിന് വിലക്കേർപ്പെടുത്തിയിരുന്നുള്ളു. എന്നാൽ ഓപ്പറേഷൻ സിന്ദൂറിന്റെ ഭാ​ഗമായി പാകിസ്ഥാനിലെ ഭീകരപരിശീലന കേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ നടപടിക്കു പിന്നാലെ വ്യോമാതിർത്തി പൂർണമായും അടച്ചിടുകയാണ് പാകിസ്ഥാൻ. സ്വന്തം സിവിലിയൻ വിമാനങ്ങൾക്ക് ഉൾപ്പെടെ മേഖലയിൽ വിലക്കേർപ്പെടുത്തി. ചില അവശ്യസർവീസ് വിമാനങ്ങൾക്കു മാത്രമേ ഈ മേഖലയിലൂടെ പറക്കാൻ അനുമതി നൽകൂ എന്നാണ് റിപ്പോർട്ട്.

അടുത്ത 48 മണിക്കൂർ നേരത്തേക്കാണ് പാകിസ്ഥാൻ വ്യോമമേഖല പൂർണമായും അടച്ചിരിക്കുന്നത്. ഇന്ത്യൻ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ ഒരു മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ നീക്കമെന്ന് പാകിസ്ഥാൻ പറഞ്ഞിട്ടുണ്ടെങ്കിലും ഇന്ത്യക്കെതിരെ പ്രത്യാക്രമണം നടത്താൻ നീക്കമുണ്ടെന്നാണ് സൂചന. കഴിഞ്ഞ ദിവസം പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ദേശീയ സുരക്ഷാ കൗൺസിൽ യോഗം ചേർന്നിരുന്നു. എന്നാൽ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാൻ പാകിസ്ഥാൻ മുതിർന്നാൽ തിരിച്ചടിക്കുമെന്നു തന്നെയാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. സൈനിക ക്യാംപുകളോ സാധാരണക്കാരെയോ ലക്ഷ്യം വച്ചിട്ടില്ലെന്നും, ഭീകരപരിശീലന കേന്ദ്രങ്ങൾ മാത്രമാണ് പ്രിസിഷൻ അറ്റാക്കിലൂടെ തകർത്തതെന്നുമാണ് ഇന്ത്യ വ്യക്തമാക്കുന്നത്.

അതിനിടെ, ഓപ്പറേഷൻ സിന്ദൂറിന് പകരം ചോദിക്കാൻ പാകിസ്ഥാന്റെ യുദ്ധവിമാനങ്ങൾ ഇന്ത്യൻ അതിർത്തിയിലെത്തിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ, സർവസജ്ജരായ ഇന്ത്യൻ സൈന്യത്തിന്റെ തയ്യാറെടുപ്പുകൾ മനസ്സിലാക്കിയ പാക് സൈനികർ വന്നപോലെ മടങ്ങിപ്പോയി എന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഓപ്പറേഷൻ സിന്ദൂറിന് ഇന്ത്യക്ക് തിരിച്ചടി നൽകുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പ്രഖ്യാപിച്ചിരുന്നു. ഇക്കഴിഞ്ഞ രാത്രിയിൽ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് ഷഹബാസ് ഷെരീഫ് ഇന്ത്യയെ ആക്രമിക്കാനും മടിക്കില്ലെന്ന് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ ഇന്ത്യൻ അതിർത്തി ലക്ഷ്യമാക്കി എത്തിയത്.

പഞ്ചാബ് അതിർത്തിയോട് ചേർന്ന സ്ഥലത്താണ് പാകിസ്ഥാന്റെ യുദ്ധ വിമാനങ്ങൾ എത്തിയത്. എന്നാൽ റഡാർ സംവിധാനങ്ങൾ വഴി പാക് വിമാനങ്ങളുടെ സഞ്ചാരപഥം ഇന്ത്യൻ സൈന്യം മനസ്സിലാക്കുകയായിരുന്നു. പാക് യുദ്ധവിമാനങ്ങൾ ഇന്ത്യൻ അതിർത്തി ലക്ഷ്യമാക്കിയാണ് സഞ്ചരിക്കുന്നത് എന്ന് മനസിലാക്കിയ ഇന്ത്യൻ യുദ്ധവിമാനങ്ങൾ മേഖലയിലേക്ക് ഉടൻ കുതിച്ചെത്തി. ഇതോടെ പാക് വിമാനങ്ങൾ അതിർത്തി കടക്കാതെ മടങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

പഹൽ​ഗാം ഭീകരാക്രമണത്തിന്റെ മറുപടി ഒറ്റ രാത്രിയിലെ ഓപ്പറേഷൻ സിന്ദൂർ കൊണ്ട് അവസാനിക്കില്ലെന്ന് സൂചന. ഓപ്പറേഷൻ സിന്ദൂരിന് രണ്ടാം ഘട്ടമുണ്ടാകും എന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. പാകിസ്ഥാനിൽ 21 ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇതിൽ ഒമ്പത് കേന്ദ്രങ്ങൾ മാത്രമാണ് ഇന്നലെ പുലർച്ചെ ഇന്ത്യയുടെ സംയുക്ത സൈന്യം തകർത്തത്. അവശേഷിക്കുന്ന ഭീകര ക്യാമ്പുകളിലും ഇന്ത്യ ആക്രമണം നടത്തുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ഇന്നലെ പുലർച്ചെ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനിൽ 31 പേർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു. 41 പേർക്ക് പരിക്കേറ്റു. ഇനിയും പാക് പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യയുടെ തീരുമാനം. സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ മടിക്കില്ലെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *