Your Image Description Your Image Description

പഹല്‍ഗാമില്‍ നിരപരാധികളായ 26 പേരെ വെടിവച്ച് കൊലപ്പെടുത്തിയ തീവ്രവാദി ആക്രമണത്തിന് പിന്നാലെ ഇന്ത്യ എങ്ങനെ തിരിച്ചടിക്കുമെന്ന ആശങ്കയിലായിരുന്നു കഴിഞ്ഞ 14 ദിവസമായി പാകിസ്ഥാന്‍. ഒടുവില്‍ 15 -ാം നാൾ ഇന്ത്യ തിരിച്ചടിച്ചിരിക്കുന്നു. 9 പാക് തീവ്രവാദി ക്യാമ്പുകൾ തെരഞ്ഞെടുത്ത ഇന്ത്യന്‍ സൈന്യം അപ്രതീക്ഷിതമായ സമയത്ത് ആക്രമണം നടത്തി. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട ഇന്ത്യയുടെ അക്രമണത്തിന് പിന്നാലെ പാകിസ്ഥാനികൾ ഗൂഗിളില്‍ തെരഞ്ഞെ പ്രധാനപ്പെട്ട വാക്കുകൾ ഗൂഗിൾ പുറത്തുവിട്ടിരിക്കുകയാണ്.

എന്താണ് ‘സിന്ദൂർ’? എന്നായിരുന്നു പാകിസ്ഥാനില്‍ നിന്നും ഏറ്റവും കൂടുതല്‍ ആളുകൾ ഗൂഗിളില്‍ തെരഞ്ഞത്. ഏപ്രില്‍ 22 ന് നടന്ന പഹല്‍ഗാം ആക്രമണത്തിന്‍റെ ശക്തമായ ഓർമ്മപ്പെടുത്തലായി ഓപ്പറേഷന്‍ സിന്ദൂർ. അതിര്‍ത്തി കടന്നെത്തിയ തീവ്രവാദികൾ, വിനോദ സഞ്ചാര കേന്ദ്രത്തിലെത്തി ഭാര്യമാരുടെ മുന്നില്‍ വച്ച് മതം ചോദിച്ച് ഭര്‍ത്താക്കന്മാരെ കൊലപ്പെടുത്തിയതിനുള്ള തിരിച്ചടിക്ക് ഇന്ത്യന്‍ സൈന്യം തെരഞ്ഞെടുത്ത പേരാണ് സിന്ദൂര്‍. അടുത്തിടെ വിവാഹം കഴിഞ്ഞ നവദമ്പതികളെ വരെ തോക്കിന്‍ മുന്നില്‍ നിര്‍ത്തി വെടിവച്ച് കൊലപ്പെടുത്തിയ തീവ്രവാദികൾക്കുള്ള മറുപടിക്ക് ‘സിന്ദൂര്‍’ എന്ന വാക്കിനോളം ശക്തമായ മറ്റൊരു വാക്കില്ല. വിവാഹിതരായ ഹിന്ദു സ്ത്രീകൾ ഭര്‍ത്താക്കന്മാരുടെ ഐശ്വര്യത്തിനായി നെറ്റിയില്‍ ചാര്‍ത്തുന്ന തിലകമാണ് സിന്ദൂർ. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ ഓപ്പറേഷന്, ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേര് നല്‍കിയതെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

‘എന്താണ് ഓപ്പറേഷന്‍ സിന്ദൂർ’, ‘സിന്ദൂറിന്‍റെ ഇംഗ്ലീഷ് വാക്ക്’, ‘ഓപ്പറേഷന്‍ സിന്ദൂര്‍ വിക്കി’ തുടങ്ങിയവയായിരുന്നു പാകിസ്ഥാനികൾ തെരഞ്ഞെ മറ്റ് വാക്കുകൾ. അതേസമയം ഇസ്ലാമാബാദ്, പഞ്ചാബ്, സിന്ധ് തുടങ്ങിയ പാകിസ്ഥാന്‍ പ്രദേശങ്ങളില്‍ നിന്നും ‘ഇന്ത്യ മിസൈൽ ലോഞ്ച്’, ‘ഇന്ത്യയുടെ മിസൈല്‍ ആക്രമണം’, ‘ഇന്ത്യ പാകിസ്ഥാനിലേക്ക് മിസൈല്‍ വർഷിച്ചു’, തുടങ്ങിയ അന്വേഷണങ്ങളും നിരവധിയായിരുന്നു. ഇന്ത്യന്‍ അതിർത്തിക്ക് അടുത്ത് കിടക്കുന്ന പ്രദേശങ്ങളാണ് ഇവ.

അതേസമയം നിരവധി പാക് പ്രദേശങ്ങളില്‍ നിന്നും ‘വൈറ്റ് ഫ്ലാഗ്’ എന്ന കീവേഡ് നിരവധി പേര്‌ തെരഞ്ഞു. യുദ്ധം നടക്കുന്ന അതിർത്തി പ്രദേശങ്ങളില്‍ സൈനികർ തോക്കില്‍ വെളുത്ത കൊടിയോ തുണിയോ കെട്ടി ഉയര്‍ത്തി കാണിക്കുന്നു. ഇതിന് അര്‍ത്ഥം അവര്‍ കീഴടങ്ങിയെന്നാണ്. ഇതോടെ ഇരുപക്ഷവും വെടിനിര്‍ത്തി യുദ്ധം അവസാനിപ്പിക്കും. പിന്നാലെ യുദ്ധം സംബന്ധിച്ചുള്ള ചര്‍ച്ചകളിലേക്ക് ഇരുസൈന്യവും കടക്കും. പാക് സൈന്യം കീഴടങ്ങിയോ എന്ന ആശങ്കയില്‍ നിന്നാകാം ഈ വാക്ക് കൂടുതലായും തെരയപ്പെട്ടത്. ‘ഇന്ത്യ യുദ്ധം പ്രഖ്യാപിച്ചു’ എന്നത് പാകിസ്ഥാനില്‍ നിന്നും തെരയപ്പെട്ട പ്രധാനപ്പെട്ട കീവേഡുകളിലൊന്നാണ്. ‘ഇന്ത്യ – പാകിസ്ഥാന്‍ യുദ്ധം ഇന്ന്’, ‘യുദ്ധ അപ്ഡേറ്റ്’, തുടങ്ങിയ വാക്കുകളും നിരവധി പാകിസ്ഥാനികൾ ഗൂഗിളില്‍ തെരഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ ഒരു പൂര്‍ണ്ണ യുദ്ധം നടത്തുമോയെന്ന ആശങ്കയില്‍ നിന്നാകാം സാധാരണകാരായ പാകിസ്ഥാനികൾ ഇത്തരം വാക്കുകൾ തെരഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *