Your Image Description Your Image Description

ടെൽ അവീവ്: ​ഗാസ പൂർണമായും പിടിച്ചെടുക്കാൻ ഇസ്രയേൽ. ഇതു സംബന്ധിച്ച നിർദ്ദേശത്തിന് ഇസ്രയേൽ മന്ത്രിസഭ അം​ഗീകാരം നൽകിയെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. തെക്കൻ ​ഗാസയിലെ ജനങ്ങളെ പൂർണമായും ഒഴിപ്പിക്കാനും ​ഗാസയുടെ പൂർണനിയന്ത്രണം ഏറ്റെടുക്കാനുമാണ് ഇസ്രയേൽ ലക്ഷ്യമിടുന്നത്. അവധിക്ക് പോയ സൈനികരെ ഇസ്രയേൽ തിരിച്ചുവിളിച്ചിരിക്കുകയാണ്. കൂടുതൽ സൈന്യത്തെ ​ഗാസയിൽ വിന്യസിക്കുന്നതിന്റെ ഭാ​ഗമായാണ് ഈ നടപടിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

നിലവിൽ ഗാസയുടെ പകുതിയോളം പ്രദേശം ഇസ്രയേലിൻറെ കൈവശമാണ്. ഇസ്രയേലുമായുള്ള അതിർത്തി പ്രദേശവും കിഴക്കു–പടിഞ്ഞാറൻ ഇടനാഴിയുമുൾപ്പടെ ഇസ്രയേൽ സൈന്യത്തിന്റെ പൂർണ നിയന്ത്രണത്തിലാണ്. ശേഷിക്കുന്ന ബന്ദികളെ ഉടൻ വിട്ടയ്ക്കുന്നതിനായി ഹമാസിന് മേൽ സമ്മർദം ചെലുത്തുന്നതിനായാണ് ​ഗാസ പൂർണമായും പിടിച്ചെടുക്കാൻ ഇസ്രയേൽ മന്ത്രിസഭ അനുമതി നൽകിയിരിക്കുന്നത്. ഇസ്രയേലിൻറെ താൽപര്യങ്ങൾ മാനിക്കുന്ന വെടിനിർത്തൽ കരാറിലേക്ക് എത്തിച്ചേരുന്നതിനും ഈ തീരുമാനം സഹായകരമാകുമെന്നും ഇസ്രയേൽ ഭരണകൂടം കരുതുന്നു.

അധികസ്ഥലങ്ങളിലേക്ക് സേനാവിന്യാസം നടത്തേണ്ട ആവശ്യമുള്ളതിനാൽ എത്രയും വേഗം റിപ്പോർട്ട് ചെയ്യാൻ റിസർവ് സൈനികർക്ക് ഇസ്രയേൽ സൈനിക മേധാവി കഴിഞ്ഞ ദിവസം നിർദേശം നൽകിയതും റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾക്ക് ആക്കം കൂട്ടുന്നു. ആഴ്ചകളായി മേഖലയിൽ കടുത്ത പ്രതിരോധമാണ് ഇസ്രയേൽ ഉയർത്തുന്നത്. ജീവൻരക്ഷാ മരുന്നുകളടക്കം ഗാസയിലേക്ക് കടക്കുന്നത് തടഞ്ഞിരുന്നു. 2.3 ദശലക്ഷം ജനങ്ങളാണ് ഇസ്രയേൽ നടപടിയിൽ വലഞ്ഞത്. ഭക്ഷണവും വെള്ളവും വൈദ്യുതിയുമില്ലാതെയുള്ള ദുരിത ജീവിതമാണെന്നും ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്നും മനുഷ്യാവകാശ സംഘടനകൾ ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹമാസ് ബന്ദികളെ വിട്ടയയ്ക്കാൻ ഇത്തരത്തിൽ സമ്മർദം ചെലുത്തുകയല്ലാതെ മാർഗമില്ലെന്നായിരുന്നു അന്ന് മറുപടി. വെടിനിർത്തൽ കരാറിൻറെ ഒന്നാം ഘട്ടം പൂർത്തിയായതിന് പിന്നാലെ ഇസ്രയേൽ ഗാസയിൽ വ്യോമാക്രമണം തുടങ്ങിയിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം 2600ലേറെപ്പേർ ഇതുവരെ കൊല്ലപ്പെട്ടെന്നാണ് കണക്ക്.

ഘട്ടം ഘട്ടമായുള്ള വെടിനിർത്തലിലൂടെ യുദ്ധം അവസാനിപ്പിക്കാനും മേഖലയിൽ സമാധാനം വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവെങ്കിലും ആദ്യഘട്ടത്തിന് പിന്നാലെ ഇസ്രയേൽ വെടിനിർത്തൽ കരാറിൽ നിന്ന് പിൻവലിയുകയായിരുന്നു. ശേഷിക്കുന്ന ബന്ദികളെ ഉടനടി മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ഹമാസ് തയ്യാറായില്ല. ഇതോടെ ഹമാസിനെ ഉൻമൂലനം ചെയ്തശേഷമേ യുദ്ധം അവസാനിപ്പിക്കൂ എന്ന നിലപാടാണ് ഇസ്രയേൽ സ്വീകരിച്ചത്.

തെക്കൻ ഇസ്രയേലിൽ 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ 1200 പേർ കൊല്ലപ്പെടുകയും 250 ഇസ്രയേലികളെ ബന്ദികളായി പിടിച്ചുകൊണ്ടുപോവുകയുമായിരുന്നു. പൗരൻമാരായ 59 ബന്ദികൾ ഇപ്പോഴും ഗാസയിലുണ്ടെന്ന് ഇസ്രയേൽ അവകാശപ്പെടുന്നു. എന്നാൽ ഇവരിലെ‍ 35 പേരെങ്കിലും മരിച്ചുപോയതായാണ് അനൗദ്യോഗിക റിപ്പോർട്ട്. മിന്നലാക്രമണത്തിനുള്ള ഇസ്രയേൽ തിരിച്ചടിയിൽ 52,000ത്തിലേറെ ജനങ്ങൾക്കാണ് ജീവൻ നഷ്ടമായത്. യുദ്ധത്തിന് പിന്നാലെ ഗാസയിലെ ജനങ്ങളിൽ 90 ശതമാനത്തിനും പാർപ്പിടവും സ്വത്തുവകകളും നഷ്ടമായെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *